Kerala
മുത്തങ്ങ ഭൂസമരത്തിനിടെ പോലീസ് കോണ്‍സ്റ്റബിള്‍ കൊല്ലപ്പെട്ട കേസില്‍ വിധി ഇന്ന്; വിധി പ്രസ്താവിക്കുന്നത് 23 വര്‍ഷത്തിന് ശേഷം
ആദിവാസി ഗോത്ര മഹാസഭ നേതാവ് ഗീതാനന്ദനാണ് ഒന്നാം പ്രതി. പ്രതികളില്‍ 15 പേര്‍ ഇതിനകം മരണമടഞ്ഞു
കല്‍പ്പറ്റ | മുത്തങ്ങ ഭൂസമരത്തിനിടെ പോലീസ് കോണ്‍സ്റ്റബിള്‍ കെവി വിനോദ് കൊല്ലപ്പെട്ട കേസില്‍ ഇന്ന് വിധി പ്രസ്താവിക്കും. സിബിഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ വയനാട് പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പറയുക. ആദിവാസി ഗോത്രമഹാസഭയുടെ നേതൃത്വത്തില്‍ മുത്തങ്ങയില്‍ ഭൂസമരം നടത്തിയവര്‍ക്കുനേരെ 2003 ഫെബ്രുവരി 19ന് പോലീസ് വെടിയുതിര്‍ത്തതിനെ തുടര്‍ന്നുള്ള സംഘര്‍ഷത്തിലാണ് കണ്ണൂര്‍ കെഎപി നാലാം ബറ്റാലിയനില്‍ കോണ്‍സ്റ്റബിള്‍ ആയിരുന്ന വിനോദ് കൊല്ലപ്പെട്ടത്.പൊലീസ് വെടിവയ്പ്പില്‍ ജോഗിയെന്ന ആദിവാസിയും കൊല്ലപ്പെട്ടിരുന്നു. സ്ത്രീകളും കുട്ടികളുമടക്കമുള്ള നൂറുകണക്കിനാളുകള്‍ക്ക് പരുക്കേറ്റു.
കേസില്‍ ആകെ 53 ആദിവാസികളെയാണ് പ്രതിചേര്‍ത്തത്. ആദിവാസി ഗോത്ര മഹാസഭ നേതാവ് ഗീതാനന്ദനാണ് ഒന്നാം പ്രതി. പ്രതികളില്‍ 15 പേര്‍ ഇതിനകം മരണമടഞ്ഞു. ഒരാള്‍ കിടപ്പിലുമാണ്. ശേഷിക്കുന്ന പ്രതികളെല്ലാം വാര്‍ധക്യത്തിലെത്തിയവരാണ്.പ്രതികള്‍ ഷെഡ്ഡുകള്‍ നിര്‍മിച്ച് ആയുധങ്ങളുമായി അനധികൃതമായി സംഘം ചേര്‍ന്നെന്നും കൊല്ലപ്പെട്ട ജോഗി ഉള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തില്‍ പോലീസ്, വനംവകുപ്പ് ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോയി കൊള്ളയടിച്ചെന്നും വിനോദിനെ വെട്ടിക്കൊന്നുവെന്നും സിബിഐ കുറ്റപത്രത്തില്‍ പറയുന്നു.
കേസ് ആദ്യം പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും ഒടുവില്‍ സിബിഐ ചെന്നൈ യൂണിറ്റുമാണ് അന്വേഷിച്ചത്. ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്നാണ് എറണാകുളം സിബിഐ കോടതിയില്‍നിന്ന് കേസ് കല്‍പ്പറ്റയിലേക്ക് മാറ്റിയത്.പ്രോസിക്യൂഷന്റെ വാദമനുസരിച്ച്, ഗൗണ്ടന്‍വയലിലെ തകരപ്പാടിയില്‍ നടന്ന ഏറ്റുമുട്ടലിനിടെ കോണ്‍സ്റ്റബിള്‍ വിനോദിനെയും മറ്റൊരു പോലീസുകാരനെയും സമരക്കാര്‍ തടവിലാക്കിയിരുന്നു. സികെ ജാനുവിന്റെയും ഗീതാനന്ദന്റെയും നേതൃത്വത്തില്‍ 47 ദിവസമായി തുടരുകയായിരുന്ന സമരത്തിനിടെയായിരുന്നു സംഭവം. തടവിലാക്കപ്പെട്ട വിനോദിനെ പിന്നീട് കൊലപ്പെടുത്തിയെന്നതാണ് സിബിഐയുടെ കേസ്.
Content Highlights: Wayanad Principal Sessions Court will deliver the verdict in the 2003 Muthanga agitation case today. Police Constable Vinod was killed during clashes between tribal protesters and police. Investigated by the CBI, the case involves 53 accused, including Adivasi Gotra Mahasabha leader Githanandan.


