National
കേരളത്തില്‍ പി എം ശ്രീ പദ്ധതി നടപ്പിലാക്കിയിട്ടില്ല; കേന്ദ്ര മന്ത്രി രാജ്യസഭയില്‍ വ്യക്തമാക്കി
പി എം ശ്രീ വിഷയത്തില്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ പറഞ്ഞത് ശരിയാണെന്ന് തെളിഞ്ഞതായി മുന്‍ മന്ത്രി വി ശിവന്‍കുട്ടി പ്രതികരിച്ചു
ന്യൂഡല്‍ഹി | കേരളത്തില്‍ പി എം ശ്രീ പദ്ധതി നടപ്പിലാക്കിയിട്ടില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി ജയന്ത് ചൗധരി രാജ്യസഭയില്‍ വ്യക്തമാക്കി. ധാരണാപത്രം ഒപ്പുവെച്ചതല്ലാതെ, സ്‌കൂളുകളെ തിരഞ്ഞെടുക്കുന്ന പ്രക്രിയയില്‍ കേരളം പങ്കടുത്തിട്ടില്ല. സംസ്ഥാനത്ത് പി എം ശ്രീ പദ്ധതിയില്‍ ഒരു സംസ്ഥാന സര്‍ക്കാര്‍ സ്‌കൂള്‍ പോലും തിരഞ്ഞെടുക്കപ്പെട്ടിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. കോണ്‍ഗ്രസ് എം പി ജെബി മേത്തറിന്റെ ചോദ്യത്തിനാണ് കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി മറുപടി നല്‍കിയത്. പദ്ധതി നടപ്പിലാക്കിയിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയതോടെ യു ഡി എഫ് സര്‍ക്കാര്‍ വാദത്തിനു തിരിച്ചടിയായി.
പി എം ശ്രീ സ്‌കൂളുകളുടെ പട്ടികയില്‍ കേരളത്തിലെ സംസ്ഥാന സര്‍ക്കാര്‍ സ്‌കൂളുകളുടെ എണ്ണം പൂജ്യമാണ്. കേരളത്തില്‍ തിരഞ്ഞെടുക്കപ്പെട്ട 47 സ്‌കൂളുകളും കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ളവയാണ്. കേരളത്തിലെ പൊതുവിദ്യാലയങ്ങള്‍ക്ക് പി എം ശ്രീയുടെ യാതൊരു ഫണ്ടും ലഭിച്ചിട്ടില്ല. പിഎം ശ്രീ നടപ്പാക്കാത്ത കേരളം, തമിഴ്‌നാട് സംസ്ഥാനങ്ങള്‍ക്ക് വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ ഭാഗമായി സമഗ്ര ശിക്ഷ പദ്ധതിയില്‍ തുക നല്‍കിയെന്നും ജയന്ത് ചൗധരി വിശദമാക്കി.
എസ്എസ്‌കെയിലെ റൈറ്റ് ടൂ എഡ്യൂക്കേഷന്‍ വിഹിതമായ 99.27 കോടി രൂപ മാത്രമാണ് കേരളത്തിന് കേന്ദ്രം നല്‍കിയത്. പി എം ശ്രീക്കായി പ്രത്യേകം ഫണ്ടുകള്‍ നല്‍കിയിട്ടില്ലെന്ന് കേന്ദ്രം വ്യക്തമാക്കി. 2025 ഒക്ടോബറില്‍ 16നാണ് സംസ്ഥാന സര്‍ക്കാര്‍ ധാരണ പത്രത്തില്‍ ഒപ്പിട്ടത്. പി എം ശ്രീ പദ്ധതി നടപ്പിലാക്കുന്നതിനാല്‍ ഭരണ-പ്രതിപക്ഷ തര്‍ക്കം രൂക്ഷമായിരുന്നു. പദ്ധതി മരവിപ്പിച്ചിരിക്കുകയാണെന്ന് എല്‍ ഡി എഫ് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ പദ്ധതിയിലെ കരാറില്‍ ഒപ്പിട്ടതിനാല്‍ സംസ്ഥാനത്തിന് പിന്നോട്ട് പോകാന്‍ കഴിയില്ലെന്നാണ് നിലവിലെ യു ഡി എഫ് സര്‍ക്കാര്‍ വാദിച്ചിരുന്നത്. പി എം ശ്രീയില്‍ തുടരാന്‍ സംസ്ഥാനം നിര്‍ബന്ധിതരാണെന്നാണ് മുഖ്യമന്ത്രി വി ഡി സതീശനും പറഞ്ഞിരുന്നത്.
തിരുവനന്തപുരം്യു പി എം ശ്രീ വിഷയത്തില്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ പറഞ്ഞത് ശരിയാണെന്ന് തെളിഞ്ഞതായി മുന്‍ മന്ത്രി വി ശിവന്‍കുട്ടി പ്രതികരിച്ചു. ഒരു രൂപ പോലും പി എം ശ്രീ ഇനത്തില്‍ കൈപറ്റിയിട്ടില്ല. പദ്ധതിയില്‍ നിന്ന് പിന്മാറാന്‍ ഇപ്പോഴത്തെ സര്‍ക്കാരിന് തടസമില്ലെന്നും അദ്ദേഹം പറഞ്ഞു. പി എം ശ്രീ പദ്ധതിയില്‍ കേരളമില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ മറുപടിക്ക് പിന്നാലെ വിഷയം വി ഡി സതീശന്‍ സര്‍ക്കാരിനെതിരെ ആയുധമാക്കാനാണ് സി പി എം നീക്കം.
ഇടതുപക്ഷ ജനാധിപത്യ മുന്നണി പറഞ്ഞ കാര്യങ്ങള്‍ ശരിയാണെന്ന് പാര്‍ലമെന്റില്‍ കേന്ദ്ര സഹമന്ത്രി സമ്മതിച്ചിരിക്കുകയാണ്. ഇനിയെങ്കിലും തങ്ങള്‍ക്ക് പറ്റിയ അബദ്ധം മനസിലാക്കിക്കൊണ്ട് ഖേദം പ്രകടിപ്പിച്ച് പദ്ധതിയില്‍ നിന്ന് പിന്മാറണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു.
പി എം ശ്രീ നടപ്പിലാക്കാനുള്ള സ്‌കൂളുകള്‍ കഴിഞ്ഞ സര്‍ക്കാര്‍ തിരഞ്ഞെടുത്തിരുന്നില്ല. മുഖ്യമന്ത്രി പറഞ്ഞത് തെറ്റാണ്. മന്ത്രിസഭാ ഉപസമിതി ഒരു പാലമാണ്. ബി ജെ പി നയങ്ങള്‍ നടപ്പിലാക്കാന്‍ അതിനെ ഉപയോഗിക്കുന്നു. മുസ്ലിം ലീഗ് ബി ജെ പിക്ക് മുന്നില്‍ പേടിച്ച് കീഴടങ്ങിയിരിക്കുകയാണ്. മുസ്ലിം ലീഗ് എന്ന പാര്‍ട്ടിക്ക് നാണമില്ല. അവര്‍ പി എം ശ്രീയില്‍ നേരത്തെ എടുത്ത നിലപാട് എന്താണ്. ഇതില്‍ പി കെ കുഞ്ഞാലിക്കുട്ടിയുടെ മറുപടി പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
Content Highlights:
Home Minister Ramesh Chennithala announced that Chief Minister VD Satheesan has been cleared in the Punarjani corruption case. The Vigilance Director’s report found no evidence against him regarding funds received via Manappatt Foundation. Chennithala stated the case was politically motivated.



