Connect with us

UAE

വീണ്ടും കരുത്താർജിച്ച് ഗൾഫ് എയർലൈനുകൾ; വിമാന സർവീസുകൾ സാധാരണ നിലയിലേക്ക്

ആഗോളതലത്തിൽ ജൂൺ മാസത്തിൽ വിമാന യാത്രക്കാരുടെ എണ്ണത്തിൽ നേരിയ കുറവുണ്ടായെങ്കിലും മധ്യപൂർവദേശത്തെ സർവീസുകളിൽ കാര്യമായ മുന്നേറ്റമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

Published

|

Last Updated

ദുബൈ| മധ്യപൂർവദേശത്തെ സംഘർഷാവസ്ഥകൾക്ക് അയവുവന്നതോടെ മേഖലയിലെ വിമാനക്കമ്പനികൾ സാവധാനം പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്തുന്നു. അന്താരാഷ്ട്ര വ്യോമയാന സംഘടന (ഐ എ ടി എ) പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ടിലാണ് ഗൾഫ് മേഖലയിലെ വ്യോമയാന മേഖല ശക്തമായ തിരിച്ചുവരവ് നടത്തുന്നതായി വ്യക്തമാക്കുന്നത്. ആഗോളതലത്തിൽ ജൂൺ മാസത്തിൽ വിമാന യാത്രക്കാരുടെ എണ്ണത്തിൽ നേരിയ കുറവുണ്ടായെങ്കിലും മധ്യപൂർവദേശത്തെ സർവീസുകളിൽ കാര്യമായ മുന്നേറ്റമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ജൂൺ മാസത്തിലെ കണക്കുകൾ പ്രകാരം ഗൾഫ് മേഖലയിലെ വിമാനക്കമ്പനികളുടെ യാത്രക്കാരുടെ എണ്ണത്തിലുള്ള ഇടിവ് 13.9 ശതമാനമായി കുറഞ്ഞു. മെയ് മാസത്തിൽ ഇത് 28.8 ശതമാനത്തിന്റെ വൻ ഇടിവായിരുന്നു രേഖപ്പെടുത്തിയിരുന്നത്. യുദ്ധഭീതിയും വ്യോമപാതകൾ അടച്ചതും സൃഷ്ടിച്ച പ്രതിസന്ധികളിൽ നിന്ന് സർവീസുകൾ അതിവേഗം പുനഃസ്ഥാപിക്കാൻ സാധിച്ചതാണ് ഈ വലിയ മുന്നേറ്റത്തിന് വഴിയൊരുക്കിയത്. വിമാനങ്ങളിലെ സീറ്റ് ശേഷിയും 11.3 ശതമാനമായി വർധിക്കുകയും ഒക്യുപൻസി നിരക്ക് 76.1 ശതമാനത്തിൽ എത്തുകയും ചെയ്തു.

മധ്യപൂർവദേശത്ത് നിന്നും ഏഷ്യ, വടക്കൻ അമേരിക്ക എന്നിവിടങ്ങളിലേക്കുള്ള റൂട്ടുകളിലാണ് ഏറ്റവും ഉയർന്ന തിരിച്ചുപിടിക്കൽ ദൃശ്യമായത്. മധ്യപൂർവദേശം – ഏഷ്യ റൂട്ടിലെ യാത്രക്കാരുടെ എണ്ണത്തിലെ കുറവ് മെയ് മാസത്തിലെ 25.6 ശതമാനത്തിൽ നിന്ന് ജൂണിൽ 11.6 ശതമാനമായി കുറഞ്ഞു. വടക്കൻ അമേരിക്കയിലേക്കുള്ള റൂട്ടിൽ മെയ് മാസത്തിൽ 28.3 ശതമാനത്തിന്റെ ഇടിവുണ്ടായിരുന്നത് ജൂണിൽ വെറും 1.9 ശതമാനമായി മെച്ചപ്പെട്ടു. ഇതിൽ യു എ ഇയിലേക്കും ഖത്വറിലേക്കുമുള്ള വിമാന സർവീസുകൾ സാധാരണ നിലയിലേക്ക് എത്തിയതാണ് വലിയ ആശ്വാസമായത്.

അതേസമയം, ചൈന, അമേരിക്ക, ജപ്പാൻ എന്നീ വൻകിട രാജ്യങ്ങളിലെ ആഭ്യന്തര യാത്രകളിൽ ഉണ്ടായ കുറവു കാരണം ആഗോളതലത്തിൽ ജൂണിൽ വിമാന യാത്രക്കാരുടെ എണ്ണത്തിൽ 1.7 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തി. ഇന്ധനവില വർധനവും ചില മേഖലകളിലെ പ്രതിസന്ധികളും വിമാന ടിക്കറ്റ് നിരക്കുകൾ വർധിക്കാൻ കാരണമാകുന്നുണ്ടെന്ന് ഐ എ ടി എ ഡയറക്ടർ ജനറൽ വില്ലി വാൽഷ് പറഞ്ഞു. എങ്കിലും മധ്യപൂർവദേശത്ത് സമാധാനം തിരികെ വരുന്നത് ആഗോള സമ്പദ്്വ്യവസ്ഥക്കും വ്യോമയാന മേഖലക്കും വലിയ ഊർജമാണ് നൽകുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. യൂറോപ്യൻ വിമാനക്കമ്പനികൾ 0.8 ശതമാനവും ആഫ്രിക്കൻ കമ്പനികൾ 3.8 ശതമാനവും വളർച്ച കൈവരിച്ചു.

Content Highlights:
Gulf airlines are witnessing a strong recovery following reduced tensions in the Middle East, as per the latest IATA report. Passenger traffic drop eased significantly in June compared to May. Routes to Asia and North America led the turnaround, with UAE and Qatar operations returning to normal.

 

---- facebook comment plugin here -----

Latest