Ongoing News
സഊദി ജയിലില്‍ കഴിയുന്ന അബ്ദുല്‍ റഹീമിന്റെ മോചനം ഉടന്‍
നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ മെയ് 19 ന് മോചനമെന്ന് ആക്ഷന്‍ കൗണ്‍സില്‍ അറിയിച്ചു
റിയാദ് | വധശിക്ഷക്കു വിധിക്കപ്പെട്ട് സഊദി അറേബ്യയിലെ റിയാദില്‍ ജയിലില്‍ കഴിയുന്ന മലയാളി അബ്ദുല്‍ റഹീമിന്റെ മോചനം ഉടന്‍. നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ മെയ് 19 ന് മോചനമെന്ന് ആക്ഷന്‍ കൗണ്‍സില്‍ അറിയിച്ചു. മെയ് 19 ന് ശിക്ഷാ കാലാവധി അവസാനിക്കും. മെയ് 20 ന് റഹീം നാട്ടിലെത്തുമെന്നാണ് ആക്ഷന്‍ കൗണ്‍സില്‍ പ്രതീക്ഷിക്കുന്നത്. സഊദി ബാലനെ കൊലപ്പെടുത്തിയെന്ന കേസിലാണ് അബ്ദുല്‍ റഹീം അറസ്റ്റിലായത്.
2006 നവംബറിലാണ് സഊദി ബാലന്‍ അനസ് അല്‍ ഫായിസിന്റെ കൊലപാതകക്കേസില്‍ അബ്ദുല്‍ റഹീം അറസ്റ്റിലാകുന്നത്. 2012 ലാണ് വധശിക്ഷ വിധിച്ചത്. പിന്നീട് ഒന്നര കോടി സഊദി റിയാല്‍ (34 കോടിയിലേറെ ഇന്ത്യന്‍ രൂപ) ദിയാധനം (മോചനദ്രവ്യം) നല്‍കിയതിന്റെ പശ്ചാത്തലത്തില്‍ കോടതി അബ്ദുല്‍ റഹീമിന്റെ വധശിക്ഷ ഒഴിവാക്കിയിരുന്നു.







