National
വന്ദേമാതരത്തെ അപമാനിച്ചാൽ ക്രിമിനല്‍ കുറ്റം; ബില്‍ പാര്‍ലമെന്റ് പാസാക്കി
രണ്ട് അംഗങ്ങള്‍ ബില്ലില്‍ സംസാരിച്ചശേഷം,ദേശീയ ബഹുമതി അനാദരവ് ഭേദഗതി ബില്‍, 2026 ശബ്ദവോട്ടോടെ പാസാക്കി.
ന്യൂഡല്‍ഹി| ദേശീയ ഗീതമായ വന്ദേമാതരത്തെ അപമാനിക്കുന്നത് കുറ്റകരമാക്കുന്ന ബില്‍ (ദേശീയ ബഹുമതി അനാദരവ് ഭേദഗതി ബില്‍)ഇന്ന് പാര്‍ലമെന്റ് പാസാക്കി. രണ്ട് അംഗങ്ങള്‍ ബില്ലില്‍ സംസാരിച്ചശേഷം ദേശീയ ബഹുമതി അനാദരവ് ഭേദഗതി ബില്‍ , 2026 ശബ്ദവോട്ടോടെ പാസാക്കുകയായിരുന്നു. വന്ദേമാതരത്തെ അപമാനിക്കുന്നത് ക്രിമിനല്‍ കുറ്റമാക്കുന്നതാണ് ബില്‍.
ദേശീയഗാനമായ ജനഗണമനയ്ക്ക് തുല്യമായ പദവി വന്ദേമാതരത്തിന് നല്‍കുന്നതിനുള്ള ഒരു പ്രധാന നടപടിയാണിതെന്ന് ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ച ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് പറഞ്ഞു. മുന്‍ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ വന്ദേമാതരത്തിന് അര്‍ഹമായ പദവി നല്‍കണമായിരുന്നുവെന്നും എന്നാല്‍ പ്രീണന രാഷ്ട്രീയത്തില്‍ ഏര്‍പ്പെട്ടിരുന്നതിനാല്‍ അവര്‍ അത് നല്‍കിയില്ലെന്നും അദ്ദേഹം പറഞ്ഞു.
വന്ദേമാതരം ചൊല്ലിയാണ് റായ് ലോക്സഭയില്‍ തന്റെ ഹ്രസ്വ പ്രസ്താവന അവസാനിപ്പിച്ചത്. ഡിഎംകെയിലെ എ രാജ ഉള്‍പ്പെടെയുള്ള പ്രതിപക്ഷ അംഗങ്ങള്‍ കൊണ്ടുവന്ന ഭേദഗതികള്‍ ശബ്ദവോട്ടോടെ തള്ളി. പിന്നീട് രാജ ചില രേഖകള്‍ കീറിക്കളഞ്ഞു. ബുധനാഴ്ച രാജ്യസഭ ബില്‍ പാസാക്കിയിരുന്നു.
Content Highlights:
Parliament passed the Prevention of Insults to National Honour Amendment Bill 2026 making disrespect to Vande Mataram a criminal offense. Union Minister Nityanand Rai stated the law grants the national song equal status to the National Anthem. Opposition amendments were rejected by voice vote.



