Ongoing News
ടി 20 ലോകകപ്പ്: ഇന്ത്യാ - പാക് പോരാട്ടം നാളെ കൊളംബോയിൽ; കായികബോധത്തോടെ കളിക്കുമെന്ന് പാക് ക്യാപ്റ്റൻ
ആഴ്ചകൾ നീണ്ട ബഹിഷ്കരണ വിവാദങ്ങൾക്കൊടുവിലാണ് ഇന്ത്യയും പാക്കിസ്ഥാനും മുഖാമുഖം വരുന്നത്.
കൊളംബോ | ടി20 ലോകകപ്പ് 2026-ലെ ആവേശം വാനോളമുയർത്തി ഇന്ത്യയും പാകിസ്താനും ഞായറാഴ്ച കൊളംബോയിൽ ഏറ്റുമുട്ടും. വൈകീട്ട് ഏഴ് മണിക്ക് പ്രേമദാസ സ്റ്റേറഡിയത്തിലാണ് പോരാട്ടം. ആഴ്ചകൾ നീണ്ട ബഹിഷ്കരണ വിവാദങ്ങൾക്കൊടുവിലാണ് ഇന്ത്യയും പാക്കിസ്ഥാനും മുഖാമുഖം വരുന്നത്.
ഈ മത്സരം മികച്ച കായികബോധത്തോടെ കളിക്കണമെന്നാണ് താൻ ആഗ്രഹിക്കുന്നതെന്ന് മത്സരത്തിന് മുന്നോടിയായുള്ള വാർത്താസമ്മേളനത്തിൽ പാകിസ്താൻ ക്യാപ്റ്റൻ സൽമാൻ അലി ആഗ പറഞ്ഞു. ലോകകപ്പ് വേദികളിൽ ഇന്ത്യയ്‌ക്കെതിരെ പാകിസ്താന്റെ റെക്കോർഡ് മികച്ചതല്ലെന്ന് സമ്മതിച്ച അദ്ദേഹം, എന്നാൽ മുൻകാല കണക്കുകൾക്ക് നിലവിലെ മത്സരത്തിൽ പ്രസക്തിയില്ലെന്നും കൂട്ടിച്ചേർത്തു.
ഇന്ത്യൻ ഓപ്പണർ അഭിഷേക് ശർമ്മയുടെ പരിക്കിനെക്കുറിച്ചും സൽമാൻ സംസാരിച്ചു. വയറിലെ അണുബാധയെത്തുടർന്ന് ചികിത്സയിലായിരുന്ന അഭിഷേക് വേഗത്തിൽ സുഖം പ്രാപിച്ച് മത്സരത്തിന് ഇറങ്ങണമെന്നാണ് തന്റെ ആഗ്രഹമെന്നും, ഏറ്റവും മികച്ച ടീമിനെതിരെ കളിക്കാനാണ് പാകിസ്താൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ബാബർ അസമിന്റെ ഫോമിലോ സ്പിന്നർ ഉസ്മാൻ താരിക്കിന്റെ ബൗളിംഗ് ആക്ഷനിലോ തനിക്ക് ആശങ്കയില്ലെന്നും സൽമാൻ പറഞ്ഞു.
അതേസമയം, കൊളംബോയിലെ കാലാവസ്ഥ ആരാധകരെ ആശങ്കയിലാഴ്ത്തുന്നുണ്ട്. ഞായറാഴ്ച 60 ശതമാനത്തിലധികം മഴയ്ക്ക് സാധ്യതയുള്ളതിനാൽ മത്സരം തടസ്സപ്പെട്ടേക്കാം.
ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ശനിയാഴ്ച വൈകിട്ട് മാധ്യമങ്ങളെ കാണും.





