Connect with us

UAE

ദുബൈ; സ്ഥിരതാമസക്കാരുടെ എണ്ണം 47.4 ലക്ഷം കടന്നു

ഈ വർഷം മാത്രം 1.61 ലക്ഷത്തിലധികം പുതിയ താമസക്കാർ

Published

|

Last Updated

ദുബൈ | ദുബൈയിലെ സ്ഥിരതാമസക്കാരായ ജനങ്ങളുടെ എണ്ണം 47.4 ലക്ഷം കടന്നു. ഈ വർഷം ആരംഭിച്ചതിന് ശേഷം മാത്രം 1,61,000 ലധികം പുതിയ താമസക്കാരാണ് എമിറേറ്റിൽ എത്തിയതെന്ന് ദുബൈ പോപ്പുലേഷൻ ക്ലോക്കിന്റെ തത്സമയ കണക്കുകൾ വ്യക്തമാക്കുന്നു. ജൂലൈ 30 വരെയുള്ള കണക്കനുസരിച്ച് 47,41,335 ആണ് ദുബൈയിലെ ജനസംഖ്യ. 2025 അവസാനത്തിൽ ഇത് 45.8 ലക്ഷമായിരുന്നു.

കുറഞ്ഞത് ആറ് മാസമെങ്കിലും ദുബൈയിൽ താമസിച്ചവരെയോ താമസിക്കാൻ ഉദ്ദേശിക്കുന്നവരെയോ ആണ് സ്ഥിരതാമസക്കാരുടെ കണക്കിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. തൊഴിലെടുക്കുന്ന ചെറുപ്പക്കാരുടെ വൻ സാന്നിധ്യമാണ് ജനസംഖ്യയിൽ പ്രകടമാകുന്നത്. 30നും 34 നും ഇടയിൽ പ്രായമുള്ളവരാണ് ജനസംഖ്യയിൽ ഏറ്റവും കൂടുതലുള്ളത്. ഇത് ആകെ ജനസംഖ്യയുടെ 15.45 ശതമാനമാണ്.

പകൽ സമയങ്ങളിലെ തിരക്കേറിയ സമയങ്ങളിൽ ദുബൈയിലെ ജനസംഖ്യ ശരാശരി 63.92 ലക്ഷമായി ഉയരുമെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. സ്ഥിരതാമസക്കാർക്ക് പുറമെ ജോലി ആവശ്യങ്ങൾക്കായും വിനോദസഞ്ചാരത്തിനുമായി ദിവസേന എത്തുന്ന 18.12 ലക്ഷത്തിലധികം ആളുകളെക്കൂടി ഉൾപ്പെടുത്തിയാണ് ഈ കണക്ക്. അതായത്, സ്ഥിരതാമസക്കാരുടെ 40 ശതമാനത്തോളം ആളുകൾ ദിവസേന മറ്റ് ആവശ്യങ്ങൾക്കായി ദുബൈയിൽ എത്തുന്നുണ്ട്. ഗതാഗതം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ അടിസ്ഥാനസൗകര്യങ്ങൾ ആസൂത്രണം ചെയ്യുന്നതിൽ ഈ കണക്കുകൾ നിർണായകമാണ്.

ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് അൽ മക്തും തത്സമയ ജനസംഖ്യാ കണക്കെടുപ്പ് പദ്ധതിക്ക് തുടക്കം കുറിച്ചിരുന്നു. മുൻകാലങ്ങളിലെ പരമ്പരാഗത രീതികൾക്ക് പകരം സർക്കാർ ഡാറ്റാബേസുകൾ, സ്മാർട്ട് സംവിധാനങ്ങൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (കൃത്രിമ ബുദ്ധി) എന്നിവ പ്രയോജനപ്പെടുത്തിയാണ് തത്സമയ ജനസംഖ്യ കൃത്യമായി രേഖപ്പെടുത്തുന്നത്. 1881 ൽ കേവലം 12,000 പേർ മാത്രം അധിവസിച്ചിരുന്ന ദുബൈയിൽ ഇന്ന് 380 മടങ്ങിലധികമാണ് ജനസംഖ്യാ വർധന രേഖപ്പെടുത്തിയിരിക്കുന്നത്.

Content Highlights:
Dubai resident population reached 4.74 million with over 161,000 new residents joining this year. Daytime population rises to nearly 6.39 million due to daily commuters and tourists. The real-time counting uses smart systems and AI initiated by Sheikh Hamdan.

 

 

---- facebook comment plugin here -----

Latest