Kerala
കുമാരമംഗലം കൂട്ട ബലാത്സംഗ കേസ്; വിനീഷ് വിജയന് 12 വര്‍ഷം കഠിന തടവും നാലു ലക്ഷം രൂപ പിഴയും വിധിച്ചു
സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നതിനിടെ, 17കാരിയെ ഇതേ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്ന വിനീഷ് പലതവണ പീഡിപ്പിച്ചെന്നാണ് പരാതി
തൊടുപുഴ | തൊടുപുഴയെ ഞെട്ടിച്ച കുമാരമംഗലം പീഡനത്തിലെ പ്രതി തൊടുപുഴ ബംഗ്ലാകുന്ന് സ്വദേശി വിനീഷ് വിജയന് 12 വര്‍ഷം കഠിന തടവും നാലു ലക്ഷം രൂപ പിഴയും വിധിച്ചു. ഇടുക്കി തൊടുപുഴയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായ കേസിലാണ് ഇടുക്കി അഡീഷണല്‍ ആന്റ് സെഷന്‍സ് കോടതി വിധി. നാല് ലക്ഷംരൂപ പെണ്‍കുട്ടിയുടെ പുനരധിവാസത്തിനായാണ് നല്‍കേണ്ടതെന്നും വിധി ന്യായത്തില്‍ പറഞ്ഞു.
സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നതിനിടെ, 17കാരിയെ ഇതേ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്ന വിനീഷ് പലതവണ പീഡിപ്പിച്ചെന്നാണ് പരാതി. ഇതേ സ്ഥാപനത്തിലെ മറ്റ് ജീവനക്കാരും പെണ്‍കുട്ടിയെ പീഡിപ്പിച്ചു. തുടര്‍ന്ന് ഗര്‍ഭിണിയായ പെണ്‍കുട്ടി വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിയതോടെയാണ് പീഡന വിവരം പുറത്തിറഞ്ഞത്. തൊടുപുഴ പോലീസ് നടത്തിയ അന്വേഷണത്തില്‍ 2017 മുതല്‍ 2022 വരെ പെണ്‍കുട്ടിയെ വിവിധ ഇടങ്ങളിലെത്തിച്ച് നിരവധിയാളുകള്‍ പീഡിപ്പിച്ചെന്ന് കണ്ടെത്തി. തുടര്‍ന്ന് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് 28 കേസുകളാണ് റജിസ്റ്റര്‍ ചെയ്തത്.
ഇതില്‍ വിചാരണ പൂര്‍ത്തിയായ രണ്ടാമത്തെ കേസിലാണ് വിധി പറഞ്ഞത്. പ്രതിക്കെതിരെ ബലാത്സംഗം, ലൈംഗിക അതിക്രമം എന്നീ വകുപ്പുകളാണ് ചുമത്തിയത്. ശൈശവ വിവാഹത്തിനിരയായ പെണ്‍കുട്ടി മുത്തശ്ശിയുടെ സംരക്ഷണയിലിരിക്കുമ്പോഴാണ് പലതവണ പീഡനത്തിനിരയായത്. പെണ്‍കുട്ടിയുടെ അമ്മയുടെയും മുത്തശ്ശിയുടെയും അറിവോടെ നടന്ന പീഡനമെന്നാണ് കണ്ടെത്തല്‍. പ്രധാന സാക്ഷികളിലൊന്നായ മുത്തശ്ശി വിചാരണവേളയില്‍ കൂറുമാറിയിരുന്നു. ശൈശവ വിവാഹം ഉള്‍പ്പെടെയുളള ശേഷിക്കുന്ന 26 ലേറെ കേസ്സുകളില്‍ വിചാരണ അവസാന ഘട്ടത്തിലാണ്.







