Connect with us

articles

ഫലസ്തീന്‍ ഉത്കണ്ഠകള്‍

പരിധികള്‍ ലംഘിച്ച ഇസ്‌റാഈല്‍ പരീക്ഷണ കേന്ദ്രമായിരുന്നു ഗസ്സ. ലോകം ഇസ്‌റാഈലിനെ നിയന്ത്രണമില്ലാതെ പ്രവര്‍ത്തിക്കാന്‍ അനുവദിച്ചത് മറ്റെവിടെയും സമാന കുറ്റകൃത്യങ്ങള്‍ നടത്താനവര്‍ക്ക് ഇന്ധനമായി. ഗസ്സയിലെ 97 ശതമാനത്തിലധികം സ്‌കൂളുകളും നശിപ്പിക്കുകയോ കേടുപാടുകള്‍ വരുത്തുകയോ ചെയ്തിട്ടുണ്ട്. 94 ശതമാനം മെഡിക്കല്‍ സൗകര്യങ്ങളും തകര്‍ത്തു.

Published

|

Last Updated

ഉന്നതതല ചര്‍ച്ചകളും വെടിനിര്‍ത്തല്‍ പ്രഹസനങ്ങളും കടലാസില്‍ മാത്രം വിശ്രമിക്കുന്നതിനാല്‍ അമേരിക്കയും ഇസ്‌റാഈലും തുറന്നുവിട്ട ഇറാന്‍ യുദ്ധം നാലരക്കോടി ആളുകളെ കടുത്ത പട്ടിണിയിലേക്ക് തള്ളിവിടുമെന്നാണ് വേള്‍ഡ് ഫുഡ് പ്രോഗ്രാം കണ്ടെത്തിയത്. അത് ആഗോള പട്ടിണി നിലവാരത്തെ എക്കാലത്തെയും റെക്കോര്‍ഡില്‍ എത്തിക്കാനും സാധ്യതയുണ്ട്. മധ്യപൂര്‍വ ദേശത്തെ യുദ്ധം കാരണമുണ്ടായ ഇന്ധനവില വര്‍ധനവും ഭക്ഷ്യക്ഷാമവും ദുര്‍ബല ജനവിഭാഗങ്ങളുടെ ചെലവ് താങ്ങാനാകാത്തതാക്കി. മേഖലയിലെ രാജ്യങ്ങള്‍ പ്രത്യേകിച്ച് ഇറക്കുമതിയെയാണ് ആശ്രയിക്കുന്നത്. ഇസ്‌റാഈല്‍ ആക്രമണങ്ങളില്‍ പത്ത് ലക്ഷം പേര്‍ പലായനം ചെയ്തു.

2025 ഒക്ടോബറില്‍ വെടിനിര്‍ത്തല്‍ നിലവില്‍ വന്നശേഷം ഗസ്സയില്‍ ചില അതിര്‍ത്തികള്‍ വീണ്ടും തുറന്നിട്ടുണ്ടെങ്കിലും ഭക്ഷ്യവസ്തുക്കളുടെ വില ഉയര്‍ന്ന നിലയില്‍ തുടരുന്നതിനാല്‍ ലഭ്യത തടസ്സപ്പെടുന്നു. ഇസ്‌റാഈല്‍- യു എസ് ആക്രമണങ്ങള്‍ വീടുകളും സ്‌കൂളുകളും ആശുപത്രികളും നശിപ്പിക്കുന്നതില്‍ ഇറാന്‍- ഗസ്സ നിവാസികള്‍ ഭയാനകമായ സമാനതകള്‍ കണ്ടെത്തുന്നുണ്ട്. ഇറാനെതിരായ യുദ്ധത്തിലെ ദൃശ്യങ്ങള്‍ ഗസ്സയില്‍ അവര്‍ സ്‌ക്രീനില്‍ കണ്ടിരുന്നവ തന്നെ.

