National
കമാല്‍മൗലാ മസ്ജിദിന് സമീപം ജുമുഅക്ക് സ്ഥലം നിശ്ചയിച്ച് സുപ്രീം കോടതി
മുസ്ലിം വിഭാഗം സമര്‍പ്പിച്ച അപേക്ഷ പരിഗണിച്ച് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വി മോഹന എന്നിവരടങ്ങിയ ബഞ്ചാണ് സ്ഥലം അനുവദിച്ചത്.
ന്യൂഡല്‍ഹി | കമാല്‍മൗലാ മസ്ജിദ് സമുച്ചയത്തിനോട് ചേര്‍ന്ന് ജുമുഅ നിസ്‌കാരത്തിന് സ്ഥലം അനുവദിച്ചുനല്‍കി സുപ്രീം കോടതി. ജുമുഅ നിസ്‌കാരത്തിന് സ്ഥലം അനുവദിച്ച് കഴിഞ്ഞ മാസം 14ന് സുപ്രീം കോടതി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവ് ശരിയായി പാലിച്ചിട്ടില്ലെന്ന് വ്യക്തമാക്കി മുസ്ലിം വിഭാഗം സമര്‍പ്പിച്ച അപേക്ഷ പരിഗണിച്ച് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വി മോഹന എന്നിവരടങ്ങിയ ബഞ്ചാണ് സ്ഥലം അനുവദിച്ചത്.
സര്‍ക്കാര്‍ അനുവദിച്ച സ്ഥലം മസ്ജിദ് സമുച്ചയത്തില്‍ നിന്ന് ഏകദേശം 1.3 കിലോമീറ്റര്‍ അകലെയാണെന്നും അനുയോജ്യമായ നിരവധി സ്ഥലങ്ങള്‍ സമുച്ചയത്തിന് സമീപമുണ്ടെന്നും മുസ്ലിം വിഭാഗം ചൂണ്ടിക്കാട്ടി. മസ്ജിദ് സമുച്ചയത്തോട് ചേര്‍ന്നുള്ള പ്രത്യേക സ്ഥലത്ത് മുസ്ലിംകള്‍ക്ക് വെള്ളിയാഴ്ച ഉച്ചക്ക് ഒന്ന് മുതല്‍ മൂന്ന് വരെ നിസ്‌കരിക്കാമെന്ന് ബഞ്ച് വ്യക്തമാക്കി. മുസ്ലിംപക്ഷം നിര്‍ദേശിച്ച ഖസ്ര നമ്പര്‍ 596ല്‍ നിസ്‌കാരത്തിന് അനുമതി നല്‍കുന്നതായി ബഞ്ച് വ്യക്തമാക്കി.
മധ്യപ്രദേശിലെ ധറിലെ കമാല്‍മൗലാ മസ്ജിദ് സമുച്ചയം ഹിന്ദു ക്ഷേത്രമാണെന്ന മധ്യപ്രദേശ് ഹൈക്കോടതി വിധി ചോദ്യം ചെയ്തുള്ള കേസാണ് സുപ്രീം കോടതിയിലുള്ളത്. സമുച്ചയത്തിനുള്ളില്‍ മുസ്ലിംകള്‍ക്ക് നിസ്‌കരിക്കാന്‍ അനുമതി നല്‍കിയ 2003 ലെ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (എ എസ് ഐ) നടപടി റദ്ദാക്കിക്കൊണ്ടായിരുന്നു ഹൈക്കോടതി ഉത്തരവ്. മസ്ജിദ് നിര്‍മിക്കുന്നതിന് ബദല്‍ ഭൂമി സര്‍ക്കാര്‍ നല്‍കണമെന്നും ഹൈക്കോടതി ഉത്തരവില്‍ പറഞ്ഞിരുന്നു.
എന്നാല്‍, പതിറ്റാണ്ടുകള്‍ പഴക്കമുള്ള ക്രമീകരണം ലംഘിച്ചാണ് ഹൈക്കോടതി വിധിയെന്ന് കാണിച്ച് മുസ്ലിംപക്ഷം സുപ്രീം കോടതിയെ സമീപിച്ചു. ഈ ഹരജിയില്‍, സമുച്ചയത്തോട് ചേര്‍ന്നോ സമീപത്തോ ജുമുഅ നിസ്‌കാരം നടത്തുന്നതിന് തുറസ്സായ സ്ഥലം അനുവദിക്കണമെന്ന് സുപ്രീം കോടതി ഇടക്കാല ഉത്തരവ് നല്‍കുകയായിരുന്നു.
Content Highlights:
The Supreme Court has designated a specific location for offering Friday Juma prayers near the historical Kamal Maula Mosque. The ruling aims to ensure smooth religious observances while maintaining order at the site. The decision addresses ongoing legal matters regarding worship rights in the area.




