Connect with us

National

സര്‍ക്കാര്‍ വാക്കുപാലിച്ചില്ല; ഡല്‍ഹി വിദ്യാര്‍ഥി സമരത്തിനു വീണ്ടുംചൂടുപിടിക്കുന്നു

കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ ഇതുവരെയും രേഖാമൂലം കൈമാറിയിട്ടില്ല. വിദ്യാര്‍ഥി നേതാക്കളെ ഡല്‍ഹി പോലീസ് വേട്ടയാടുന്നതു തുടരുകയാണ്

Published

|

Last Updated

ന്യൂഡല്‍ഹി | ഡല്‍ഹിയെ ഇളക്കി മറിച്ച വിദ്യാര്‍ഥി സമരത്തിന് വീണ്ടും ചൂടുപിടിക്കുന്നു. വിദ്യാര്‍ഥികള്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കുമെന്ന ഉറപ്പ് കേന്ദ്ര സര്‍ക്കാര്‍ ലംഘിച്ചതോടെയാണ് കോക്രോച്ച് ജനതാ പാര്‍ട്ടി വീണ്ടും തെരുവിലിറങ്ങാന്‍ ഒരുങ്ങുന്നത്.
കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ ഇതുവരെയും രേഖാമൂലം കൈമാറിയിട്ടില്ല. വിദ്യാര്‍ഥി നേതാക്കളെ ഡല്‍ഹി പോലീസ് വേട്ടയാടുന്നതു തുടരുകയാണ്. ചൊവ്വാഴ്ചക്കകം കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ രേഖാമൂലം നല്‍കാമെന്നായിരുന്നു ജെ പി നദ്ദയും ജിതേന്ദ്ര സിങും സി ജെ പി നേതാക്കളെ അറിയിച്ചിരുന്നത്. എന്നാല്‍ അത് ഇതുവരെയും സര്‍ക്കാര്‍ എഴുതി നല്‍കിയിട്ടില്ല. പാര്‍ട്ടി സ്ഥാപകന്‍ അഭിജിത് ദീപ്‌കെ നാട്ടില്‍ നിന്ന് ഉടന്‍ ഡല്‍ഹിയില്‍ മടങ്ങിയെത്തിയാല്‍ തുടര്‍ ആലോചനകള്‍ നടക്കും.

വിവിധ സംസ്ഥാനങ്ങളില്‍ വിദ്യാര്‍ഥികള്‍ക്കെതിരെ നിരന്തരം കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും അവരെ കസ്റ്റഡിയിലെടുക്കുകയും ചെയ്യുന്നു. ഭാവിയിലും കേസുകള്‍ ഉണ്ടാകില്ലെന്നും നിലവിലെ എഫ് ഐ ആറുകള്‍ മടക്കി നല്‍കുമെന്നുമായിരുന്നു കേന്ദ്രം പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ഇതിന് വിരുദ്ധമായ പോലീസ് നടപടികളാണ് ഇപ്പോള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇത് വലിയ വഞ്ചനയാണെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്.

പ്രധാനമായും മൂന്ന് ആവശ്യങ്ങളായിരുന്നു സി ജെ പി കേന്ദ്രത്തിന് മുന്നില്‍ വെച്ചിരുന്നത്. ഇതില്‍ വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവച്ചു എന്ന ആവശ്യം മാത്രമാണ് നിറവേറിയത്. മറ്റ് രണ്ട് പ്രധാന ആവശ്യങ്ങള്‍ കേന്ദ്രം പൂര്‍ണമായും അവഗണിക്കുകയാണ്. നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്ന് ജീവനൊടുക്കിയ വിദ്യാര്‍ഥികളുടെ കുടുംബാംഗങ്ങള്‍ക്ക് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നല്‍കുക, വിദ്യാര്‍ഥികള്‍ക്കും സമരക്കാര്‍ക്കുമെതിരെയുള്ള എഫ് ഐ ആറുകള്‍ പൂര്‍ണമായി പിന്‍വലിക്കുക എന്നിവയായിരുന്നു മറ്റ് ആവശ്യങ്ങള്‍.

മറ്റ് രണ്ട് സിജെപി വക്താക്കള്‍ നിലവില്‍ ഡല്‍ഹിയിലുണ്ട്. അഭിജിത് ദീപ്‌കെ കൂടി എത്തുന്നതോടെ പുതിയ സമരത്തിന്റെ രൂപരേഖ തീരുമാനിക്കുമെന്നാണ് സൂചന. സി ജെ പി വീണ്ടും പ്രതിഷേധം ആരംഭിക്കുമെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡല്‍ഹിയിലെ ജന്തര്‍മന്തറില്‍ പൊലീസ് സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്. കൂടുതല്‍ ബാരിക്കേഡുകള്‍ സ്ഥാപിക്കുന്നതിനൊപ്പം, ഒരു കമ്പനി റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സിനെയും പ്രാദേശിക പോലീസിനെയും പ്രദേശത്ത് സ്ഥിരമായി വിന്യസിച്ചിട്ടുണ്ട്.

 

Content Highlights:
The Cockroach Janata Party plans to resume its Delhi student protest after the Centre failed to provide written assurances regarding case withdrawals. CJP demands compensation for families of NEET leak victims and cancellation of FIRs. Police tightened security at Jantar Mantar with RAF deployment.