Ongoing News
ആശങ്കകള്‍ക്ക് വിരാമം; ഐ എസ് എല്‍ 2025-26 സീസണ്‍ ഫെബ്രുവരി 14ന് ആരംഭിക്കും
ഉന്നതതല യോഗത്തിലാണ് തീരുമാനം. 91 മത്സരങ്ങളാണ് ഉണ്ടാവുക. ഹോം-എവേ രീതിയിലാണ് മത്സരങ്ങള്‍ ക്രമീകരിക്കുക.
ന്യൂഡല്‍ഹി | ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐ എസ് എല്‍) ഫുട്‌ബോള്‍ 2025-26 സീസണിന് ഫെബ്രുവരി 14ന് തുടക്കമാകും. സര്‍ക്കാര്‍, അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍, ക്ലബ് പ്രതിനിധികള്‍ എന്നിവര്‍ ഉള്‍പ്പെട്ട ഉന്നതതല യോഗത്തിലാണ് തീരുമാനം.
91 മത്സരങ്ങളാണ് ഉണ്ടാവുകയെന്ന് യോഗ ശേഷം കേന്ദ്ര കായിക മന്ത്രി മന്‍സൂക് മാണ്ഡവ്യ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.. ഹോം-എവേ രീതിയിലാണ് മത്സരങ്ങള്‍ ക്രമീകരിക്കുക. എന്നാല്‍, ചില ടീമുകള്‍ക്ക് ഹോം മാച്ചാണ് അധികമെങ്കില്‍ മറ്റ് ചിലതിന് എവേ മാച്ചുകളായിരിക്കും കൂടുതലുണ്ടാവുക. ഓരോ ടീമിനും സിംഗിള്‍ മാച്ചുകളേ ഉണ്ടാവുകയുള്ളൂ. രണ്ട് തലത്തിലെയും മത്സരങ്ങളുടെ ഫിക്‌സ്ചറുകള്‍ക്ക് ഫെഡറേഷനും ബന്ധപ്പെട്ട ഐ എസ് എല്‍ ക്ലബുകളും തമ്മില്‍ നടക്കുന്ന ചര്‍ച്ചയില്‍ അന്തിമരൂപം നല്‍കും.
ഈസ്റ്റ് ബംഗാള്‍, മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ് ഉള്‍പ്പെടെ പത്ത് ടീമുകള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. 14 ക്ലബുകളും ലീഗില്‍ കളിക്കുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് കായിക മന്ത്രാലയവും ഫുട്‌ബോള്‍ ഫെഡറേഷനും. നാല് ക്ലബുകള്‍ തീരുമാനമെടുക്കുന്നതിനായി 24 മണിക്കൂര്‍ സമയം തേടിയിട്ടുണ്ട്. മോഹന്‍ ബഗാന്‍, ഈസ്റ്റ് ബംഗാള്‍, മുഹമ്മദന്‍ എഫ് സി, കേരള ബ്ലാസ്റ്റേഴ്സ്, എഫ് സി ഗോവ, മുംബൈ സിറ്റി എഫ് സി, ചെന്നൈയിന്‍ എഫ് സി, എഫ് സി ഡല്‍ഹി, ബെംഗളൂരു എഫ് സി, നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ് സി, ജംഷഡ്പൂര്‍ എഫ് സി, ഒഡീഷ എഫ് സി, ഇന്റര്‍ കാശി എന്നിവയാണ് 14 ക്ലബുകള്‍.
വാണിജ്യ പങ്കാളിയുടെ അഭാവം മൂലം ഐ എസ് എല്‍ സംഘടിപ്പിക്കുന്നത് താത്ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. ഇത് സീസണിന്റെ ഭാവി സംബന്ധിച്ച് കടുത്ത ആശങ്കകള്‍ക്ക് വഴിവെച്ചിരുന്നു. ഈ ആശങ്കകള്‍ക്കാണ് ഇപ്പോള്‍ വിരാമമായിരിക്കുന്നത്.