പരിധികള്‍ ലംഘിച്ച ഇസ്‌റാഈല്‍ പരീക്ഷണ കേന്ദ്രമായിരുന്നു ഗസ്സ. ലോകം ഇസ്‌റാഈലിനെ നിയന്ത്രണമില്ലാതെ പ്രവര്‍ത്തിക്കാന്‍ അനുവദിച്ചത് മറ്റെവിടെയും സമാന കുറ്റകൃത്യങ്ങള്‍ നടത്താനവര്‍ക്ക് ഇന്ധനമായി. ഗസ്സയിലെ 97 ശതമാനത്തിലധികം സ്‌കൂളുകളും നശിപ്പിക്കുകയോ കേടുപാടുകള്‍ വരുത്തുകയോ ചെയ്തിട്ടുണ്ട്. 94 ശതമാനം മെഡിക്കല്‍ സൗകര്യങ്ങളും തകര്‍ത്തു. ഇറാനില്‍ 13 പ്രധാന ആശുപത്രികള്‍ ഉള്‍പ്പെടെ ആരോഗ്യ സൗകര്യങ്ങള്‍ക്ക് നേരെ 18 ആക്രമണങ്ങളുണ്ടായി. ലെബനാനിലെ ആക്രമണങ്ങളും സമാന നാശനഷ്ടങ്ങള്‍ വരുത്തിവെച്ചു. അവിടെ 800 ആളുകളെ കൊല്ലുകയും ആരോഗ്യ സേവനങ്ങള്‍ ലക്ഷ്യമിടുകയും ചെയ്തു. രണ്ടാഴ്ചക്കുള്ളില്‍ 31 മെഡിക്കല്‍ ജീവനക്കാരെ വധിച്ചു.

വീണ്ടും മരണായുധങ്ങള്‍
ഫലസ്തീന്റെ വീണ്ടെടുക്കല്‍ സംബന്ധിച്ച് പൊള്ളയായ അവകാശവാദങ്ങള്‍ ഉയരുമ്പോഴും ഇസ്‌റാഈല്‍ മരണായുധങ്ങള്‍ തൊടുക്കുകയാണ്. കുട്ടികളെയും സ്ത്രീകളെയും വയോധികരെയും മാധ്യമ പ്രവര്‍ത്തകരെയും പോലും വെറുതെവിടുന്നില്ല. മുനമ്പിലെ വംശഹത്യയും യുദ്ധക്കുറ്റങ്ങളും തുറന്നുകാട്ടുന്ന ശക്തമായ ഡോക്യുമെന്ററി ചിത്രീകരണത്തിനിടെ ഫ്രഞ്ച് പത്രപ്രവര്‍ത്തകയും മധ്യപൂര്‍വദേശ വിദഗ്ധയുമായ മറൈന്‍ വ്ലഹോവിച്ചിന്റെ ജഡം മാര്‍സെയിലിലെ വീടിന്റെ മേല്‍ക്കൂരയില്‍ ദുരൂഹ സാഹചര്യത്തില്‍ കണ്ടതില്‍ ലോകം ഞെട്ടിയിരിക്കുകയാണ്. ഫലസ്തീനികള്‍ക്കു വേണ്ടി ശബ്ദമുയര്‍ത്തി ആ 39കാരി വര്‍ഷങ്ങളോളം വെസ്റ്റ് ബാങ്കിലെ റാമല്ലയില്‍ ചെലവഴിച്ചതായി ഫ്രഞ്ച് ഭാഷാ ദിനപത്രം ലാ പ്രോവെന്‍സ് റിപോര്‍ട്ട് ചെയ്തു. വ്ലഹോവിച്ചിന്റെ കോളുകളോ സന്ദേശങ്ങളോ ഇല്ലാതായപ്പോള്‍ ആശങ്കാകുലരായ സുഹൃത്തുക്കള്‍ വസതിലെത്തിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇസ്‌റാഈല്‍ ആക്രമണത്തില്‍ 24 വനിതാ പത്രപ്രവര്‍ത്തകരുടെ മരണങ്ങള്‍ വനിതാ പ്രസ്സ് ഫ്രീഡം രേഖപ്പെടുത്തിയിട്ടുണ്ട്.

