Aksharam Education
ഗാലക്സിയുടെ കഥ
പാലുപോലുള്ള എന്ന് അർഥം വരുന്ന ഗാലക്‌സിയാസ് എന്ന ഗ്രീക്ക് പദത്തിൽ നിന്നാണ് ഗാലക്‌സി എന്ന ഇംഗ്ലീഷ് പദമുണ്ടായത്.
രാത്രി ആകാശത്തേക്ക് നോക്കുമ്പോൾ കാണുന്ന എണ്ണമറ്റ നക്ഷത്രങ്ങൾ എത്ര മനോഹരമാണ് അല്ലേ… അങ്ങനെ കാണുന്നതും കാണാൻ കഴിയാത്തതുമായി കോടിക്കണക്കിന് നക്ഷത്രങ്ങൾ, അവയുടെ സൗരയൂഥങ്ങൾ, ഗുരുത്വാകർഷണത്താൽ ഒന്നിച്ചുചേർന്നിരിക്കുന്ന വാതകം, പൊടിപടലങ്ങൾ എന്നിവയെല്ലാം അടങ്ങിയിരിക്കുന്ന ഒരു വലിയ വ്യൂഹത്തെ കുറിച്ച് പഠിക്കുന്നത് തന്നെ ഏറെ രസാവഹമായിരിക്കും. അതിബൃഹത്തായ ഈ വ്യൂഹമാണ് ഗാലക്‌സി അഥവാ താരാപഥം എന്ന് പറയുന്നത്. പാലുപോലുള്ള എന്ന് അർഥം വരുന്ന ഗാലക്‌സിയാസ് എന്ന ഗ്രീക്ക് പദത്തിൽ നിന്നാണ് ഗാലക്‌സി എന്ന ഇംഗ്ലീഷ് പദമുണ്ടായത്.
പതിനായിരം കോടിയിലധികം ഗാലക്‌സികളെ ബഹിരാകാശ ടെലിസ്‌കോപ്പുകൾ തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാൽ, ഇതിനേക്കാളും 20 മടങ്ങ് കൂടുതലാണ് ഗാലക്‌സികളുടെ എണ്ണമെന്ന് ബ്രിട്ടനിലെ നോട്ടിംഗ്ഹാം സർവകലാശാലയിലെ ക്രിസ്റ്റഫർ കോൺസലസിന്റെ നേതൃത്വത്തിലുള്ള ഗവേഷകസംഘം കണ്ടെത്തുകയുണ്ടായി. ഇവരുടെ കണക്കനുസരിച്ച്, പ്രപഞ്ചത്തിൽ രണ്ട് ലക്ഷം കോടി ഗാലക്‌സികൾ ഉണ്ട്.
ഒരു കോടിയോളം നക്ഷത്രങ്ങൾ ഉൾക്കൊള്ളുന്ന കുള്ളൻ ഗാലക്‌സികൾ മുതൽ ഒരു ലക്ഷം കോടി നക്ഷത്രങ്ങൾ ഉൾക്കൊള്ളുന്ന ഭീമൻ ഗാലക്‌സികൾ വരെ ഇതിൽ ഉണ്ട്. ഒരു ഗാലക്‌സിയിലെ ശരാശരി നക്ഷത്രങ്ങളുടെ എണ്ണം 10,000 കോടിയാണ്.
ഭൂമി ഉൾകൊള്ളുന്ന ആകാശഗംഗക്ക് പുറത്ത് നമ്മുടെ ഏറ്റവും അടുത്തുള്ളതും നഗ്‌നനേത്രങ്ങൾ കൊണ്ട് കാണാവുന്നതുമായ ഗാലക്‌സിയാണ് ആൻഡ്രോമിഡ. ഇതിലേക്ക് പോലും 23 ലക്ഷം പ്രകാശവർഷം ദുരമുണ്ടെന്നാണ് കണക്ക്. നഗ്‌നനേത്രങ്ങൾ കൊണ്ട് മറ്റൊരു ഗാലക്‌സിയെയും കാണാനാകില്ലെങ്കിലും അതിശക്തമായ ടെലിസ്‌കോപ്പുകളിലൂടെ ഭൂമിയിൽ നിന്ന് ഏതു ദിശയിൽ നോക്കിയാലും അനേകം ഗാലക്‌സികളെ കാണാനാകും.
