Connect with us

International

ഔദ്യോഗിക സന്ദര്‍ശനം; തുര്‍ക്കി പ്രസിഡന്റ് സഊദിയില്‍

കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനുമായി കൂടിക്കാഴ്ച നടത്തും.

Published

|

Last Updated

റിയാദ് | ഔദ്യോഗിക സന്ദര്‍ശനാര്‍ഥം തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ സഊദി അറേബ്യയിലെത്തി. ഇറാന്‍-അമേരിക്കന്‍ സംഘര്‍ഷം, യെമനിലെയും സിറിയയിലെയും സമീപകാല സംഭവവികാസങ്ങള്‍ എന്നിവയുള്‍പ്പെടെ വര്‍ധിച്ചുവരുന്ന പ്രാദേശിക സംഘര്‍ഷങ്ങള്‍ക്കിടയിലാണ് ഉര്‍ദുഗാന്റെ സന്ദര്‍ശനം. സഊദിയില്‍ നിന്ന് ഉര്‍ദുഗാന്‍ നാളെ കൈറോയിലേക്ക് പോകും.

റിയാദ് പ്രവിശ്യാ ഡെപ്യൂട്ടി ഗവര്‍ണര്‍ മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരന്‍, റിയാദ് മേയര്‍ ഫൈസല്‍ ബിന്‍ അബ്ദുല്‍ അസീസ് ബിന്‍ അയ്യാഫ് രാജകുമാരന്‍, വാണിജ്യ മന്ത്രി മാജിദ് അല്‍-ഖസബി എന്നിവരുള്‍പ്പെടെയുള്ള മുതിര്‍ന്ന സഊദി ഉദ്യോഗസ്ഥര്‍ എന്നിവര്‍ തുര്‍ക്കി പ്രസിഡന്റിനെ റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സ്വീകരിച്ചു. സഊദി അറേബ്യയുമായുള്ള തുര്‍ക്കിയുടെ സഹകരണം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 2023 ജൂലൈക്ക് ശേഷമുള്ള ആദ്യ സന്ദര്‍ശനമാണിത്.

സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനുമായി ഉര്‍ദുഗാന്‍ തലസ്ഥാനമായ റിയാദിലെ അല്‍-യമാമ കൊട്ടാരത്തില്‍ കൂടിക്കാഴ്ച നടത്തും. മേഖലയിലെ വിഷയങ്ങള്‍ ഇരുനേതാക്കളും ചര്‍ച്ച ചെയ്യും, സന്ദര്‍ശനത്തോടനുബന്ധിച്ച് നടക്കുന്ന പ്രത്യേക സഊദി-തുര്‍ക്കി നിക്ഷേപ ഫോറത്തിലും ഉര്‍ദുഗാന്‍ പങ്കെടുക്കും. നിക്ഷേപ ഫോറം സഊദിയും തുര്‍ക്കിയും തമ്മിലുള്ള ബന്ധം പ്രതിഫലിപ്പിക്കുമെന്ന് വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു,

വിവിധ മേഖലകളിലെ സാമ്പത്തിക, നിക്ഷേപ സഹകരണം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ, ഇരു രാജ്യങ്ങളും തമ്മില്‍ ഉഭയകക്ഷി താത്പര്യമുള്ള മേഖലകളിലെ സഹകരണം ചര്‍ച്ച ചെയ്യുന്നതിനും രാജ്യത്തെ നിക്ഷേപ അവസരങ്ങള്‍ പര്യവേക്ഷണം ചെയ്യുന്നതിനുമുള്ള ഒരു വേദിയായാണ് ഫോറം സംഘടിപ്പിച്ചിരിക്കുന്നത്. ഇറാനും യു എസും തമ്മിലുള്ള സംഘര്‍ഷം ലഘൂകരിക്കുന്നതിനായി ഇരു രാജ്യങ്ങളുടെയും പ്രാദേശിക ഉദ്യോഗസ്ഥരെ തുര്‍ക്കി ചര്‍ച്ചക്ക് ക്ഷണിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. തുറന്ന സംഘര്‍ഷം ഒഴിവാക്കാനുള്ള നയതന്ത്ര നീക്കത്തിന് നേതൃത്വം നല്‍കുന്ന പ്രധാന മധ്യസ്ഥരില്‍ ഒരാളായേക്കും ഉര്‍ദുഗാന്‍ എന്നാണ് സൂചന.

Latest