Connect with us

From the print

സിറാജ്  'എജ്യൂവേ' ഇന്ന് മലപ്പുറത്ത്; വിദ്യാഭ്യാസ മന്ത്രി എൻ ശംസുദ്ദീൻ ഉദ്ഘാടനം ചെയ്യും

കരിയർ സമ്മിറ്റ് ഉദ്ഘാടനം അബ്ദുസമദ് സമദാനി എം പി നിർവഹിക്കും

Published

|

Last Updated

മലപ്പുറം | വിദ്യാർഥികളുടെ ഉപരിപഠന, കരിയർ സ്വപ്‌നങ്ങൾക്ക് വഴിയൊരുക്കാൻ സിറാജ് ഒരുക്കുന്ന ‘എജ്യൂ വേ’ ഫ്യൂച്ചർ സ്‌കിൽ കരിയർ സമ്മിറ്റ് ഇന്ന് മലപ്പുറം റോസ് ലോഞ്ചിൽ നടക്കും. പ്രവേശനം സൗജന്യമാണ്.

രാവിലെ 9.30ന് പൊതുവിദ്യാഭ്യാസ മന്ത്രി എൻ ശംസുദ്ദീൻ ഉദ്ഘാടനം ചെയ്യും. കരിയർ സമ്മിറ്റ് ഉദ്ഘാടനം ഡോ. എം പി അബ്ദുസമദ് സമദാനി എം പി നിർവഹിക്കും. എഴുത്തുകാരനും പ്രമുഖ മോട്ടിവേഷനൽ സ്പീക്കറുമായ ജോസഫ് അന്നംകുട്ടി ജോസ് മുഖ്യാതിഥിയാകും. എം എൽ എമാരായ, നജീബ് കാന്തപുരം, ആര്യാടൻ ഷൗക്കത്ത്, വി എസ് ജോയ്, ടി പി അഷ്‌റഫലി, പി കെ നവാസ്, ജില്ലാകലക്ടർ ഇൻ ചാർജ് സി എസ് രാജേഷ്, ഡെപ്യൂട്ടി കലക്ടറും ജില്ലാ വികസന കമ്മീഷണറുമായ ദിലീപ് കെ കൈനിക്കര ഐ എ എസ്, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി കെ അസ്‌ലു, എൻ അലി അബ്ദുല്ല, ഡോ. നൂറുദ്ദീൻ റാസി സംബന്ധിക്കും.

മികച്ച കരിയർ തേടുന്ന വിദ്യാർഥികൾക്ക് കൃത്യമായ മാർഗനിർദേശങ്ങൾ നൽകുന്നതിന് വിദ്യാഭ്യാസ, കരിയർ മേഖലയിലെ പ്രമുഖരായ വിസ്ഡം എജ്യുക്കേഷൻ ഫൗണ്ടേഷൻ ഒാഫ് ഇന്ത്യ(വെഫി)യുടെ 25ഓളം കൗൺസിലർമാരുടെ സേവനം സൗജന്യമായി ലഭ്യമാകും. ഉപരിപഠനം, കരിയർ സംബന്ധമായി ബന്ധപ്പെട്ട സെമിനാറുകൾ, കരിയർ സ്റ്റാളുകൾ, ആപ്റ്റിറ്റ്യൂഡ് ടെസ്്റ്റ്, വിദ്യാഭ്യാസ പരിശീലകരുടെ സ്റ്റാളുകൾ എന്നിവ ഒരുക്കിയിട്ടുണ്ട്. ദേശീയ, അന്തർദേശീയ സർവകലാശാലകളിൽ എങ്ങിനെ പഠിക്കാം, സ്‌കോളർഷിപ്പുകൾ, മികച്ച ശന്പളത്തോടെയുള്ള തൊഴിൽ മേഖലകൾ എന്നിവ പരിചയപ്പെടാനും അവസരമുണ്ടാകും. രാവിലെ 9.30ന് കരിയർ ക്ലിനിക്ക് ആരംഭിക്കും. കരിയർ ഇൻ കൊമേഴ്‌സ്, സ്‌കോളർഷിപ്പ് ആൻഡ് ഫെലോഷിപ്പ്, കരിയർ പാത്ത് ബിയോണ്ട് എൻജിനിയറിംഗ് ആന്റ് മെഡിക്കൽ സയൻസ് സ്റ്റുഡന്റ്‌സ്, ഹ്യൂമാനിറ്റേറിയൻ കരിയർ എന്നീ വിഷയങ്ങളിൽ വിദഗ്ധർ സംസാരിക്കും.

എസ് എസ് എൽ സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർഥികളെയും നൂറ് ശതമാനം വിജയം നേടിയ സ്‌കൂളുകളെയും ചടങ്ങിൽ അനുമോദിക്കും. വിദ്യാർഥികൾക്ക് സ്‌പോട്ട് രജിസ്‌ട്രേഷൻ നടത്തി പരിപാടിയിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക്: 9074057714, 0483 2734241.

Latest