ഉപഗ്രഹ ഗാലക്‌സികൾ
സാധാരണ ഗാലക്‌സികളെ ചുറ്റുന്നത് നക്ഷത്രങ്ങളാണ്. ചില പിണ്ഡം കുറഞ്ഞ ഗാലക്‌സികൾ മറ്റു ഗാലക്‌സികളെ ചുറ്റുന്നതായി തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവയാണ് ഉപഗ്രഹ ഗാലക്‌സികൾ (Satellite galaxies). നമ്മുടെ ഗാലക്‌സിയായ ആകാശഗംഗക്ക് ഇത്തരത്തിൽ ചില ഉപഗ്രഹ ഗാലക്‌സികളുണ്ട്. 1,63,000 പ്രകാശവർഷം അകലെയുള്ള ലാർജ് മെഗല്ലാനിക് ക്ലൗഡ് ആണ് ഇവയിൽ ഏറ്റവും വലുത്. ഇതിന് ആകാശഗംഗയുടെ നൂറിലൊന്ന് വലുപ്പമുണ്ട്. ഉപഗ്രഹ ഗാലക്‌സികൾ പ്രധാന ഗ്യാലക്‌സിയെ ചുറ്റുമ്പോഴും അവയിലെ ഓരോ അംഗനക്ഷത്രവും ഉപഗ്രഹ ഗാലക്‌സിയുടെ കേന്ദ്രത്തെയും ചുറ്റിക്കൊണ്ടിരിക്കും.
സൗരയൂഥം
സൗരയൂഥത്തിന്റെ കേന്ദ്രസ്ഥാനം സൂര്യനാണ്. സൂര്യനും അതിനെ വലംവെക്കുന്ന എട്ട് ഗ്രഹങ്ങളും(പണ്ടുകാലത്ത് പ്ലൂട്ടോയെയും ചേർത്ത് ഒന്പത് ഗ്രഹങ്ങൾ ഉണ്ടായിരുന്നു. എന്നാൽ, 2006ൽ പ്ലൂട്ടോയെ കുള്ളൻ ഗ്രഹമായി മാറ്റി. അതോടെയാണ് ഗ്രഹങ്ങളുടെ എണ്ണം എട്ടായി ചുരുങ്ങിയത്) ഉപഗ്രഹങ്ങളും ഛിന്നഗ്രഹങ്ങളും അടങ്ങുന്നതാണ് സൗരയൂഥം എന്ന് പറയുന്നത്. ഗാലക്‌സിയെ അപേക്ഷിച്ച് വളരെ ചെറുതാണ് സൗരയൂഥം. ലളിതമായി പറഞ്ഞാൽ, ഗാലക്‌സി എന്നത് ഒരു വലിയ രാജ്യം പോലെയാണെങ്കിൽ സൗരയൂഥം അതിലെ ഒരു ചെറിയ വീട് മാത്രമാണ്.
ഉപഗ്രഹങ്ങൾ
സൂര്യനെ വലംവെക്കുന്ന ആകാശഗോളങ്ങളാണ് ഗ്രഹങ്ങൾ. ആ ഗ്രഹങ്ങളെ വലംവെക്കുന്ന ഗോളങ്ങളാണ് ഉപഗ്രഹങ്ങൾ. നമ്മുടെ സൗരയുഥത്തിൽ നൂറുകണക്കിന് ഉപഗ്രഹങ്ങളുമുണ്ട്. ഗ്രഹങ്ങളുടെ ഗുരുത്വാകർഷണത്താൽ അവയെ ചുറ്റുന്ന ചന്ദ്രനെ പോലെയുള്ള ഗോളങ്ങളെ പ്രകൃതിദത്ത ഉപഗ്രഹങ്ങൾ എന്ന് പറയാം. എന്നാൽ, മനുഷ്യൻ നിർമിച്ച് വിവര വിനിമയത്തിനും കാലാവസ്ഥാ നിരീക്ഷണത്തിനുമൊക്കെയായി ബഹിരാകാശത്ത് എത്തിക്കുന്ന യന്ത്രങ്ങളാണ് കൃത്രിമ ഉപഗ്രങ്ങൾ.
