Connect with us

Aksharam Education

പ്രയോഗഭംഗി കണ്ടെത്തൽ

മലയാളം അടിസ്ഥാന പാഠാവലി പരീക്ഷക്ക് സാധാരണ ചോദിക്കാറുള്ള ഒന്നാണിത്.

Published

|

Last Updated

ലയാളം അടിസ്ഥാന പാഠാവലി പരീക്ഷക്ക് സാധാരണ ചോദിക്കാറുള്ള ഒന്നാണിത്. ആശയങ്ങളോ വാക്കുകളോ ആകർഷകമായി അവതരിപ്പിക്കുന്നതിനെയാണ് സാഹിത്യത്തിൽ പ്രയോഗഭംഗി എന്നതുകൊണ്ട് അർഥമാക്കുന്നത്. കവിതയിലോ ഗദ്യത്തിലോ ഉപയോഗിക്കുന്ന പദങ്ങൾക്ക് ലഭിക്കുന്ന അർഥവ്യാപ്തി വളരെ പ്രധാനമാണ്. ഉപമ, രൂപകങ്ങൾ പോലുള്ള അലങ്കാരങ്ങൾ ഉപയോഗിക്കുമ്പോൾ ആശയങ്ങൾക്ക് കിട്ടുന്ന ആസ്വാദനാംശത്തേക്കാൾ വലുതാണത്.

താഴെപ്പറയുന്ന ഘടകങ്ങൾ ഉത്തരമെഴുതുമ്പോൾ ശ്രദ്ധിക്കേണ്ടതാണ്.

പദങ്ങൾ തമ്മിൽ ചേരുമ്പോൾ സവിശേഷമായ അർഥതലം ലഭിക്കുന്നുണ്ടോ എന്ന് നോക്കണം. പദങ്ങൾ ആവർത്തിച്ചു പ്രയോഗിക്കുമ്പോൾ വരുന്ന അർഥതലവും പരിശോധിക്കണം.

“കരഞ്ഞു കരഞ്ഞ് കണ്ണീർ വറ്റിപ്പോയി’. “ചിരിച്ചു ചിരിച്ചു സഹികെട്ടു.’ എന്നിങ്ങനെയുള്ള വാക്യങ്ങൾ പരിശോധിക്കുക. ഇവിടെ പദങ്ങളുടെ ആവർത്തനം നൽകുന്ന ഭാവതലമാണ് പ്രധാനം.

“കരഞ്ഞ് കണ്ണീർ വറ്റിപ്പോയി’ എന്ന് പ്രയോഗിക്കുമ്പോൾ ലഭിക്കുന്ന കരച്ചിലിന്റെ തീവ്ര ഭാവമല്ല – “കരഞ്ഞു കരഞ്ഞ് ‘ എന്ന് ആവർത്തിക്കുന്നതിലൂടെ, ദു:ഖത്തിന്റെ തീവ്രതയും നിരന്തരമായ ദു:ഖാനുഭവവും ആണ് വായനക്കാരന് ലഭിക്കുക. അത് തന്നെയാണ് “ചിരിച്ചു ചിരിച്ച് ‘എന്ന് പ്രയോഗിക്കുമ്പോൾ ലഭിക്കുന്ന ഭാവാർഥവും.

ഇവിടെ മറ്റൊരു പ്രത്യേകത കൂടി ശ്രദ്ധിക്കേണ്ടതുണ്ട്. കഥാപാത്രങ്ങൾക്ക് സംഭവിക്കുന്ന ആന്തരികവും മാനസികവുമായ അവസ്ഥകളെ ആവിഷ്‌കരിക്കുന്നതിന് പദങ്ങളുടെ ആവർത്തനം മൂലം സാധിക്കുന്നു എന്നതാണത്. കഥാപാത്രം അനുഭവിക്കുന്ന മാനസിക സംഘർഷത്തിന്റെ തീവ്രത അവതരിപ്പിക്കുന്നതിനും ആവർത്തനം കൊണ്ട് കഴിയുന്നുണ്ട്. അതായത് വാക്കുകൾ/പദങ്ങൾ ഇങ്ങനെ പ്രയോഗിക്കുന്നതിലൂടെ ആശയ തലങ്ങളെ മനോഹരമായും ആകർഷകമായും അവതരിപ്പിക്കാൻ എഴുത്തുകാരന് കഴിയുന്നു എന്നർഥം.

