From the print
ബൈ ബൈ രഹാനെ
ഇന്ത്യൻ ബാറ്റർ അജിങ്ക്യ രഹാനെ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു.
മുംബൈ | ഇന്ത്യയുടെ വിശ്വസ്ത ബാറ്ററും ചരിത്രപ്രസിദ്ധമായ ആസ്‌ത്രേലിയന്‍ പരമ്പര വിജയത്തിന്റെ ശില്‍പ്പിയുമായ അജിങ്ക്യ രഹാനെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ഇന്‍സ്റ്റാഗ്രാം വീഡിയോയിലൂടെയായിരുന്നു 38കാരനായ രഹാനെയുടെ വിരമിക്കല്‍ പ്രഖ്യാപനം. 85 ടെസ്റ്റുകളില്‍ ഇന്ത്യക്കായി കളിച്ച രഹാനെ 38.46 ശരാശരിയില്‍ 5,077 റണ്‍സും 90 ഏകദിനങ്ങളില്‍ 2,962 റണ്‍സും 20 ടി20 മത്സരങ്ങള്‍ 375 റണ്‍സും നേടിയിട്ടുണ്ട്. ടെസ്റ്റില്‍ 12 സെഞ്ച്വറികളും 26 അര്‍ധ സെഞ്ച്വറികളും സ്വന്തമാക്കി. ഉയര്‍ന്ന സ്‌കോര്‍ 188. ഏകദിനത്തില്‍ മൂന്ന് സെഞ്ച്വറികളും സെഞ്ച്വറികളുമാണുള്ളത്. ഉയര്‍ന്ന സ്‌കോര്‍ 111.
ചരിത്രജയ നായകന്‍
കണക്കുകള്‍ക്കപ്പുറം ചരിത്രപരമായ മുഹൂര്‍ത്തങ്ങളിലൂടെയാണ് രഹാനെയുടെ കരിയര്‍ ഓര്‍മിക്കപ്പെടുന്നത്. വിദേശ പിച്ചുകളില്‍ ഇന്ത്യയുടെ വിശ്വസ്തനായ ബാറ്റ്‌സ്മാനായിരുന്നു അദ്ദേഹം. പ്രതിസന്ധി ഘട്ടങ്ങളിലെ രഹാനെയുടെ പക്വതയുള്ള ബാറ്റിംഗ് ശൈലി ഇന്ത്യയെ ശക്തമായ വിദേശ ടെസ്റ്റ് ടീമാക്കി മാറ്റുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. ആറ് ടെസ്റ്റുകള്‍ ഉള്‍പ്പെടെ 11 മത്സരങ്ങളില്‍ ഇന്ത്യയെ നയിച്ചു. ഒന്നില്‍ മാത്രമാണ് പരാജയപ്പെട്ടത്.
2020-21 ലെ ആസ്ത്രേലിയന്‍ പര്യടനമാണ് രഹാനെയുടെ കരിയറിലെ ഏറ്റവും വലിയ മുഹൂര്‍ത്തങ്ങളിലൊന്ന്. അഡ്ലെയ്ഡിലെ ദയനീയ തോല്‍വിക്കും വിരാട് കോലി നാട്ടിലേക്ക് മടങ്ങിയതിനും ശേഷം, യുവതാരങ്ങള്‍ അണിനിരന്ന ഇന്ത്യയുടെ നായകസ്ഥാനം ഏറ്റെടുത്ത രഹാനെ ടീമിന് ചരിത്രപരമായ വിജയം സമ്മാനിച്ചു. ബോക്സിംഗ് ഡേ ടെസ്റ്റില്‍ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ രഹാനെ നേടിയ സെഞ്ച്വറി ഇന്ത്യന്‍ ഡ്രസ്സിംഗ് റൂമിന് പുതിയ ഊര്‍ജം നല്‍കി. മെല്‍ബണ്‍ കീഴടക്കിയ ഇന്ത്യ ശേഷം ഗാബയിലെ ചരിത്ര വിജയത്തിലൂടെ പരമ്പര സ്വന്തമാക്കുകയും ചെയ്തു. ശാന്തമായ നേതൃപാടവത്തിലൂടെ ടീമിനെ വിജയത്തിലേക്ക് നയിച്ച മികച്ച ഉദാഹരണങ്ങളിലൊന്നായാണ് രഹാനെയുടെ ക്യാപ്റ്റന്‍സി വിലയിരുത്തപ്പെടുന്നത്. 2013ലായിരുന്നു ടെസ്റ്റ് അരങ്ങേറ്റം. 2014ല്‍ വെല്ലിംഗ്ടണില്‍ ആദ്യ ടെസ്റ്റ് സെഞ്ച്വറി. അതേവര്‍ഷം ലോര്‍ഡ്സില്‍ നേടിയ 103 റണ്‍സ്, 28 വര്‍ഷത്തിനു ശേഷം ആ ചരിത്ര മൈതാനത്ത് ഇന്ത്യയുടെ ആദ്യ ടെസ്റ്റ് വിജയം ഉറപ്പാക്കുന്നതില്‍ നിര്‍ണായകമായി.
തിരിച്ചുവരവ്
2022ല്‍ മോശം ഫോമിനെത്തുടര്‍ന്ന് ടീമില്‍ നിന്ന് പുറത്തായെങ്കിലും ആഭ്യന്തര ക്രിക്കറ്റിലെയും ഐ പി എല്ലിലെയും മികച്ച പ്രകടനത്തിലൂടെ ദേശീയ ടീമില്‍ തിരിച്ചെത്തി. 2023ലെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയുടെ ടോപ് സ്‌കോററായി. 2023 ജൂലൈയില്‍ പോര്‍ട്ട് ഓഫ് സ്പെയിനില്‍ വെസ്റ്റിന്‍ഡീസിനെതിരായ ടെസ്റ്റിലാണ് അവസാനം ഇന്ത്യക്കായി കളിച്ചത്.
ഒരു ക്ലാസ്സിക്കല്‍ ടെസ്റ്റ് ബാറ്റ്‌സ്മാന്‍ എന്ന നിലയില്‍ അറിയപ്പെടുമ്പോഴും, ഏറ്റവും ചെറിയ ഫോര്‍മാറ്റിലും തനിക്ക് തിളങ്ങാനാകുമെന്ന് രഹാനെ തെളിയിച്ചിട്ടുണ്ട്. ഐ പി എല്ലിലെ മികച്ച പ്രകടനങ്ങള്‍ക്ക് പുറമെ, 2022-23 സീസണിലെ സയ്യിദ് മുശ്താഖ് അലി ട്രോഫിയില്‍ മുംബൈയെ കിരീടത്തിലേക്ക് നയിച്ചു.
Content Highlights:
Former Indian Test vice-captain Ajinkya Rahane has announced his retirement from international cricket. Known for his classic batting technique and calm leadership, Rahane represented India across all formats. His stellar performances in overseas Test series remain memorable chapters in Indian cricket.



