Connect with us

From the print

വി ബി ജി റാം ജി പദ്ധതി ജൂലൈ ഒന്ന് മുതൽ; സാമ്പത്തിക വിഹിതം ഉറപ്പാക്കാൻ കേന്ദ്ര നിർദേശം

പൂർത്തിയാകാത്ത പ്രവൃത്തികൾ പുതിയ പദ്ധതിയിലേക്ക് മാറ്റാം

Published

|

Last Updated

കണ്ണൂർ | മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് പകരം കൊണ്ടുവരുന്ന വി ബി ജി റാം ജി (വികസിത് ഭാരത് ഗ്യാരന്റി ഫോർ റോസ്ഗാർ ആൻഡ് അജീവിക മിഷൻ ഗ്രാമീൺ) പദ്ധതി നടപ്പാക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ അടിയന്തരമായി പൂർത്തിയാക്കാൻ കേന്ദ്ര നിർദേശം. ജൂലൈ ഒന്ന് മുതൽ പദ്ധതി നടപ്പാക്കുന്നതിന് ആവശ്യമായ ബജറ്റ് വിഹിതം നീക്കിവെക്കാനും സാമ്പത്തിക വിഹിതം ഉറപ്പാക്കാനും സംസ്ഥാനങ്ങൾക്ക് കേന്ദ്ര ഗ്രാമവികസന വകുപ്പ് നിർദേശം നൽകി.

സംസ്ഥാനതല വി ബി- ജി റാം ജി പദ്ധതി വിജ്ഞാപനം ചെയ്യുന്നതിനുള്ള ഒരുക്കങ്ങൾ, ഓരോ സ്ഥലത്തെയും തൊഴിൽ എന്തായിരിക്കണമെന്ന് പറയുന്ന യുക്തധാര പോർട്ടൽ വഴിയുള്ള ആവശ്യമായ പ്രവൃത്തികളുടെ പട്ടിക തയ്യാറാക്കൽ എന്നിവക്കെല്ലാം വേണ്ടിവരുന്ന സാമ്പത്തിക, സാങ്കേതിക, ഭരണ ക്രമീകരണങ്ങളെല്ലാം നടത്താനും കേന്ദ്രം നിർദേശിച്ചു. ജൂലൈ ഒന്നിന് പുതിയ പദ്ധതി ആരംഭിക്കുന്നത് വരെ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് കീഴിലുള്ള പ്രവൃത്തികൾ തടസ്സമില്ലാതെ തുടരാമെന്നും കേന്ദ്ര ഗ്രാമവികസന വകുപ്പ് ചൂണ്ടിക്കാട്ടി.

തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലെ തുടർച്ച ഉറപ്പാക്കുന്നതിനായി, സംസ്ഥാനങ്ങൾ മുൻകൂട്ടി ആവശ്യപ്പെട്ടത് പ്രകാരം ജൂണിലേക്കുള്ള മതിയായ തൊഴിൽ വിഹിതം അനുവദിച്ചതായി കേന്ദ്ര സർക്കാർ വ്യക്തമാക്കി. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് കീഴിൽ വേതനം, സാമഗ്രികൾ, ഭരണപരമായ ചെലവുകൾ, സോഷ്യൽ ഓഡിറ്റ് യൂനിറ്റ് എന്നീ വിഭാഗങ്ങളിലായി 26,971 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ജൂൺ 30നകം പൂർത്തിയാകാത്ത പ്രവൃത്തികൾ, പുതിയ തൊഴിലുറപ്പ് പദ്ധതിയിലെ വ്യവസ്ഥകളുമായി ചേർന്ന് പോകുന്നതാണെങ്കിൽ അത് വി ബി- ജി റാം ജിക്ക് കീഴിലേക്ക് മാറ്റപ്പെടുമെന്നതടക്കമുള്ള നിർദേശങ്ങളും കേന്ദ്രം പുറത്തിറക്കിയിട്ടുണ്ട്. മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് കീഴിലെ കുടിശ്ശിക സമയബന്ധിതമായി തീർത്തുനൽകാൻ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, കാർഷിക സീസണിൽ 60 ദിവസംവരെ തൊഴിലുറപ്പുജോലി പാടില്ലെന്ന പുതിയ പദ്ധതിയിലെ നിബന്ധനകളെല്ലാം തൊഴിൽദിനങ്ങളെ പ്രതികൂലമായി ബാധിക്കുമോ എന്ന ആശങ്ക തൊഴിലാളികൾക്കുണ്ട്. കേന്ദ്രവും സംസ്ഥാനവും 60:40 അനുപാതത്തിൽ ചെലവ് വഹിക്കണമെന്ന വ്യവസ്ഥ പദ്ധതിയുടെ നടപ്പുരീതികളെയാകെ തകിടം മറിക്കാനിടയുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. ഇതുവരെ തൊഴിലുറപ്പ് പദ്ധതിയുടെ വേതനച്ചെലവിൽ 90 ശതമാനം കേന്ദ്രം വഹിക്കുകയാണ് ചെയ്തത്. പുതിയ പദ്ധതിയിൽ വേതനമടക്കം ആകെ ചെലവിന്റെ 40 ശതമാനം തുക സംസ്ഥാനവിഹിതമാക്കി മാറ്റിയിരിക്കുകയാണ്. നിലവിൽ നാലായിരം കോടിയിലേറെ രൂപയാണ് പദ്ധതിയിലൂടെ കേരളത്തിന് ലഭിച്ചിരുന്ന വാർഷിക വിഹിതമെങ്കിൽ ഇനി അതിൽ 1,600 കോടിയോളം സംസ്ഥാനം വഹിക്കേണ്ടിവരും.

സംസ്ഥാനത്തിന്റെ നിലവിലെ സാമ്പത്തികസ്ഥിതി പരിഗണിക്കുമ്പോൾ ഇത് വലിയ ബാധ്യതയായി മാറിയേക്കും. സംസ്ഥാനത്ത് നിലവിൽ 22 ലക്ഷം പേരാണ് പദ്ധതിയിലുള്ളത്. തൊഴിലുറപ്പിൽ പങ്കാളിയായവരിൽ അധികവും 50 വയസ്സിന് മുകളിലുള്ളവരാണ്. ഇവരിൽ ബഹുഭൂരിപക്ഷവും സ്ത്രീകളാണ്. 70 വയസ്സിന് മുകളിലുള്ളവരടക്കം ഇതിലുൾപ്പെടും. സംസ്ഥാനത്തിന് സാമ്പത്തിക ഞെരുക്കമുണ്ടാകുകയും പദ്ധതി താളം പിഴക്കുകയും ചെയ്താൽ നല്ലൊരു ശതമാനം ആളുകൾ പദ്ധതിക്ക് പുറത്താകാനുമിടയുണ്ട്. 40 ശതമാനം സംസ്ഥാന സർക്കാറിന് വഹിക്കാൻ കഴിഞ്ഞില്ലെങ്കിൽ തൊഴിൽദിനം വെട്ടിച്ചുരുക്കുന്നതിനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.

ബ്യൂറോ ചീഫ്, സിറാജ്, കൊച്ചി

---- facebook comment plugin here -----

Latest