National
തമിഴ്‌നാട്ടിലേക്ക് കാവേരി ജലം തുറന്നുവിടാനുള്ള നീക്കം; ആഗസ്റ്റ് 13-ന് ബന്ദിന് ആഹ്വാനം ചെയ്ത് കന്നഡ സംഘടനകള്‍
യാതൊരു കാരണവശാലും തമിഴ്നാട്ടിലേക്ക് കാവേരി ജലം തുറന്നുവിടരുത് എന്നത് മാത്രമാണ് തങ്ങളുടെ ആവശ്യമെന്ന് കന്നഡ ആക്ടിവിസ്റ്റ് വറ്റല്‍ നാഗരാജ്.
ബെംഗളൂരു | തമിഴ്നാട്ടിലേക്ക് കാവേരി ജലം തുറന്നുവിടാനുള്ള കാവേരി വാട്ടര്‍ റെഗുലേഷന്‍ കമ്മിറ്റി (CWRC) നിര്‍ദേശത്തില്‍ പ്രതിഷേധിച്ച് ആഗസ്റ്റ് 13-ന് ബന്ദ് നടത്താന്‍ വിവിധ കന്നഡ സംഘടനകളുടെ തീരുമാനം. സംസ്ഥാനത്തുടനീളമുള്ള 1,600-ലധികം കന്നഡ സംഘടനകളുടെയും 1,000-ത്തിലധികം മറ്റ് സംഘടനകളുടെയും പിന്തുണ ബന്ദിനുണ്ടെന്ന് കന്നഡ ആക്ടിവിസ്റ്റ് വറ്റല്‍ നാഗരാജ് അറിയിച്ചു. കര്‍ണാടക ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സും നിരവധി വ്യാപാര സംഘടനകളും ഇതിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പതിറ്റാണ്ടുകള്‍ പഴക്കമുള്ള അന്തര്‍സംസ്ഥാന നദീജല തര്‍ക്കവുമായി ബന്ധപ്പെട്ട സംഘര്‍ഷം ഇതോടെ കൂടുതല്‍ തീവ്രമാകും.
യാതൊരു കാരണവശാലും തമിഴ്നാട്ടിലേക്ക് കാവേരി ജലം തുറന്നുവിടരുത് എന്നത് മാത്രമാണ് തങ്ങളുടെ ആവശ്യമെന്ന് നാഗരാജ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ആഗസ്റ്റ് മൂന്നിന് നടത്താന്‍ നിശ്ചയിച്ചിട്ടുള്ള തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയിയുടെ ബെംഗളൂരു സന്ദര്‍ശനത്തിനെതിരെയും നാഗരാജ് പ്രതികരിച്ചു.
‘മുഖ്യമന്ത്രിയെ കാണാനും മറ്റ് വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനുമാണ് അദ്ദേഹം വരുന്നതെങ്കില്‍ സ്വാഗതം ചെയ്യുന്നു. എന്നാല്‍ കാവേരി ജലം ആവശ്യപ്പെടാനാണ് വരവെങ്കില്‍, ഞങ്ങള്‍ അദ്ദേഹത്തിന്റെ സന്ദര്‍ശനത്തെ എതിര്‍ക്കുകയും ബെംഗളൂരു വിമാനത്താവളം ഉപരോധിക്കുകയും ചെയ്യും.’- നാഗരാജ് വ്യക്തമാക്കി.
15 ദിവസത്തേക്ക് പ്രതിദിനം 3,500 ക്യുസെക്‌സ് കാവേരി ജലം (ആകെ ഏകദേശം 4 ടി എം സി) തമിഴ്നാട്ടിലേക്ക് തുറന്നുവിടാന്‍ കര്‍ണാടകയോട് ആവശ്യപ്പെട്ടുകൊണ്ട് കാവേരി വാട്ടര്‍ റെഗുലേഷന്‍ കമ്മിറ്റി പുറപ്പെടുവിച്ച ഉത്തരവ് കാവേരി വാട്ടര്‍ മാനേജ്മെന്റ് അതോറിറ്റി (ഇണങഅ) ശരിവെച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ബന്ദാഹ്വാനം. കാലവര്‍ഷവും അണക്കെട്ടുകളിലെ ജലനിരപ്പും കുറവായത് കാരണം കുടിവെള്ള ആവശ്യങ്ങള്‍ക്കുള്ള വെള്ളം പോലും കിട്ടാത്ത സ്ഥിതിയാണെന്ന കര്‍ണാടകയുടെ വാദം തള്ളിക്കൊണ്ടാണ് അതോറിറ്റി ഈ തീരുമാനമെടുത്തത്.
കാവേരി ജലവിതരണ കരാര്‍ പ്രകാരം നിശ്ചയിച്ചിരുന്ന അളവില്‍ വെള്ളം നല്‍കുന്നതില്‍ കര്‍ണാടക വലിയ വീഴ്ച വരുത്തിയെന്ന് തമിഴ്നാട് വാദിച്ചതിനെ തുടര്‍ന്ന് ജൂലൈ 28-നാണ് സി ഡബ്ല്യു ആര്‍ സി ആദ്യ നിര്‍ദേശം പുറപ്പെടുവിച്ചത്. കാവേരി തടത്തില്‍ മഴ കുറവായതിനാല്‍ കടുത്ത ജലക്ഷാമം നേരിടുകയാണെന്നും അതിനാല്‍ ഉത്തരവിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കര്‍ണാടക വ്യക്തമാക്കിയിട്ടുണ്ട്.
നേരത്തെ, മാണ്ഡ്യ ജില്ലയില്‍ കന്നഡ ആക്ടിവിസ്റ്റുകള്‍ പ്രതിഷേധം സംഘടിപ്പിക്കുകയും തമിഴ്നാട് മുഖ്യമന്ത്രി വിജയിയുടെ ഏറ്റവും പുതിയ ചിത്രമായ ‘ജനനായകന്‍’ന്റെ പ്രദര്‍ശനം തടസ്സപ്പെടുത്തുകയും ചെയ്തിരുന്നു.
Content Highlights:
Kannada organizations have called for a statewide bandh in Karnataka on August 13 to protest the release of Cauvery water to Tamil Nadu. The decision was taken by pro-Kannada groups opposing the river water sharing agreement. The strike is expected to affect normal life across the state.