മരണസമയത്ത് ഗസ്സ മുനമ്പില്‍ നടന്നുകൊണ്ടിരിക്കുന്ന സംഘര്‍ഷങ്ങളും മാനുഷിക പ്രതിസന്ധിയും മറൈന്‍ വ്ലഹോവിച്ച് രേഖപ്പെടുത്തുകയായിരുന്നുവെന്ന് റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സ്വതന്ത്ര റിപോര്‍ട്ടിംഗിനും സാമൂഹിക നീതിക്കും വേണ്ടിയുള്ള ആഴത്തിലുള്ള പ്രതിബദ്ധതക്ക് പേരുകേട്ട ഫ്രഞ്ച് പത്രപ്രവര്‍ത്തകയും ഫലസ്തീന്‍ അഭിഭാഷകയുമായിരുന്ന അവര്‍ 2016-19 കാലയളവില്‍ വെസ്റ്റ് ബാങ്കിലെ റാമല്ലയില്‍ റേഡിയോ ഫ്രാന്‍സ് ഇന്റര്‍നാഷനല്‍, റേഡിയോ ഫ്രാന്‍സ് എന്നിവയുള്‍പ്പെടെ ഫ്രഞ്ച് ഭാഷാ റേഡിയോ സ്റ്റേഷനുകളുടെ ലേഖികയായിരുന്നു. കരിയറിലുടനീളം പലപ്പോഴും അറിയപ്പെടാത്ത കഥകളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്, പ്രത്യേകിച്ച് ദുര്‍ബലരായ ജനവിഭാഗങ്ങളെയും അന്താരാഷ്ട്ര സംഘര്‍ഷ മേഖലകളെയും കുറിച്ചുള്ളവ. കലര്‍പ്പില്ലാത്ത സത്യസന്ധതയും അസാമാന്യ ധാര്‍മികതയും ഉയര്‍ത്തിപ്പിടിച്ച പത്രപ്രവര്‍ത്തകയെന്നാണ് സുഹൃത്ത് എല്‍സ സൂച്ചേയുടെ വിശേഷണം. സോഷ്യല്‍ മീഡിയയിലെ നിരവധി അക്കൗണ്ടുകള്‍ ആ വിയോഗത്തെക്കുറിച്ച് പോസ്റ്റ് ചെയ്തത് വിഷയം വീണ്ടും ചര്‍ച്ചയാകാന്‍ കാരണമായി. ഇസ്‌റാഈലാണ് പ്രതിക്കൂട്ടില്‍. സയണിസ്റ്റ് രാഷ്ട്രീയ വ്യാപനം മുന്‍നിര്‍ത്തിയുള്ള സത്യം വിളിച്ചുപറഞ്ഞത് നൂറുകണക്കിന് മാധ്യമ പ്രവര്‍ത്തകരുടെ മരണത്തിന് കാരണമായി. ഇസ്‌റാഈലിനെ ചോദ്യം ചെയ്യുമ്പോള്‍ ദുരൂഹമായി ജീവന്‍ നഷ്ടപ്പെട്ട നിരവധി ആളുകളുണ്ട്.

പീഡിപ്പിക്കപ്പെട്ട കുഞ്ഞ്
മധ്യ ഗസ്സയില്‍ സംശയം ആരോപിച്ച് പിതാവിനെ ചോദ്യം ചെയ്യുന്നതിനിടെ ഉണ്ടായ പീഡനത്തില്‍ കൊച്ചു കുട്ടിക്ക് പരുക്കേറ്റതിന്റെ ദൃശ്യങ്ങള്‍ എങ്ങും പ്രതിഷേധം ഇളക്കിവിട്ടിരിക്കുകയാണ്. കുറ്റസമ്മതം നടത്താന്‍ സമ്മര്‍ദം ചെലുത്താന്‍ മധ്യ ഗസ്സയില്‍ ഒന്നര വയസ്സുകാരനെയാണ് ഇസ്‌റാഈല്‍ പട്ടാളക്കാര്‍ കഠിനമായി ഉപദ്രവിച്ചതെന്ന് ഫലസ്തീന്‍ പത്രപ്രവര്‍ത്തകനെ ഉദ്ധരിച്ച് ഫലസ്തീന്‍ ടിവി റിപോര്‍ട്ട് ചെയ്തു. അല്‍മഗാസി അഭയാര്‍ഥി ക്യാമ്പിന് സമീപം സൈന്യം കസ്റ്റഡിയിലെടുത്ത കരീം എന്ന ഈ ബാലന് ഗുരുതര പരുക്കേറ്റിട്ടുണ്ട്. സംപ്രേഷണം ചെയ്ത ദൃശ്യങ്ങളില്‍ കുട്ടിയുടെ മുഖത്ത് കാര്യമായ ക്ഷതങ്ങള്‍ കാണാം. ഏക വരുമാനമായിരുന്ന കുതിരയുടെ മരണത്തെ തുടര്‍ന്ന് കുട്ടിയുടെ പിതാവ് ഉസാമ അബൂ നാസര്‍ മാനസികമായി തകര്‍ന്നിരുന്നു. സാധനങ്ങള്‍ വാങ്ങാന്‍ മകനെയും കൂട്ടി പോകുമ്പോള്‍ വീടിനടുത്ത് വെച്ച് ഇസ്‌റാഈല്‍ സൈന്യത്തിന്റെ വെടിവെപ്പുണ്ടായി.

