Connect with us

Ongoing News

ഷൂമാക്കര്‍ ആരോഗ്യം വീണ്ടെടുക്കുന്നു; കിടപ്പില്‍ നിന്ന് മുക്തനായതായി റിപോര്‍ട്ട്

വീല്‍ച്ചെയറില്‍ ഇരിക്കാവുന്ന നിലയിലേക്ക് 57കാരനായ താരത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടതായാണ് വിവരം.

Published

|

Last Updated

ബെര്‍ലിന്‍ | സ്‌കീയിങിനിടെ തലക്ക് ഗുരുതരമായി പരുക്കേറ്റ് കിടപ്പിലായ ഫോര്‍മുല വണ്‍ ഇതിഹാസം മൈക്കിള്‍ ഷൂമാക്കര്‍ ആരോഗ്യം വീണ്ടെടുക്കുന്നതായി റിപോര്‍ട്ട്. ഫോക്‌സ് സ്‌പോര്‍ട്‌സ് ചാനലാണ് റിപോര്‍ട്ട് പുറത്തുവിട്ടത്. വീല്‍ച്ചെയറില്‍ ഇരിക്കാവുന്ന നിലയിലേക്ക് 57കാരനായ താരത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടതായാണ് വിവരം.

തന്റെ വസതിക്കു പരിസരത്തുള്ള മജോര്‍ക്കയിലും ജനീവ തടാകത്തിനു സമീപവും അദ്ദേഹം എത്താറുണ്ട്. ഭാര്യ കൊറിന്നയുടെയും സമര്‍പ്പിതമനസ്‌കരായ മെഡിക്കല്‍ സംഘത്തിന്റെയും പരിചരണത്തിന്റെ തണലിലാണ് ജര്‍മന്‍ താരം സാധാരണ ജീവിതത്തിലേക്ക് പതുക്കെ തിരിച്ചുവരുന്നത്. ഷൂമാക്കറിന്റെ ആരോഗ്യസ്ഥിതിയുമായി ബന്ധപ്പെട്ട് ഏറെക്കാലമായി ഒരു വിവരവുമുണ്ടായിരുന്നില്ല. കണ്ണുകള്‍ ചിമ്മി മാത്രം പ്രതികരിക്കാന്‍ കഴിയുന്ന അതീവ ഗുരുതരാവസ്ഥയിലാണ് അദ്ദേഹമെന്നായിരുന്നു പുറത്തുവന്ന അഭ്യൂഹം. എന്നാല്‍, പുതിയ റിപോര്‍ട്ട് വ്യക്തമാക്കുന്നത് മറിച്ചാണ്. തനിക്ക് ചുറ്റും സംഭവിക്കുന്നതില്‍ ചില കാര്യങ്ങളെല്ലാം അദ്ദേഹത്തിന് മനസ്സിലാക്കാന്‍ കഴിയുന്നുണ്ട്. എന്നാല്‍, എല്ലാം തിരിച്ചറിയാന്‍ സാധിക്കുന്നുമില്ല. രണ്ട് വര്‍ഷം മുമ്പ് മകള്‍ ഗിന മറിയയുടെ വിവാഹ ചടങ്ങില്‍ അദ്ദേഹം സന്നിഹിതനാകുമെന്ന് അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. എന്നാല്‍, ഇത് അടിസ്ഥാനരഹിതമാണെന്ന് പിന്നീട് വ്യക്തമായി. ഈമാസമാദ്യം ഷൂമാക്കറുടെ ജന്മദിന വേളയില്‍ ഗിന മറിയ ഒരു കുടുംബ ഫോട്ടോ പുറത്തുവിട്ടിരുന്നു. പക്ഷെ, ഇത് അപകടത്തിന് മുമ്പെടുത്തതായിരുന്നു. ‘എക്കാലത്തേക്കും ഏറ്റവും നല്ലത്, പിറന്നാള്‍ ആശംസകള്‍ പപ്പാ’ എന്നാണ് ഫോട്ടോക്കടിയില്‍ കുറിച്ചിരുന്നത്.

12 വര്‍ഷം മുമ്പ് ഫ്രഞ്ച് ആല്‍പ്‌സിലെ മെറിബെല്‍ റിസോര്‍ട്ടിനു സമീപം സ്‌കീയിങ് നടത്തുന്നതിനിടെയാണ് പാറക്കെട്ടില്‍ തലയിടിച്ച് മൈക്കിള്‍ ഷൂമാക്കറിന് ഗുരുതരമായി പരുക്കേറ്റത്. ഫോര്‍മുല വണില്‍ ഏഴു തവണ ചാമ്പ്യനായ താരമാണ് ഷൂമാക്കര്‍.

Latest