Connect with us

Kerala

നിതിന്‍ രാജിന്റെ മരണം: നാളെ സംസ്ഥാനവ്യാപക ഹര്‍ത്താല്‍; സ്വകാര്യ വാഹനങ്ങള്‍ തടയുമെന്ന് ആക്ഷന്‍ കൗണ്‍സില്‍

ഹര്‍ത്താല്‍ ബന്ദായി മാറുമെന്നും റോഡിലിറങ്ങുന്ന സ്വകാര്യ വാഹനങ്ങള്‍ തടയുമെന്നും ആക്ഷന്‍ കൗണ്‍സില്‍

Published

|

Last Updated

കണ്ണൂര്‍|കണ്ണൂര്‍ അഞ്ചരക്കണ്ടി ദന്തല്‍ കോളജിലെ ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തില്‍ ഉത്തരവാദികളായവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നാളെ സംസ്ഥാനവ്യാപക ഹര്‍ത്താല്‍. രാവിലെ ആറു മണി മുതല്‍ വൈകിട്ട് ആറു മണി വരെയാണ് ഹര്‍ത്താല്‍. ജസ്റ്റിസ് ഫോര്‍ നിതിന്‍ രാജ് ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തിലാണ് ഹര്‍ത്താല്‍. ഹര്‍ത്താലിന് പൗരസമൂഹം ഉള്‍പ്പെടെ അറുപതോളം സംഘടനകള്‍ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

നിതിന്‍ രാജിന്റെ മരണം ആത്മഹത്യയല്ല. ജാതീയ അധിക്ഷേപവും കാമ്പസ് ഹരാസ്‌മെന്റ് മൂലമുണ്ടായ സംഭവമാണെന്നുമാണ് ആക്ഷന്‍ കൗണ്‍സില്‍ വ്യക്തമാക്കുന്നത്. നിതിന്റെ അധ്യാപകരായ ഡോ. എം.കെ. റാം ഉള്‍പ്പെടെയുള്ള ഉത്തരവാദികളെ ഉടന്‍ അറസ്റ്റ് ചെയ്യുക, രോഹിത് വെമുല നിയമം നടപ്പാക്കുക, നിതിന്‍ രാജിന്റെ കുടുംബത്തിന് 10 കോടി രൂപ നഷ്ടപരിഹാരം നല്‍കുക, കോളജിന്റെ അഫിലിയേഷന്‍ റദ്ദാക്കുക, ഹൈക്കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തുക എന്നീ ആവശ്യങ്ങളാണ് സംഘടനകള്‍ മുന്നോട്ട് വെക്കുന്ന ആവശ്യങ്ങള്‍. ക്യാമ്പസ് കൊലപാതകങ്ങള്‍ക്കെതിരെയുള്ള പ്രതിരോധമായാണ് ഈ ഹര്‍ത്താല്‍ മുന്നോട്ടുവെക്കുന്നതെന്നും നേതാക്കള്‍ പറഞ്ഞു. പോലീസ് അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും കേസ് സ്വതന്ത്ര ഏജന്‍സിക്ക് കൈമാറണമെന്നും സംഘടനകള്‍ പറയുന്നു.

ഹര്‍ത്താല്‍ ബന്ദായി മാറുമെന്നും റോഡിലിറങ്ങുന്ന സ്വകാര്യ വാഹനങ്ങള്‍ തടയുമെന്നും ആക്ഷന്‍ കൗണ്‍സില്‍ ജില്ലാ കണ്‍വീനര്‍ സുനില്‍ കൊയിലേരിയന്‍ വ്യക്തമാക്കി. വ്യാപാരികള്‍ കടകമ്പോളങ്ങള്‍ അടച്ച് പൂര്‍ണ സഹകരണം നല്‍കണമെന്നും ആക്ഷന്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു. അവശ്യ സേവനങ്ങള്‍ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.കേരള പിന്നാക്ക സമുദായ മുന്നണി (കെപിഎസ്എം) ഉള്‍പ്പെടെ നിരവധി സംഘടനകള്‍ ഹര്‍ത്താലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.

അതേസമയം, നിതിന്‍ രാജ് ജീവനൊടുക്കിയ സംഭവത്തില്‍ ഒന്നാം പ്രതിയായ അധ്യാപകന്‍ ഡോ എം കെ റാമിന്റെ മുന്‍കൂര്‍ ജാമ്യപേക്ഷ കോടതി തള്ളിയിരുന്നു. എന്നാല്‍ കേസിലെ രണ്ടാം പ്രതി ഡോ. സംഗീത നമ്പ്യാര്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ഇരുവരുടേയും ജാമ്യാപേക്ഷ പരിഗണിച്ചത്.

 

 

---- facebook comment plugin here -----

Latest