International
ഘട്ടം ഘട്ടമായുള്ള നിരായുധീകരണം, ഇസ്‌റാഈല്‍ സേനയുടെ പിന്മാറ്റം; കരട് പദ്ധതിക്ക് ഹമാസ് സമ്മതിച്ചതായി റിപോര്‍ട്ട്
കരാറിന് ഇസ്‌റാഈല്‍ അംഗീകാരം നല്‍കുന്നത് വരെ തങ്ങള്‍ നിരായുധീകരണ നടപടികളിലേക്ക് കടക്കില്ലെന്ന് ഹമാസ്.
ഗസ | ഘട്ടംഘട്ടമായുള്ള നിരായുധീകരണത്തിനും അതിനനുസൃതമായി ഗസയില്‍ നിന്ന് ഇസ്‌റാഈല്‍ സൈന്യം പിന്മാറുന്നതിനും വ്യവസ്ഥ ചെയ്യുന്ന ഒരു പദ്ധതിക്ക് ഹമാസ് സമ്മതിച്ചതായി ‘ഗസ ബോര്‍ഡ് ഓഫ് പീസ്’ അറിയിച്ചു. ഗസയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കുന്നത് ഉള്‍പ്പെടെയുള്ള കരാറിലെ തങ്ങളുടെ ഭാഗം ഇസ്‌റാഈല്‍ നടപ്പിലാക്കുന്നതിനെ ആശ്രയിച്ചായിരിക്കും പദ്ധതി നടപ്പില്‍ വരികയെന്ന് ഹമാസ് പ്രതിനിധി സംഘത്തിലെ ഒരംഗം അറിയിച്ചതായി ‘അല്‍ ജസീറ’ റിപോര്‍ട്ട് ചെയ്തു. കരാറിന് ഇസ്‌റാഈല്‍ അംഗീകാരം നല്‍കുന്നത് വരെ തങ്ങള്‍ നിരായുധീകരണ നടപടികളിലേക്ക് കടക്കില്ലെന്നും ഹമാസ് വ്യക്തമാക്കി.
അതിനിടെ, വടക്കന്‍ ഗസയില്‍ ഇസ്‌റാഈല്‍ നടത്തിയ വ്യോമാക്രമണത്തില്‍ നിരവധി ഫലസ്തീനികള്‍ക്ക് പരുക്കേറ്റു. യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കരാര്‍ പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കുള്ളിലാണ് സംഭവം. നബുലസിലും സമീപ ഗ്രാമങ്ങളിലും ഇസ്‌റാഈല്‍ സൈന്യത്തിന്റെയും കുടിയേറ്റക്കാരുടെയും ആക്രമണത്തില്‍ കുറഞ്ഞത് 11 ഫലസ്തീനികള്‍ക്കെങ്കിലും പരുക്കേറ്റതായും ഹെബ്രോണിനും റാമല്ലക്കും സമീപവും ആക്രമണങ്ങളുണ്ടായതായും റിപോര്‍ട്ടുണ്ട്.
ഗസ പദ്ധതിയുടെ രണ്ടാം ഘട്ടം കൃത്യമായി നടപ്പിലാക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനായി, മധ്യസ്ഥരായ യു എസ്, ഖത്വര്‍, തുര്‍ക്കി എന്നിവരുമായി ചേര്‍ന്ന് ഈജിപ്ത് ഒരു ഉച്ചകോടി സംഘടിപ്പിക്കുമെന്നും അറിയുന്നു.
Content Highlights: Hamas has reportedly accepted a draft proposal outlining phased disarmament and the complete withdrawal of Israeli forces from Gaza. The plan involves transferring security and administrative control to a transitional Palestinian governing body. Mediators are working to finalize terms for lasting peace.



