From the print
ഹാക്ക് ടു ഐ ഐ ടി
കാൺപൂർ ഐ ഐ ടി, മദ്രാസ് ഐ ഐ ടി എന്നിവയുടെ വെബ്സൈറ്റുകളാണ് ഈ വിദ്യാർഥി ഹാക്ക് ചെയ്തത്.
കാൺപൂർ | “കള്ളനെ പിടിക്കാൻ കള്ളന്റെ ബുദ്ധി വേണം’ എന്ന പഴമൊഴി ഓർമിപ്പിക്കുന്ന സംഭവമാണ് കാൺപൂർ ഐ ഐ ടിയിൽ നിന്ന് പുറത്തുവന്നത്. പുതുതായി ആരംഭിച്ച സൈബർ സെക്യൂരിറ്റി ബിരുദ കോഴ്സിൽ പ്രവേശനം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് സ്ഥാപനത്തിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്ത വിദ്യാർഥിക്ക് ഈ മേഖലയിലുള്ള വൈദഗ്ധ്യം പരിശോധിക്കാൻ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാൺപൂർ (ഐ ഐ ടി- കെ) തീരുമാനിച്ചു. വിദ്യാർഥിയുടെ സാങ്കേതിക വൈദഗ്ധ്യം വിലയിരുത്തി ഭാവിയിലെ പ്രവേശനത്തിന് പരിഗണിക്കാനാണ് ആലോചിക്കുന്നത്.
കാൺപൂർ ഐ ഐ ടി, മദ്രാസ് ഐ ഐ ടി എന്നിവയുടെ വെബ്സൈറ്റുകളാണ് ഈ വിദ്യാർഥി ഹാക്ക് ചെയ്തത്. ഹാക്ക് ചെയ്ത വെബ്സൈറ്റിൽ വിദ്യാർഥി സന്ദേശം പോസ്റ്റ് ചെയ്തത് ഇങ്ങനെ: “സൈറ്റ് ഹാക്ക് ചെയ്തിരിക്കുന്നു. എനിക്ക് വേണ്ടത് ന്യായമായ അവസരം മാത്രമാണ്’.
കാൺപൂർ ഐ ഐ ടിയുടെ ബിരുദ സൈബർ സെക്യൂരിറ്റി കോഴ്സിലേക്കുള്ള അപേക്ഷ തള്ളിയതിനെ തുടർന്നാണ് താൻ ഐ ഐ ടി വെബ്സൈറ്റുകൾ ഹാക്ക് ചെയ്തതെന്ന് വിദ്യാർഥി പിന്നീട് സാമൂഹിക മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തി. എക്സിലും റെഡിറ്റിലും ഹാക്കിംഗിന്റെ സ്ക്രീൻഷോട്ടുകൾ പങ്കുവെച്ചു. തന്റെ ലക്ഷ്യം കേടുപാടുകൾ വരുത്തുകയായിരുന്നില്ല മറിച്ച്, കഴിവുകൾ തെളിയിക്കുകയായിരുന്നുവെന്നും വിദ്യാർഥി പോസ്റ്റിൽ പറഞ്ഞു. താൻ അപേക്ഷാ നടപടികൾ പൂർത്തിയാക്കിയിരുന്നു. നിർദിഷ്ട ഫീസ് അടയ്ക്കുകയും ആവശ്യമായ രേഖകളും സൈബർ സെക്യൂരിറ്റി രംഗത്തെ പ്രവർത്തനങ്ങളുടെ തെളിവുകളും സമർപ്പിക്കുകയും ചെയ്തതാണ്. എന്നാൽ, പ്രവേശന പ്രക്രിയയുടെ ഭാഗമാകാൻ അവസരം നൽകുകയോ അന്തിമ പട്ടികയിൽ ഉൾപ്പെടുത്തുകയോ ചെയ്തില്ലെന്നും വിദ്യാർഥി അവകാശപ്പെട്ടു.
അതേസമയം, സൈബർ സെക്യൂരിറ്റി മേഖലയിലെ മുൻപരിചയത്തിന്റെ അഭാവം കാരണമാണ് വിദ്യാർഥിയെ അന്തിമ പട്ടികയിൽ ഉൾപ്പെടുത്താതിരുന്നതെന്ന് കാൺപൂർ ഐ ഐ ടി ഡയറക്ടർ മനിന്ദ്ര അഗ്രവാൾ വാർത്താ ഏജൻസിയോട് പറഞ്ഞു. ഈ അധ്യയന വർഷത്തെ പ്രവേശന നടപടികൾ പൂർത്തിയായതിനാൽ ഇപ്പോൾ പ്രവേശനം നൽകാൻ കഴിയില്ല. എന്നാൽ, വിദ്യാർഥിയെ സ്ഥാപനത്തിലേക്ക് ക്ഷണിച്ച് അദ്ദേഹത്തിന്റെ സാങ്കേതിക കഴിവുകൾ യഥാവിധി പരീക്ഷയിലൂടെ വിലയിരുത്തും. ആവശ്യമായ പ്രാവീണ്യം തെളിയിക്കാനായാൽ അടുത്ത പ്രവേശന ഘട്ടത്തിൽ അവസരം നൽകുമെന്നും അദ്ദേഹം പറഞ്ഞു.
ഐ ഐ ടികളുടെ ഔദ്യോഗിക വെബ്സൈറ്റുകളിലെ ചില ഭാഗങ്ങളിൽ വിദ്യാർഥി അനധികൃതമായി പ്രവേശനം നേടിയതായി അഗ്രവാൾ സ്ഥിരീകരിച്ചു. ഇത് നിയമവിരുദ്ധമാണെന്നും ഒരിക്കലും ആവർത്തിക്കരുതെന്നും അദ്ദേഹം വിദ്യാർഥിക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തു.
സൈബർ സെക്യൂരിറ്റി മേഖലയിലെ യുവ പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കാൺപൂർ ഐ ഐ ടി ഇതിന് മുന്പും ഇത്തരം നടപടി സ്വീകരിച്ചിട്ടുണ്ട്. ജനുവരിയിൽ സി ബി എസ് ഇയുടെ ഓൺലൈൻ സ്ക്രീൻ- മാർക്കിംഗ് പോർട്ടലിലെ സുരക്ഷാ വീഴ്ചകൾ കണ്ടെത്തിയ യുവാവിന് കാൺപൂർ ഐ ഐ ടിയുടെ സൈബർ സേവന വിഭാഗമായ സി3ഐ ഹബിൽ ജോലി വാഗ്ദാനം ചെയ്തിരുന്നു.