ആസ്വാദനഭംഗി

പദങ്ങളുടെ കൃത്യമായ തിരഞ്ഞെടുപ്പിലൂടെയും അർഥവത്തായ ശൈലിയിലൂടെയും എഴുത്തുകാരൻ തന്റെ രചനക്ക് നൽകുന്ന സൗന്ദര്യം തന്നെയാണിത്. മലയാളികളായ സാഹിത്യകാരന്മാർ കവിതകളിലും കഥകളിലും ധാരാളമായി ഇത്തരം പ്രയോഗങ്ങൾ കൊണ്ടുവരാറുണ്ട്.

“ഉപ്പുകൊണ്ടുള്ള പ്രതിമ പോലെ അയാൾ നിന്നിടത്തു തന്നെ നിന്നു.’ എന്ന വാചകം ശ്രദ്ധിക്കുക: ഇവിടെ “ഉപ്പുകൊണ്ടുള്ള പ്രതിമ പോലെ’ എന്ന് പ്രയോഗിച്ചിരിക്കുന്നതിന്റെ ആസ്വാദനഭംഗി നോക്കൂ, അവിശ്വസനീയമായ എന്തെങ്കിലും കണ്ടപ്പോൾ, അല്ലെങ്കിൽ കേട്ടപ്പോൾ തന്റെ ബോധം നഷ്ടപ്പെട്ട് അനങ്ങാൻ കഴിയാതെ പോകുന്ന അവസ്ഥയാണിത് സൂചിപ്പിക്കുന്നത്. ഞെട്ടൽ, ഭയം, അത്ഭുതം എന്നീ വികാരങ്ങൾ പ്രകടമാക്കാൻ ഇതിൽപരം മറ്റേതൊരു പ്രയോഗത്തിലൂടെയാണ് കഴിയുക.

പത്താം ക്ലാസ്സിലെ അടിസ്ഥാന പാഠാവലിയിലെ ഖൽബിലെ നിലാവ് എന്ന കവിതയിലെ “കാത്തിരുന്ന് കാത്തിരുന്ന് ‘ എന്ന പ്രയോഗത്തിലെ കാവ്യഭംഗിയും എടുത്തു പറയത്തക്കതാണ്.

“വരയ്ക്കാതെ വരയ്ക്കാതെ അവൾ ഒക്കെയും മറന്നുപോയിരിക്കും – എന്ന വാക്യത്തിലെ ആശയപരമായ മേന്മയും കഥാപാത്രത്തിന്റെ ജീവിതാവസ്ഥയും അവതരിപ്പിക്കപ്പെടുന്നതിലെ പ്രയോഗ ഭംഗി എത്ര ആസ്വാദ്യകരമാണ്?!
വയലാറിന്റെ “പ്രയാണം’ എന്ന കവിതയിലെ “പരിവർത്തനത്തിന്റെ ഞാണൊലി’ – എന്ന പ്രയോഗം വ്യത്യസ്തമാണ്. ഞാൺ വലിച്ചു വിടുമ്പോഴുള്ള ശബ്ദമാണ് ഞാണൊലി. ശാസ്ത്രാവബോധം വഴി ലോകത്തിനുണ്ടാകുന്ന മാറ്റത്തിന്റെ പ്രഖ്യാപനം തന്നെയായി “ഞാണൊലി’ പ്രയോഗം ശക്തി പ്രാപിക്കുകയാണിവിടെ.

ചോദ്യഭാഗത്ത് തന്നിരിക്കുന്ന കവിതയിലെയോ, കഥയിലെയോ സന്ദർഭങ്ങൾക്ക് ഇത്തരത്തിൽ പരിശോധിച്ച് ഉത്തരം തയ്യാറാക്കുകയാണ് വേണ്ടത്. ഉത്തരത്തിന്റെ ആദ്യ ഭാഗത്ത് എഴുതിയതാര് ? ഏത് പാഠഭാഗം? എന്താണ് സന്ദർഭം? എന്നെഴുതുക. പിന്നീടുള്ള പാരഗ്രാഫുകളിൽ മേൽപ്പറഞ്ഞ തരത്തിലുള്ള പ്രത്യേകതകൾ കണ്ടെത്തി എഴുതുക. ഫുൾ മാർക്ക് കിട്ടും.

Content Highlights:
A comprehensive study guide for SSLC students on explaining Prayagabhangi in Basic Malayalam. It highlights how word repetitions and literary figures enhance emotion and meaning in prose and poetry. Following these structured steps will help students score full marks in exams.

---- facebook comment plugin here -----

Latest