articles
അകമേ നിറയേണ്ടത്, പുറമേ കാട്ടേണ്ടതുണ്ടോ?
ആര്‍ഭാടം ആദ്യം കണ്ണുകളെ ആകര്‍ഷിക്കും, പിന്നെ മനസ്സിനെ അടിമയാക്കും. ലാളിത്യം ദാരിദ്ര്യമല്ല, ദൈവബോധമാണ്.
മനുഷ്യന്‍ പ്രദര്‍ശനപരതയുടെ പിടിയിലാണ്. എല്ലാം പ്രദര്‍ശിപ്പിക്കണം, അതിനാല്‍ ഏറ്റവും മെച്ചപ്പെട്ടത് തന്റേതെന്ന് മറ്റുള്ളവര്‍ പറയണമെന്ന ചിന്ത മനുഷ്യനെ ആര്‍ഭാടത്തിലേക്ക് തള്ളിവിടുന്നു. വിവാഹം മത്സരമാകുന്നു, വീടകം മുതൽ സ്വകാര്യമെന്ന് കരുതുന്ന മുഴുവനും പ്രദര്‍ശനശാലകളാകുന്നു. ആഘോഷങ്ങള്‍ ആഡംബരപ്രഖ്യാപനങ്ങളാകുന്നു. എന്നാല്‍, ഇത്രയും ആര്‍ഭാടത്തിനിടയില്‍ മനുഷ്യന്‍ സമാധാനിയായോ? ഇല്ലെന്നതല്ലേ യാഥാർഥ്യം.
മിതത്വമാണ് മഹത്വമെന്നാണ് സ്രഷ്ടാവ് നമ്മെ ഓർമപ്പെടുത്തുന്നത്. അധ്യായം ഏഴില്‍ വചനം 31ല്‍ പറയുന്നു: “ഭക്ഷിക്കൂ, കുടിക്കൂ, എന്നാല്‍ അതിരുകടക്കരുത്.’ ഇത് ഭക്ഷണശീലത്തെക്കുറിച്ചുള്ള നിർദേശം മാത്രമല്ല; ജീവിതത്തിന്റെ സമഗ്ര തത്ത്വശാസ്ത്രമാണ്. ചെലവിലും വേഷത്തിലും ആഘോഷങ്ങളിലും നിർമാണങ്ങളിലും എല്ലായിടത്തും അതിരുകടക്കുന്നത് മനുഷ്യനെ ആത്മീയ ദൗര്‍ബല്യത്തിലേക്കാണ് നയിക്കുക.
ആര്‍ഭാടം ആദ്യം കണ്ണുകളെ ആകര്‍ഷിക്കും, പിന്നെ മനസ്സിനെ അടിമയാക്കും. ലാളിത്യം ദാരിദ്ര്യമല്ല, ദൈവബോധമാണ്. പിശുക്കല്ല, ഒന്നിനോടും അടിപ്പെടാത്ത മനസ്സാണ്. സമ്പത്തുണ്ടാകാം, എന്നാല്‍ അതിന്റെ പ്രദര്‍ശനം വേണ്ട. നല്ല ഭക്ഷണം കഴിക്കാം; ഞാന്‍ ഇത് കഴിച്ചെന്ന സ്റ്റാറ്റസിടുന്നത് എന്തിനാണ്. ഇസ്്ലാം സമ്പത്തിനെയല്ല, സമ്പത്തിന്റെ അഹങ്കാരത്തെയാണ് നിരസിക്കുന്നത്. തിരുനബിയുടെ ജീവിതം ലാളിത്യത്തിന്റെ ഉജ്ജ്വല മാതൃകയാണ്. ലോക ചരിത്രത്തെ മാറ്റിമറിച്ച നേതാവായിരുന്നെങ്കിലും അവിടുത്തെ വീടിന്റെ മേല്‍ക്കൂര സാധാരണമായിരുന്നു; മാസങ്ങൾ അടുപ്പില്‍ തീ പുകയാതെ പോയ കാലമുണ്ടായിരുന്നു. പക്ഷേ, സന്തോഷം കുറവായിരുന്നില്ല. കാരണം അവിടെ ദൈവസ്മരണയും സ്‌നേഹവുമാണ് ഉണ്ടായിരുന്നത്.
“ഈ ലോകത്ത് ഒരു അന്യനോ യാത്രക്കാരനോ ആയിരിക്കുക’- (സ്വഹീഹ് ബുഖാരി). യാത്രക്കാരന്‍ അനാവശ്യ ഭാരങ്ങള്‍ വഹിക്കാറില്ല. ജീവിതം ഒരു യാത്രയാണെന്ന് മനസ്സിലാക്കുന്നവന്‍ ആര്‍ഭാടങ്ങളില്‍ സമയം കളയില്ല. ആര്‍ഭാടം വ്യക്തിയുടെ പ്രശ്‌നം മാത്രമല്ല, സമൂഹത്തിന്റെ കൂടിയാണ്. വിവാഹച്ചെലവുകളുടെ മത്സരം അനേകം കുടുംബങ്ങളെ ബാധ്യതകളിലേക്ക് തള്ളുന്നു. വീടുകളുടെ പ്രദര്‍ശന മത്സരം അയല്‍ക്കാരനെ സമ്മർദത്തിലാക്കുന്നു.
കുട്ടികള്‍ പോലും “മറ്റുള്ളവരെ പോലെ’ ജീവിക്കണമെന്ന് നിര്‍ബന്ധം പിടിക്കുന്നു. ലാളിത്യം സ്വീകരിക്കുമ്പോള്‍ സമൂഹത്തില്‍ സമത്വബോധം വളരും, അഹങ്കാരം കുറയും. എന്നാല്‍ ലാളിത്യം മാത്രം മതിയാകില്ല; അത് മാധുര്യമുള്ളതായിരിക്കണം.


