Kerala
പുത്തന്‍ സംരംഭങ്ങളുമായി വിഴിഞ്ഞം തുറമുഖം; 800 കോടിയുടെ വികസനത്തിന് മൂന്ന് ധാരണാപത്രങ്ങള്‍ ഒപ്പിട്ട് വിസില്‍
ഇന്ധന ബങ്കറിംഗ് യൂനിറ്റ്, മള്‍ട്ടി മോഡല്‍ ലോജിസ്റ്റിക് പാര്‍ക്ക്, വെയര്‍ഹൗസ് കോംപ്ലക്‌സ്.
തിരുവനന്തപുരം | പ്രകൃതിപരമായ സാധ്യതകളും ആര്‍ജിത ശേഷിയും ഉപയോഗിച്ച് ആഗോള കപ്പല്‍ ചരക്ക് നീക്കത്തിന്റെ കേന്ദ്രമാകാന്‍ കുതിക്കുന്ന വിഴിഞ്ഞം തുറമുഖത്ത് പുത്തന്‍ സംരംഭങ്ങള്‍ വരുന്നു. ആദ്യ ഘട്ടത്തില്‍ 800 കോടി രൂപയുടെ അനുബന്ധ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീ പോര്‍ട്ട് ലിമിറ്റഡ് (വിസില്‍) മൂന്ന് ധാരണാപത്രങ്ങളില്‍ ഒപ്പിട്ടു. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ ലിമിറ്റഡുമായി ചരക്ക് കപ്പലുകള്‍ക്ക് ഇന്ധനം നിറച്ചു നല്‍കുന്നതിനുള്ള ബങ്കറിംഗ് യൂനിറ്റ് സ്ഥാപിക്കുന്നതിനുള്ള ധാരണാപത്രമാണ് ഇതില്‍ പ്രധാനം. ബങ്കറിംഗ് യൂനിറ്റ് സ്ഥാപിക്കുന്നതിന് ആവശ്യമായ 20 ഏക്കര്‍ സ്ഥലം വിസില്‍, ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന് നല്‍കും. ലോകത്തിന്റെ ചരക്ക് ഗതാഗതത്തിന്റെ മൂന്നിലൊന്നും കടന്നുപോകുന്ന അന്താരാഷ്ട്ര കപ്പല്‍ പാതക്ക് 18 കിലോമീറ്റര്‍ അടുത്താണ് വിഴിഞ്ഞം സ്ഥിതി ചെയ്യുന്നുവെന്നത് തുറമുഖത്തിന് ഏറെ അനുകൂല ഘടകമാകും. പദ്ധതി യാഥാര്‍ഥ്യമാകുന്നതിലൂടെ സംസ്ഥാന സര്‍ക്കാരിന് ജി എസ് ടി ഇനത്തില്‍ മാത്രം കോടികള്‍ വരുമാനമായി ഖജനാവിലെത്തും. പുറമെ, അനന്തമായ തൊഴില്‍ സാധ്യതകള്‍ക്കും ഇതു വഴി തുറക്കും.
നിലവില്‍ ദുബൈയിലെ ഫുജൈറ തുറമുഖവും സിങ്കപ്പൂര്‍ തുറമുഖവുമാണ് ഈ കപ്പല്‍ റൂട്ടിലെ പ്രധാന ബങ്കറിംഗ് ഹബ്ബുകള്‍. സിങ്കപ്പൂരില്‍ പ്രതിദിനം 50 ദശലക്ഷം മെട്രിക് ടണ്‍ ഇന്ധനമാണ് ചരക്ക് കപ്പലുകള്‍ നിറക്കുന്നത്. കേന്ദ്ര പൊതു മേഖലാ സ്ഥാപനമായ കണ്ടെയ്‌നര്‍ കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുമായി മള്‍ട്ടി മോഡല്‍ ലോജിസ്റ്റിക് പാര്‍ക്ക് സ്ഥാപിക്കുന്നതിനും വിസില്‍ ഇതിനകം ധാരണാപത്രം ഒപ്പിട്ടു. ചരക്കു നീക്കവുമായി ബന്ധപ്പെട്ട വിവിധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള വിശാലമായ പാര്‍ക്കാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. തുറമുഖത്തെത്തുന്ന ചരക്കുകള്‍ തരം തിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍, കണ്ടെയ്‌നറുകള്‍ തുറന്ന് റോഡ്, റെയില്‍ മാര്‍ഗം അയക്കുന്നതിനുള്ള സംവിധാനങ്ങള്‍ എന്നിവ പാര്‍ക്കില്‍ ഒരുങ്ങും. ഇതിനായി 100 ഏക്കര്‍ സ്ഥലം വിസില്‍ ഏറ്റെടുത്തു നല്‍കും. ഇതിനുള്ള പ്രാഥമിക നടപടിക്രമങ്ങളിലേക്ക് കടന്നു കഴിഞ്ഞു. വന്‍തോതില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്ന പദ്ധതി കൂടിയാണിത്.