പിതാവിനൊപ്പം കരീമിനെയും സമീപത്തെ സൈനിക ചെക്ക് പോസ്റ്റിലേക്ക് പട്ടാളക്കാര്‍ വലിച്ചിഴച്ചു. തുടര്‍ന്ന് സൈന്യം കുട്ടിയെ പീഡിപ്പിച്ചു, കാലില്‍ ആണി അടിച്ചുകയറ്റി, കത്തിച്ച സിഗരറ്റ് ഉപയോഗിച്ച് ശരീരം പൊള്ളിച്ചു. വിശദമായ മെഡിക്കല്‍ പരിശോധനകളിലെല്ലാം പീഡനങ്ങള്‍ സ്ഥിരീകരിച്ചു. പ്രതിഷേധത്തെ തുടര്‍ന്ന് 10 മണിക്കൂറിനുശേഷം കുട്ടിയെ ഇസ്‌റാഈല്‍ സൈന്യം മോചിപ്പിക്കുകയും അല്‍മഗാസിയിലെ ഇന്റര്‍നാഷനല്‍ കമ്മിറ്റി ഓഫ് റെഡ് ക്രോസ് വഴി കുടുംബത്തിന് കൈമാറുകയും ചെയ്തു. എന്നാല്‍ ഉസാമ അബൂനാസര്‍ ഇസ്‌റാഈല്‍ തടങ്കലില്‍ തുടരുന്നു. വൈദ്യചികിത്സ ലഭിക്കുന്നതിന് അദ്ദേഹത്തിന്റെ മോചനം ഉറപ്പാക്കാന്‍ ഇടപെടണമെന്ന് കുടുംബം അന്താരാഷ്ട്ര സംഘടനകളോട് അഭ്യര്‍ഥിക്കുന്നു.

വെസ്റ്റ് ബാങ്കില്‍ തുടര്‍ച്ചയായ സംഘര്‍ഷങ്ങള്‍ നിലനില്‍ക്കുന്നതിനിടെയാണ് കുട്ടിക്കു നേരെയുണ്ടായ അവിശ്വസനീയമായ പീഡനങ്ങള്‍. ഷെല്ലാക്രമണം, തീയിടല്‍, വെടിവെപ്പ് തുടങ്ങിയവയുള്‍പ്പെടെ ഇസ്‌റാഈല്‍ ആക്രമണങ്ങള്‍ സമീപ ദിവസങ്ങളില്‍ കൂടി വരികയാണ്. 2026 മാര്‍ച്ച് ഇതുവരെ 25 ഫലസ്തീനികളെ കൊലപ്പെടുത്തിയിട്ടുണ്ടെന്നാണ് കണക്കുകള്‍. വെടിനിര്‍ത്തല്‍ കരാര്‍ ഉണ്ടായിരുന്നിട്ടും മേഖലയില്‍ ദിവസേനയുള്ള അക്രമങ്ങള്‍ തുടരുകയാണ്. ഗസ്സയുടെ ഭൂരിഭാഗവും എന്ന പോലെ ബുറൈജ് അഭയാര്‍ഥി ക്യാമ്പും തുടര്‍ച്ചയായ ആക്രമണങ്ങളാല്‍ തകര്‍ന്നു. താമസസ്ഥലങ്ങള്‍ നിലംപരിശായി. അടിസ്ഥാന സേവനങ്ങള്‍ സ്തംഭിച്ചു. കുട്ടികള്‍ക്ക് അതിജീവനം തന്നെ ദൈനംദിന പോരാട്ടമായി മാറിയിരിക്കുന്നു. യുദ്ധഭൂമിയില്‍ ശാരീരിക പരുക്കുകള്‍ക്കൊപ്പം മാനസികാഘാതവും കൂടിച്ചേര്‍ന്ന ഭീതിതമായ അവസ്ഥ.

Latest