ആകാശഗംഗ
നാം ജീവിക്കുന്ന ഭൂമി ഉൾപ്പെടുന്നത് സൗരയൂഥത്തിലാണ്. ആ സൗരയൂഥം സ്ഥിതി ചെയ്യുന്നത് ആകാശഗംഗ എന്ന ഗാലക്‌സിയിലാണ്.
നഗ്‌നനേത്രങ്ങൾ കൊണ്ട് കാണുന്ന നക്ഷത്രങ്ങളെല്ലാം ആകാശഗംഗ എന്ന ഗാലക്‌സിയിലെ അംഗങ്ങളാണ്. ഒരു ലക്ഷം പ്രകാശവർഷം വ്യാസമുള്ള ആകാശഗംഗയിൽ പതിനായിരം കോടിയിലധികം നക്ഷത്രങ്ങളുണ്ട്. ഇതിലെ നക്ഷത്രങ്ങളെല്ലാം അവയുടെ ഗ്രഹങ്ങളെയും ഉപഗ്രഹങ്ങളെയുംകൊണ്ട് ഗാലക്‌സിയുടെ കേന്ദ്രത്തിന് ചുറ്റും അതിവേഗം കറങ്ങിക്കൊണ്ടിരിക്കുന്നു.
ആകാശഗംഗയുടെ കേന്ദ്രത്തിൽ നിന്ന് 30,000 പ്രകാശവർഷം അകലെ സ്ഥിതിചെയ്യുന്ന സൂര്യൻ മണിക്കൂറിൽ 8,28,000 കിലോ മീറ്റർ വേഗത്തിലാണ് കേന്ദ്രത്തിന് ചുറ്റും കറങ്ങുന്നത്. ഒരു കറക്കം പൂർത്തിയാക്കാൻ 23 കോടി വർഷങ്ങൾ വേണ്ടി വരുമെന്നാണ് കണക്ക്. ആകാശഗംഗയെ അതിനുള്ളിൽനിന്ന് തന്നെ നോക്കുന്നതുകൊണ്ട് അതിന്റെ ശരിയായ രൂപം കാണാൻ നമുക്കാകില്ല.
സൗരയൂഥത്തിലെ ഗ്രഹങ്ങൾ
- ബുധൻ (Mercury): സൂര്യനോട് ഏറ്റവും അടുത്തുള്ള ചെറിയ ഗ്രഹം.
- ശുക്രൻ (Venus): തിളക്കമുള്ളതും രണ്ടാമത്തേതുമായ ഗ്രഹം.
- ഭൂമി (Earth): ജീവനുള്ള ഒരേയൊരു നീലഗ്രഹം.
- ചൊവ്വ (Mars): മണ്ണിൽ ഇരുമ്പ് ഉള്ളതിനാൽ ചുവന്ന നിറമുള്ള ഗ്രഹം.
- വ്യാഴം (Jupiter): സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹം.
- ശനി (Saturn): മനോഹരമായ വലയങ്ങൾ ഉള്ള വാതക ഗ്രഹം.
- യുറാനസ് (Uranus): വശത്തേക്ക് കിടന്ന് തിരിയുന്ന നീല-പച്ച ഗ്രഹം.
- നെപ്ട്യൂൺ (Neptune): സൂര്യനിൽ നിന്ന് ഏറ്റവും അകലെ സ്ഥിതി ചെയ്യുന്ന കാറ്റുള്ള ഗ്രഹം.
Content Highlights:
An informative overview of galaxies, the Milky Way, satellite galaxies, and our solar system. The universe contains an estimated two trillion galaxies according to research. It detail how the solar system, including Earth and seven other planets, fits into the vast galaxy.