മറ്റൊരു കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ കണ്ടെയ്‌നര്‍ കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുമായി വെയര്‍ ഹൗസ് കോംപ്ലക്‌സ് സ്ഥാപിക്കുന്നതിനുള്ള ഒരു ധാരണാപത്രത്തിലാണ് മൂന്നാമത് ഒപ്പിട്ടത്. നേമത്തിനും പാറശ്ശാലക്കുമിടയില്‍ റെയില്‍വേ ട്രാക്കിനോട് ചേര്‍ന്ന് വെയര്‍ ഹൗസ് സ്ഥാപിക്കുന്നതിനുള്ള പദ്ധതിയാണ് ഇതിലൂടെ യാഥാര്‍ഥ്യമാകാന്‍ പോകുന്നത്. ഇതിന് ആവശ്യമായ 200 ഏക്കര്‍ സ്ഥലവും വിസിലിന്റെ പരിഗണനയിലുണ്ട്. ഭാവിയില്‍ റെയില്‍ വഴിയുള്ള കണ്ടൈയ്‌നര്‍ നീക്കം ബഹുഭൂരിപക്ഷവും ബാലരാമപുരം, പാറശ്ശാല, നാഗര്‍കോവില്‍ റൂട്ടിലൂടെ ആയിരിക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് വെയര്‍ഹൗസിംഗ് ഈ മേഖല പരിഗണിക്കുന്നത്. കണ്ടെയ്‌നര്‍ ട്രാന്‍സ്ഷിപ്പ്‌മെന്റ് തുറമുഖവുമായി ബന്ധപ്പെട്ട് അതീവ പ്രാധാന്യമുള്ളതാണ് വെയര്‍ഹൗസിംഗ് കോംപ്ലക്‌സുകള്‍. ഈ പദ്ധതികള്‍ക്ക് സ്ഥലമേറ്റെടുക്കലുള്‍പ്പെടെ 800 കോടി രൂപയുടെ അനുബന്ധ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പൊതുസ്വകാര്യ മേഖലയുടെ സഹകരണത്തോടെ വന്‍ തോതില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന വിവിധ പദ്ധതികളാണ് വിസില്‍ ആസൂത്രണം ചെയ്യുന്നത്.
ലോകത്തിലെ 100 ലധികം പ്രമുഖ കണ്ടെയ്‌നര്‍ തുറമുഖങ്ങളിലേക്ക് വിഴിഞ്ഞത്ത് നിന്ന് നേരിട്ട് വേഗത്തിലെത്താമെന്നത് വലിയ പ്രത്യേകതയാണ്. മറ്റു പ്രമുഖ തുറമുഖങ്ങള്‍ക്കൊന്നുമില്ലാത്ത ഈ സവിശേഷത ഭാവിയില്‍ ലോക ചരക്ക് നീക്കത്തിന്റെ ആഗോള കവാടമാക്കി വിഴിഞ്ഞത്തെ മാറ്റുമെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. നിലവില്‍ ആഗോള ചരക്ക് ഉത്പാദനത്തിന്റെ 40 ശതമാനവും നടത്തുന്ന ചൈനയാണ് വിഴിഞ്ഞം തുറമുഖത്തെ ഏറ്റവുമധികം പ്രയോജനപ്പെടുത്തുന്നത്. ചൈനയില്‍ നിന്നുള്ള കണ്ടെയ്‌നര്‍ കപ്പലുകളില്‍ വിഴിഞ്ഞം തുറമുഖത്തെത്തുന്ന ചരക്കുകള്‍ ചെറുതും വലുതുമായ ഫീഡര്‍ വെസലുകളെത്തി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കൊണ്ടുപോകുന്നുണ്ട്. ഈ സാഹചര്യത്തില്‍ വിഴിഞ്ഞെ തുറമുഖവുമായി ബന്ധപ്പെട്ട് പുതിയ സംരംഭം തുടങ്ങാന്‍ എത്തുന്നവര്‍ക്ക് പൂര്‍ണ സഹകരണം നല്‍കാന്‍ ഒരുങ്ങുകയാണ് സംസ്ഥാന സര്‍ക്കാറും വിസിലും.

