International
ദ്വിദിന സന്ദര്‍ശനത്തിനായി ട്രംപ് ചൈനയില്‍
എയര്‍ ഫോഴ്‌സ് വണ്‍ വിമാനത്തില്‍ ബീജിങ്ങില്‍ ഇറങ്ങിയ ട്രംപിന് ചൈനീസ് ഭരണകൂടം പ്രൗഢമായ വരവേല്‍പ്പു നല്‍കി
ബീജിങ് | ദ്വിദിന സന്ദര്‍ശനത്തിനായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ചൈനയില്‍ എത്തി. എയര്‍ ഫോഴ്‌സ് വണ്‍ വിമാനത്തില്‍ ബീജിങ്ങില്‍ ഇറങ്ങിയ ട്രംപിന് ചൈനീസ് ഭരണകൂടം പ്രൗഢമായ വരവേല്‍പ്പു നല്‍കി. ചൈനീസ് വൈസ് പ്രസിഡന്റ് ഹാന്‍ ഷെങ്ങിന്റെ നേതൃത്വത്തിലുള്ള സംഘം ട്രംപിനെ സീകരിച്ചു.അമേരിക്ക ഇറാനെതിരെ നടത്തുന്ന യുദ്ധം ആഗോള ഇന്ധന ലഭ്യതയില്‍ ഗുരുതര പ്രതിസന്ധി സൃഷ്ടിച്ചിരിക്കെ ട്രംപിന്റെ ചൈന സന്ദര്‍ശനത്തില്‍ ലോകം ആകാംക്ഷയോടെ ഉറ്റു നോക്കുകയാണ്.
ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി നടത്തുന്ന കൂടിക്കാഴ്ചയില്‍ താരിഫ്, ടെക് മേഖലയിലെ മത്സരം, ഇറാന്‍ യുദ്ധം, തായ്‌വാനുമായുള്ള യു എസ് ബന്ധം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചയാകും. ഇതില്‍ ഇറാനുമായുള്ള യുദ്ധം പ്രധാന വിഷയമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പതിറ്റാണ്ടുകളായി ഇറാനുമായി സഖ്യമുള്ള ചൈന, റഷ്യയുടെ പ്രധാന വ്യാപാര പങ്കാളി കൂടിയാണ്. യു എസ് കാര്‍ഷിക ഉല്‍പന്നങ്ങള്‍ കൂടുതല്‍ വാങ്ങിക്കാന്‍ ട്രംപ് ചൈനയുടെ മേല്‍ സമ്മര്‍ദം ചെലുത്തിയേക്കാം. അതേസമയം ചൈനീസ് ഉല്‍പന്നങ്ങള്‍ക്ക് മേല്‍ ട്രംപ് ചുമത്തിയ താരിഫ് കുറയ്ക്കാന്‍ ചൈനയും ആവശ്യപ്പെട്ടേക്കും.







