Kerala
വ്യാജ മെഡിക്കല്‍ ബില്‍ നല്‍കി പണം തട്ടാന്‍ ശ്രമിച്ചു; മുന്‍സിഫ് മജിസ്‌ട്രേറ്റിന് സസ്പെന്‍ഷന്‍
30,000 രൂപ ടിയാറ റോസ്മേരി തട്ടിയെടുക്കാന്‍ ശ്രമിച്ചെന്നാണ് കണ്ടെത്തല്‍.
തൃശൂര്‍| തൃശൂരില്‍ വ്യാജ മെഡിക്കല്‍ ബില്‍ നല്‍കി പണം തട്ടാന്‍ ശ്രമിച്ചതിന് മുന്‍സിഫ് മജിസ്‌ട്രേറ്റിന് സസ്പെന്‍ഷന്‍. തൃശൂര്‍ ജുഡീഷ്യല്‍ മൂന്നാംക്ലാസ് മജിസ്‌ട്രേറ്റ് ടിയാറ റോസ്മേരിയെയാണ് സസ്പെന്‍ഡ് ചെയ്തത്. 30,000 രൂപ ടിയാറ റോസ്മേരി തട്ടിയെടുക്കാന്‍ ശ്രമിച്ചെന്നാണ് കണ്ടെത്തല്‍. ജില്ലാ ജുഡീഷ്യറിയുടെ ചുമതലയുള്ള രജിസ്ട്രാറാണ് മജിസ്‌ട്രേറ്റിനെ സസ്‌പെന്‍ഡ് ചെയ്തത്.
കോസ്മെറ്റിക്സ് ഉല്‍പ്പന്നങ്ങള്‍ ഉള്‍പ്പെടുന്ന ബില്ലാണ് ടിയാറ തട്ടിപ്പ് നടത്താനായി നല്‍കിയത്. ബില്‍ അപ്രൂവ് ചെയ്യണമെന്ന് ഇവര്‍ ജില്ലാ മെഡിക്കല്‍ ഓഫീസറോട് ആവശ്യപ്പെട്ടു. എന്നാല്‍ മെഡിക്കല്‍ ഓഫീസര്‍ ബില്‍ അപ്രൂവ് ചെയ്ത് നല്‍കിയില്ല. തുടര്‍ന്ന് മെഡിക്കല്‍ ഓഫീസറുടെ വ്യാജ സീലും വ്യാജ ഒപ്പും ഇട്ട് ബില്‍ ഇവര്‍ തയാറാക്കി ഹൈക്കോടതിക്ക് നല്‍കി. ബില്ലില്‍ സംശയം തോന്നിയ ഹൈക്കോടതിയിലെ ബന്ധപ്പെട്ട വിഭാഗം പരിശോധന നടത്തിയപ്പോള്‍ വ്യാജ ബില്ലാണെന്ന് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ജില്ലാ ജുഡീഷ്യറി മജിസ്‌ട്രേറ്റിനെ സസ്പെന്‍ഡ് ചെയ്യാന്‍ തീരുമാനമായി.
ആറുമാസത്തേക്കാണ് സസ്പെന്‍ഷന്‍. ഇതിനിടയില്‍ വിശദമായ അന്വേഷണം നടത്തും. നെയ്യാറ്റിന്‍ കര മജിസ്ട്രേറ്റായിരിക്കെ എഎസ്ഐയോട് മോശം വാക്കുകള്‍ ഉപയോഗിച്ചതിന് ഇവര്‍ നടപടി നേരിട്ടിരുന്നു.





