National
നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച; സി ബി ഐ അന്വേഷണം കേരളത്തിലേക്കും
കേരളത്തില്‍ എം ബി ബി എസ് പഠിക്കുന്ന രാജസ്ഥാന്‍ സ്വദേശിയായ വിദ്യാര്‍ഥി വഴിയാണ് സിക്കറിലേക്ക് ആദ്യഘട്ടത്തില്‍ ചോര്‍ത്തിയ ചോദ്യപേപ്പര്‍ എത്തിയത്
ന്യൂഡല്‍ഹി | നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ സി ബി ഐ അന്വേഷണം കേരളത്തിലേക്ക്. ചോദ്യപേപ്പര്‍ കിട്ടിയെന്ന് രാജസ്ഥാന്‍ പോലീസ് കണ്ടെത്തിയ 200 വിദ്യാര്‍ഥികളുടെ ലിസ്റ്റില്‍ കേരളത്തിലെ രണ്ട് ജില്ലകളില്‍ നിന്നുള്ളവരും ഉണ്ടെന്നാണ് വിവരം. കേരളത്തില്‍ എം ബി ബി എസ് പഠിക്കുന്ന രാജസ്ഥാന്‍ സ്വദേശിയായ വിദ്യാര്‍ഥി വഴിയാണ് സിക്കറിലേക്ക് ആദ്യഘട്ടത്തില്‍ ചോര്‍ത്തിയ ചോദ്യപേപ്പര്‍ എത്തിയത്. ഇയാള്‍ വഴിയാണോ കേരളത്തിലും ഇത് പ്രചരിച്ചതെന്ന് സി ബി ഐ അന്വേഷിക്കും. നിലവില്‍ നാല് സംഘങ്ങളെയാണ് സി ബി ഐ അന്വേഷണത്തിനായി നിയോഗിച്ചത്.
പരീക്ഷ പേപ്പര്‍ ചോര്‍ച്ചയില്‍ രാജസ്ഥാന്‍ െേപാലീസ് കസ്റ്റഡിയിലെടുത്ത ദിനേഷ് ബിന്‍വാള്‍ ബി ജെ പി നേതാവാണെന്ന വിവരം പുറത്തുവന്നു. ഇയാള്‍ ബിജെപി നേതാക്കള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ കോണ്‍ഗ്രസ് ഔദ്യോഗിക എക്സ് അക്കൗണ്ടില്‍ പങ്കുവെച്ചു. എന്നാല്‍ ബിജെപി ഇതുവരെ ഈ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. ക്രമക്കേടില്‍ സുപ്രീംകോടതി ഇടപെടല്‍ തേടി ഹര്‍ജി എത്തി. മെഡിക്കല്‍ സംഘടനയായ എഫ് എ ഐ എം എ ആണ് ഹര്‍ജി നല്‍കിയത്. എന്‍ ടി എയ്ക്ക് പകരം സംവിധാനം വേണമെന്നും കോടതി മേല്‍നോട്ടത്തില്‍ ആകണം വീണ്ടും പരീക്ഷ നടത്തേണ്ടതെന്നുമാണ് ആവശ്യം.
ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ അന്വേഷണം രാജസ്ഥാന്‍ പോലീസിന്റെ പ്രത്യേക സംഘത്തില്‍ നിന്ന് ഇന്നലെ സി ബി ഐ ഏറ്റെടുത്തിരുന്നു. ജയ്പൂരിലെത്തിയ സി ബി ഐ സംഘം ഇതുവരെയുള്ള അന്വേഷണത്തിന്റെ രേഖകള്‍ ശേഖരിച്ചു. മാതൃകാ ചോദ്യപേപ്പര്‍ എന്ന നിലയില്‍ പ്രചരിച്ച ചോര്‍ത്തിയ ചോദ്യങ്ങള്‍ ആര്‍ക്കൊക്കെ കിട്ടി എന്നതില്‍ രാജസ്ഥാന്‍ പോലീസ് വിവരം ശേഖരിച്ചിരുന്നു. 200 വിദ്യാര്‍ഥികളുടെയും 75 മാതാപിതാക്കളുടെയും വിവരങ്ങളാണ് രാജസ്ഥാന്‍ പോലീസ് ശേഖരിച്ചത്. ഇതില്‍ ചിലരെ പോലീസ് ചോദ്യം ചെയ്തു. ഈ രേഖകള്‍ അടക്കമാണ് സി ബി ഐക്ക് കൈമാറിയത്. കൈമാറിയ രേഖയില്‍ കേരളത്തിലെ രണ്ട് ജില്ലകളില്‍ നിന്നുള്ള ചില വിദ്യാര്‍ഥികള്‍ക്കും മാതൃക ചോദ്യപേപ്പര്‍ കിട്ടിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഇവരെ സിബിഐ ചോദ്യം ചെയ്‌തേക്കും.







