Connect with us

Ongoing News

ദുല്‍ഹിജ്ജയിലെ ആദ്യ വെള്ളിയില്‍ ഇരുഹറമുകളും നിറഞ്ഞു

ആത്മീയ ചൈതന്യത്തില്‍ വിശ്വാസി ലക്ഷങ്ങള്‍

Published

|

Last Updated

മക്ക | ദുല്‍ഹിജ്ജയിലെ ആദ്യ വെള്ളിയില്‍ അഷ്ടദിക്കുകളില്‍ നിന്നും ഒഴുകിയെത്തിയ ഹാജിമാരാല്‍ മക്കയിലെ മസ്ജിദുല്‍ ഹറാമും പ്രവാചക നഗരിയായ മദീനയിലെ മസ്ജിദുന്നബവിയും നിറഞ്ഞു. വിദേശ രാജ്യങ്ങളിലെ തീര്‍ഥാടകരുടെ വരവോടെ ഇത്തവണ അതിരാവിലെ മുതല്‍ തന്നെ ഇരു ഹറമുകളിലേക്കും വിശ്വാസികളുടെ ഒഴുക്ക് തുടങ്ങിയിരുന്നു.

ഇരു പള്ളികളുടെയും അകത്തളങ്ങള്‍ക്ക് പുറമെ ഹറമുകളുടെ മുറ്റങ്ങളും ഇടനാഴികളും വിശ്വാസികളെ കൊണ്ട് തിങ്ങിനിറഞ്ഞിരുന്നു. ഈ വര്‍ഷം മക്കയിലായിരുന്നു കനത്ത തിരക്ക് അനുഭവപ്പെട്ടത്. പ്രവാചക നഗരിയിലെ മസ്ജിദുന്നബവിയിയില്‍ നടന്ന ജുമുഅ ഖുത്ബക്കും നിസ്‌കാരത്തിനും ശൈഖ് ഡോ. അബ്ദുല്ല ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍-ബുഐജാന്‍ നേതൃത്വം നല്‍കി. തീര്‍ഥാടകര്‍ നിര്‍വഹിക്കേണ്ടതും പാലിക്കേണ്ടതുമായ കടമകളെക്കുറിച്ചും ഹജ്ജിനെ അസാധുവാക്കുന്ന വിലക്കുകളെക്കുറിച്ചും ഹജ്ജ് ദിവസങ്ങളില്‍ ഇബാദത്തില്‍ മുഴുകുവാനും സമയം പാഴാക്കുന്ന കാര്യങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാനും അത്യ പ്രവാചകര്‍ മുഹമ്മദ് നബി (സ) യുടെ മാതൃക പിന്‍പറ്റി ഹജ്ജിലെ സുന്നത്ത് കര്‍മ്മങ്ങള്‍ മുറുകെപിടിക്കാനും ഇമാം ഖുതുബയില്‍ ഉണര്‍ത്തി. ഹജ്ജ് കര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കുമ്പോള്‍ അവരുടെ സുരക്ഷ ഉറപ്പാക്കാന്‍ ഉത്തരവാദിത്തപ്പെട്ട അധികാരികള്‍ പുറപ്പെടുവിച്ച നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും ഓര്‍മപ്പെടുത്തി.

മക്കയിലെ മസ്ജിദുല്‍ ഹറമില്‍ ശൈഖ് ഡോ.മാഹിര്‍ ബിന്‍ ഹമദ് അല്‍-മുഐഖ്ലി ജുമുഅ ഖുത്ബക്കും നിസ്‌കാരത്തിനും നേതൃത്വം നല്‍കി. പുണ്യ ഭൂമിയിലേക്ക് അല്ലാഹുവിന്റെ അതിഥികളായെത്തിയ ഹാജിമാരോട് സ്വീകാര്യമായ ഹജ്ജിനുള്ള പ്രതിഫലം സ്വര്‍ഗത്തില്‍ കുറഞ്ഞതല്ലെന്നും ഏകദൈവ വിശ്വാസം ഉയര്‍ത്തിപ്പിടിച്ച് പ്രവാചകന്‍ (സ) യുടെ സുന്നത്ത് പിന്തുടരുന്നതിലൂടെയാണ് ഹജ്ജിന്റെ സ്വീകാര്യതയും നീതിയും കൈവരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇസ്ലാം മുസ്ലീങ്ങളുടെ ഐക്യത്തിന് ആഹ്വാനം ചെയ്യുന്നുവെന്നും അവര്‍ക്കിടയിലുള്ള വേര്‍തിരിവ് തൊലിയുടെ നിറത്തിന്റെയോ ഭാഷയുടെയോ വ്യത്യസ്തതകള്‍കൊണ്ടല്ലെന്നും മറിച്ച് ഭക്തിയുടെ അടിസ്ഥാനത്തിലാണെന്നും ഇമാം ഖുത്ബയില്‍ ഉണര്‍ത്തി. മുസ്ലിംകളെ പരസ്പരം ഭിന്നിപ്പിക്കുകയും അവരുടെ ഐക്യത്തെ തകര്‍ക്കുകയും ചെയ്യുന്ന ഏതൊരു കാര്യങ്ങള്‍ക്കെതിരെയും ജാഗ്രത പാലിക്കണമെന്നും ആവശ്യപ്പെട്ടു.

തീര്‍ഥാടകരുടെ തിരക്ക് നിയന്ത്രിക്കുന്നതിനാവശ്യമായ എല്ലാ സേവനങ്ങളും ഇരുഹറം കാര്യ മന്ത്രാലയം, ഹജ്ജ് ഉംറ മന്ത്രാലയം, ഹജ്ജ് സുരക്ഷാ സേന തുടങ്ങിയ രാജ്യത്തെ വിവിധ വകുപ്പുകളുമായി ചേര്‍ന്ന് മുന്നൊരുക്കങ്ങള്‍ നടത്തിയിരുന്നു. തീര്‍ഥാടകരുടെ സുഗമമായ സഞ്ചാരം ഉറപ്പാക്കുന്നതിനായി ഇത്തവണ സുരക്ഷാ സേനയെയും വിന്യസിച്ചിരുന്നു.

 

സിറാജ് പ്രതിനിധി, ദമാം

Latest