Connect with us

National

വിദ്യാര്‍ഥികള്‍ക്കു നേരെ വെടിവെപ്പ് നടന്നിട്ടില്ലെന്ന് സഭയെ തെറ്റിദ്ധരിപ്പിച്ചു; കേന്ദ്ര സഹമന്ത്രിക്കെതിരെ അവകാശ ലംഘന നോട്ടീസ് നല്‍കി വേണുഗോപാല്‍

'വെടിവെപ്പ് നടന്നിട്ടില്ല, ടിയര്‍ ഗ്യാസ് മാത്രമാണ് ഉപയോഗിച്ചത്' എന്ന് കേന്ദ്ര സഹമന്ത്രി ഡോ. ജിതേന്ദ്ര സിംഗ് പ്രസ്താവിച്ചിരുന്നു. എന്നാല്‍ യഥാര്‍ഥത്തില്‍ വെടിവെപ്പ് നടന്നിരുന്നു. അതില്‍ പരുക്കേറ്റ വിദ്യാര്‍ഥി ഇപ്പോഴും ചികിത്സയിലാണ്

Published

|

Last Updated

ന്യൂഡല്‍ഹി | ഡല്‍ഹി ജന്തര്‍ മന്തറില്‍ സമരം നടത്തിയ വിദ്യാര്‍ഥികള്‍ക്കു നേരെ വെടിവെപ്പ് നടന്നിട്ടില്ലെന്ന് കേന്ദ്ര സഹമന്ത്രി ഡോ. ജിതേന്ദ്ര സിംഗ് ലോക്‌സഭയെ തെറ്റിദ്ധരിപ്പിച്ചുവെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടി കെ സി വേണുഗോപാല്‍ എം പി. ഇക്കാര്യമുന്നയിച്ച് വേണുഗോപാല്‍ ലോക്‌സഭാ സ്പീക്കര്‍ക്ക് അവകാശലംഘന നോട്ടീസ് നല്‍കി.

ജൂലൈ 29-ന് പൊതുപരീക്ഷകളിലെ ക്രമക്കേടുകള്‍ തടയുന്നതിനുള്ള ഭേദഗതി ബില്ലിനെക്കുറിച്ചുള്ള ചര്‍ച്ചക്ക് മറുപടി പറയുന്നതിനിടെ, ‘വെടിവെപ്പ് നടന്നിട്ടില്ല, ടിയര്‍ ഗ്യാസ് മാത്രമാണ് ഉപയോഗിച്ചത്’ എന്ന് കേന്ദ്രമന്ത്രി സഭയില്‍ പ്രസ്താവിച്ചിരുന്നു. എന്നാല്‍ യഥാര്‍ഥത്തില്‍ വെടിവെപ്പ് നടന്നതായും അതില്‍ പരുക്കേറ്റ വിദ്യാര്‍ഥി ഇപ്പോഴും ചികിത്സയിലാണെന്നും പൊതുജനങ്ങള്‍ക്ക് ലഭ്യമായ വിവരങ്ങള്‍ വ്യക്തമാക്കുന്ന സാഹചര്യത്തില്‍ മന്ത്രിയുടെ പ്രസ്താവന വസ്തുതാവിരുദ്ധമാണെന്ന് കെ സി വേണുഗോപാല്‍ നോട്ടീസില്‍ ചൂണ്ടിക്കാട്ടി.

ഒരു മന്ത്രി പാര്‍ലിമെന്റില്‍ അവതരിപ്പിക്കുന്ന വിവരങ്ങള്‍ കൃത്യമായി പരിശോധിച്ചതും വസ്തുതാപരവുമായിരിക്കണമെന്നത് ഭരണഘടനാപരമായ ഉത്തരവാദിത്തമാണെന്നും തെറ്റായ വിവരങ്ങള്‍ മനപ്പൂര്‍വം സഭയില്‍ രേഖപ്പെടുത്തുന്നത് സഭയുടെ അവകാശങ്ങളുടെയും പദവിയുടെയും ലംഘനമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഈ വിഷയത്തില്‍ കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിംഗിനെതിരെ അവകാശലംഘന നടപടികള്‍ ആരംഭിച്ച് കേസ് ലോക്‌സഭയുടെ അവകാശ സമിതിക്ക് (Committee of Privileges) വിടണമെന്നും കെ സി വേണുഗോപാല്‍ ലോക്‌സഭാ സ്പീക്കറോട് ആവശ്യപ്പെട്ടു.

Content Highlights:
KC Venugopal has submitted a breach of privilege notice against a Union Minister for allegedly misleading the House. The Congress MP claimed the minister falsely stated that no firing took place against students. The action aims to address the alleged misinformation presented in Parliament.

 

---- facebook comment plugin here -----

Latest