Connect with us

National

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച; അറസ്റ്റിലായവരില്‍ യുവമോര്‍ച്ചാ നേതാവും സഹോദരനും

ജയ്പൂരില്‍ നിന്ന് മൂന്ന് പേരെയും നാസിക്, ഗുരു ഗ്രാം എന്നിവിടങ്ങളില്‍ നിന്നായി രണ്ടു പേരെയും അടക്കം അഞ്ചു പേരെയാണ് സി ബി ഐ അറസ്റ്റ് ചെയ്തത്

Published

|

Last Updated

ന്യൂഡല്‍ഹി | നീറ്റ് യു ജി പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരില്‍ യുവമോര്‍ച്ചാ നേതാവും സഹോദരനും ഉള്‍പ്പെടുന്നു. ജയ്പൂരില്‍ നിന്ന് മൂന്ന് പേരെയും നാസിക്, ഗുരു ഗ്രാം എന്നിവിടങ്ങളില്‍ നിന്നായി രണ്ടു പേരെയും അടക്കം അഞ്ചു പേരെയാണ് സി ബി ഐ അറസ്റ്റ് ചെയ്തത്.

15 പേരുടെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. രാജസ്ഥാനില്‍ നിന്ന് സി ബി ഐ അറസ്റ്റ് ചെയ്തവരിലാണ് യുവമോര്‍ച്ച നേതാവ് ദിനേശ് ബിവാള്‍, സഹോദരന്‍ മാംഗിലാല്‍ ബിവാള്‍ എന്നിവര്‍ ഉള്‍പ്പെടുന്നത്. ബിവാള്‍ സഹോദരങ്ങള്‍ ഏകദേശം 30 ലക്ഷം രൂപ നല്‍കിയാണ് ചോദ്യപേപ്പര്‍ വാങ്ങിയതെന്ന് സി ബി ഐ പറയുന്നു. എന്നാല്‍ പാര്‍ട്ടിയുമായി ഇവര്‍ക്ക് ബന്ധമില്ലെന്നാണ് ബി ജെ പി വിശദീകരണം.

രാജ്യത്തുടനീളം വിവിധ സ്ഥലങ്ങളില്‍ റെയ്ഡ് നടത്തി വരികയാണെന്ന് ഉദ്യോഗസ്ഥര്‍ ബുധനാഴ്ച അറിയിച്ചു. വിവിധ നഗരങ്ങളിലായി നിരവധി പ്രതികളെ ചോദ്യം ചെയ്യുന്നുണ്ടെന്നും സി ബി ഐ അറിയിച്ചു. നാസിക്കില്‍ നിന്ന് 30 വയസ്സുകാരനായ ശുഭം ഖൈര്‍നാറിനെയാണ് അറസ്റ്റ് ചെയ്തത്. പ്രാദേശിക മജിസ്ട്രേറ്റ് കോടതി സി ബി ഐക്ക് ട്രാന്‍സിറ്റ് റിമാന്‍ഡ് അനുവദിച്ചതിനെത്തുടര്‍ന്ന് കൂടുതല്‍ ചോദ്യം ചെയ്യലിനായി ഇയാളെ ഡല്‍ഹിയിലേക്ക് എത്തിക്കും. പ്രതികളില്‍ നിന്ന് മൊബൈല്‍ ഫോണുകളും ലാപ്ടോപ്പുകളും ഉള്‍പ്പെടെ നിരവധി ഡിജിറ്റല്‍ ഉപകരണങ്ങള്‍ സി ബി ഐ പിടിച്ചെടുത്തു. പരീക്ഷാ പേപ്പറുകള്‍ പ്രചരിപ്പിക്കാന്‍ ഉപയോഗിച്ചതെന്നു കരുതുന്ന മെസേജിംഗ് ആപ്ലിക്കേഷനുകള്‍ കണ്ടെത്തുന്നതിന് ഫോറന്‍സിക് പരിശോധന നടത്തുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

 

Latest