National
ഒഡിഷയില്‍ പരീക്ഷാക്രമക്കേട്; മെഡിക്കല്‍ - പിജി പരീക്ഷ ആരംഭിച്ച് മിനിറ്റുകള്‍ക്കുള്ളില്‍ ചോദ്യപേപ്പര്‍ വാട്സ്ആപ്പില്‍
ബര്‍ഹാംപുര്‍ എംകെസിജി മെഡിക്കല്‍ കോളജ് ആന്‍ഡ് ഹോസ്പിറ്റലിലെ ഒരു വിദ്യാര്‍ത്ഥി ക്രിയേറ്റ് ചെയ്ത വാട്സ്ആപ്പ് ഗ്രൂപ്പിലൂടെയാണ് ചോദ്യപേപ്പറിന്റെ ചിത്രങ്ങള്‍ ലഭിച്ചതെന്ന് പരാതിക്കാരി പറയുന്നു.
ഭുവനേശ്വര്‍|ഒഡിഷയില്‍ മെഡിക്കല്‍ പിജി പരീക്ഷ ആരംഭിച്ച് മിനിറ്റുകള്‍ക്കുള്ളില്‍ ചോദ്യപേപ്പര്‍ വാട്സ്ആപ്പില്‍ പ്രചരിച്ചെന്ന് പരാതി. സംഭവത്തെ തുടര്‍ന്ന് അധികൃതര്‍ ആഭ്യന്തര അന്വേഷണം ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്. ഓള്‍ ഒഡിഷ മെഡിക്കല്‍ പിജി പരീക്ഷ ജൂലായ് 27നാണ് നടന്നത്. എംഎസ്/എംഡി ബാച്ചിന്റെ ജനറല്‍ സര്‍ജറി സെക്കന്‍ഡ് പേപ്പറിന്റെ ചോദ്യപേപ്പറാണ് പിജി വിദ്യാര്‍ത്ഥികളുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ പ്രചരിച്ചത്. പരീക്ഷ നടക്കുന്നതിനിടെ ചില ഫോണ്‍ നമ്പറുകളില്‍ നിന്നും പരീക്ഷയുടെ ഉത്തരങ്ങള്‍ സര്‍ക്കുലേറ്റ് ചെയ്തതായും വിവരമുണ്ട്.
ഭുവനേശ്വറിലെ സ്വകാര്യ മെഡിക്കല്‍ കോളജിലെ വിദ്യാര്‍ത്ഥി തനിക്ക് പരീക്ഷ ചോദ്യപേപ്പര്‍ ലഭിച്ചുവെന്ന് അധികൃതരെ അറിയിക്കുകയായിരുന്നു. ബര്‍ഹാംപുര്‍ എംകെസിജി മെഡിക്കല്‍ കോളജ് ആന്‍ഡ് ഹോസ്പിറ്റലിലെ ഒരു വിദ്യാര്‍ത്ഥി ക്രിയേറ്റ് ചെയ്ത വാട്സ്ആപ്പ് ഗ്രൂപ്പിലൂടെയാണ് ചോദ്യപേപ്പറിന്റെ ചിത്രങ്ങള്‍ ലഭിച്ചതെന്ന് വിദ്യാര്‍ത്ഥി പറയുന്നു.
പിന്നാലെ ഒഡിഷ യൂണിവേഴ്സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സ് വൈസ് ചാന്‍സിലര്‍ മാനസ് രഞ്ജന്‍ സാഹോ പരീക്ഷകള്‍ നടന്ന മെഡിക്കല്‍ കോളജുകളിലെ പ്രിന്‍സിപ്പല്‍മാരുമായി വെര്‍ച്വല്‍ മീറ്റിങ് സംഘടിപ്പിച്ചു. വരാനിരിക്കുന്ന പരീക്ഷകളിലെ സുരക്ഷ ക്രമീകരണങ്ങല്‍ കൂടുതല്‍ കര്‍ശനമാക്കാനുള്ള നിര്‍ദേശമാണ് വൈസ് ചാന്‍സിലര്‍ നിന്ന് ലഭിച്ചതെന്ന് എംകെസിജി മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഹരേകൃഷ്ണ ദാലൈ പറഞ്ഞു.
ഇവിടെ ചോദ്യപേപ്പര്‍ ചോര്‍ച്ചയല്ല ഉണ്ടായിരിക്കുന്നത്. പരീക്ഷ നടക്കുന്നതിന് മുമ്പ് ചോദ്യപേപ്പര്‍ ചോര്‍ന്നിട്ടില്ല. അങ്ങനെയെങ്കില്‍ മാത്രമേ ചോദ്യപേപ്പര്‍ ചോര്‍ച്ചയുണ്ടായി എന്ന് പറയാന്‍ സാധിക്കുകയുള്ളൂ. ഇവിടെ പരീക്ഷാ ഹാളില്‍ നിന്നാണ് ചോദ്യപേപ്പര്‍ പുറത്തായത്. സ്ഥിരമായി നടത്താറുള്ള പരിശോധനകള്‍ നടത്തിയിട്ടുണ്ട്. ഹാളില്‍ മൊബൈല്‍ ഫോണിന് അനുമതിയും നല്‍കിയിട്ടില്ല. എന്നാല്‍ എന്ത് തരം ഇലക്ട്രോണിക്ക് ഉപകരണമാണ് ഇവര്‍ ഉപയോഗിച്ചതെന്നാണ് തന്നെ അത്ഭുതപ്പെടുത്തുന്നതെന്നും ഹരേകൃഷ്ണ ദാലൈ പറഞ്ഞു.
അടുത്ത രണ്ട് പേപ്പറുകളുടെ പരീക്ഷ ഓഗസ്റ്റ് ഒന്നിനും അഞ്ചിനും നടക്കും. എംകെസിജി മെഡിക്കല്‍ കോളജ് ആന്‍ഡ് ഹോസ്പിറ്റലില്‍ 154 വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതുന്നത്.
Content Highlights:
Odisha Medical PG exam question paper leaked on WhatsApp minutes after commencement on July 27. Answers were circulated during test hours. Authorities launched an internal probe while Odisha University of Health Sciences instructed principal officers to tighten exam hall security protocols.




