National
ഇന്ത്യയും ന്യൂസിലന്‍ഡും സ്വതന്ത്ര വ്യാപാര കരാറില്‍ ഒപ്പുവെച്ചു; കയറ്റുമതി മേഖലയ്ക്ക് വന്‍ കുതിച്ചുചാട്ടം, പ്രോഫഷണലുകള്‍ക്കും ഗുണകരമാകും
ഈ വര്‍ഷം അവസാനത്തോടെ കരാര്‍ പ്രാബല്യത്തില്‍ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ന്യൂഡല്‍ഹി | ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാര്‍ ഒപ്പുവെച്ചു. ന്യൂഡല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ തിങ്കളാഴ്ച നടന്ന ചടങ്ങില്‍ വാണിജ്യ മന്ത്രി പീയൂഷ് ഗോയലും ന്യൂസിലന്‍ഡ് വ്യാപാര മന്ത്രി ടോഡ് മക്ലേയുമാണ് കരാറില്‍ ഒപ്പുവെച്ചത്. ഈ വര്‍ഷം അവസാനത്തോടെ കരാര്‍ പ്രാബല്യത്തില്‍ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കരാര്‍ പ്രാബല്യത്തില്‍ വരുന്നതിന് മുന്‍പ് ന്യൂസിലന്‍ഡ് പാര്‍ലമെന്റ് ഇത് അംഗീകരിക്കേണ്ടതുണ്ട്. ഇതിനായി പാര്‍ലമെന്റിന്റെ വിദേശകാര്യ, പ്രതിരോധ, വ്യാപാര സമിതി കരാര്‍ പരിശോധിക്കും. പൊതുജനങ്ങളുടെ അഭിപ്രായം കൂടി പരിഗണിച്ച ശേഷമായിരിക്കും സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. ഈ നടപടിക്രമങ്ങള്‍ക്ക് കുറഞ്ഞത് ആറ് മാസമെങ്കിലും എടുത്തേക്കും.
ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി ഇന്ത്യ വളരുന്നത് ന്യൂസിലന്‍ഡിലെ കയറ്റുമതിക്കാര്‍ക്ക് വലിയ അവസരങ്ങള്‍ തുറന്നുനല്‍കുമെന്ന് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ക്രിസ്റ്റഫര്‍ ലക്‌സണ്‍ പറഞ്ഞു. 140 കോടി ജനങ്ങളുള്ള ഇന്ത്യന്‍ വിപണിയിലേക്ക് ഇതിലൂടെ മികച്ച പ്രവേശനം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു
പത്ത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം 2025 മാര്‍ച്ചിലാണ് ഈ കരാറിനായുള്ള ചര്‍ച്ചകള്‍ പുനരാരംഭിച്ചത്. ം ഒമ്പത് മാസത്തിനുള്ളില്‍, അതായത് 2025 ഡിസംബറോടെ ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി എന്നത് ശ്രദ്ധേയമാണ്. ഇന്ത്യ ഏറ്റവും വേഗത്തില്‍ പൂര്‍ത്തിയാക്കിയ വ്യാപാര കരാറുകളില്‍ ഒന്നാണിത്. ന്യൂസിലന്‍ഡിലെ പ്രധാന രാഷ്ട്രീയ പാര്‍ട്ടികളെല്ലാം ഈ കരാറിനെ പിന്തുണയ്ക്കുന്നുണ്ട്.
കരാര്‍ പ്രാബല്യത്തില്‍ വരുന്നതോടെ ന്യൂസിലന്‍ഡിലേക്ക് കയറ്റുമതി ചെയ്യുന്ന 8,284 ഉല്‍പ്പന്നങ്ങള്‍ക്ക് (100 ശതമാനം) നികുതി ഒഴിവാകും.തുണിത്തരങ്ങള്‍, വസ്ത്രങ്ങള്‍, തുകല്‍ ഉല്‍പ്പന്നങ്ങള്‍, മരുന്നുകള്‍ , യന്ത്രസാമഗ്രികള്‍, വാഹന ഭാഗങ്ങള്‍ എന്നിവയ്ക്ക് ഇനി മുതല്‍ ന്യൂസിലന്‍ഡില്‍ ഇറക്കുമതി തീരുവ നല്‍കേണ്ടതില്ല.
നിലവില്‍ ശരാശരി 2.2 ശതമാനവും, വസ്ത്രങ്ങള്‍ പോലുള്ള ചില ഉല്‍പ്പന്നങ്ങള്‍ക്ക് 10 ശതമാനം വരെയുമുള്ള നികുതിയാണ് ഇതോടെ ഇല്ലാതാകുന്നത്.
ചരക്ക് വ്യാപാരത്തിന് പുറമെ, ഇന്ത്യന്‍ പ്രൊഫഷണലുകള്‍ക്കും ഈ കരാര്‍ വലിയ അവസരങ്ങള്‍ തുറന്നുനല്‍കുന്നു:ഐടി , ആരോഗ്യമേഖല, എന്‍ജിനീയറിങ്, വിദ്യാഭ്യാസം എന്നീ മേഖലകളിലെ വിദഗ്ധര്‍ക്ക് ന്യൂസിലന്‍ഡിലേക്ക് മാറുന്നതിനും ജോലി ചെയ്യുന്നതിനുമുള്ള നടപടിക്രമങ്ങള്‍ എളുപ്പമാകും.
ന്യൂസിലന്‍ഡില്‍ നിന്നുള്ള ചേരുവകള്‍ നികുതിയില്ലാതെ ഇറക്കുമതി ചെയ്ത് സംസ്‌കരിച്ച് വീണ്ടും കയറ്റുമതി ചെയ്യാന്‍ ഇന്ത്യന്‍ ഭക്ഷ്യ സംസ്‌കരണ യൂണിറ്റുകള്‍ക്ക് സാധിക്കും. ഇത് ഇന്ത്യയെ ഒരു ‘ഗ്ലോബല്‍ ഫുഡ് ഹബ്ബ്’ ആക്കി മാറ്റാനുള്ള ലക്ഷ്യത്തിന് കരുത്തേകും.
കമ്പിളി , മരം, കല്‍ക്കരി, വൈന്‍, പഴങ്ങള്‍ എന്നിവയുടെ ഇറക്കുമതി തീരുവ ഇന്ത്യ കുറയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യും. ഇത് ന്യൂസിലന്‍ഡിലെ കര്‍ഷകര്‍ക്കും കയറ്റുമതിക്കാര്‍ക്കും ഗുണകരമാകും.
ഇന്ത്യന്‍ കര്‍ഷകരുടെ താല്‍പ്പര്യം സംരക്ഷിക്കുന്നതിനായി ക്ഷീരോല്‍പ്പന്നങ്ങള്‍, സവാള, പഞ്ചസാര, സുഗന്ധവ്യഞ്ജനങ്ങള്‍, ഭക്ഷ്യ എണ്ണകള്‍ എന്നീ മേഖലകളെ ഈ നികുതി ഇളവില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 5 ബില്യണ്‍ ഡോളര്‍ (ഏകദേശം 500 കോടി ഡോളര്‍) ആയി ഉയര്‍ത്താനാണ് ഈ കരാറിലൂടെ ലക്ഷ്യമിടുന്നത്. നിലവിലെ വ്യാപാര തോതിന്റെ ഇരട്ടിയാണിത്.





