Connect with us

Ongoing News

കലാലയങ്ങള്‍ രാഷ്ട്രീയ യുദ്ധഭൂമികളല്ല

മുഹമ്മദലി ജൗഹര്‍ യൂനിവേഴ്‌സിറ്റി ഒരു സ്വകാര്യ കെട്ടിട സമുച്ചയം മാത്രമല്ല. ആയിരക്കണക്കിന് വിദ്യാര്‍ഥികളുടെ പഠനവും നൂറുകണക്കിന് ജീവനക്കാരുടെ ഉപജീവനവും ഒരു പ്രദേശത്തിന്റെ വിദ്യാഭ്യാസ പ്രതീക്ഷകളും അതുമായി ബന്ധപ്പെട്ടിരിക്കുന്നു. അതിനാല്‍ ഈ വിഷയത്തെ ഒരു സാധാരണ നിര്‍മാണ വിവാദമായി മാത്രം കാണാനാകില്ല.

Published

|

Last Updated

ഡോ. സുബൈര്‍ പി എം

1930ല്‍ ലണ്ടനില്‍ നടന്ന ഒന്നാം വട്ടമേശ സമ്മേളനം. ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ പ്രതിനിധികള്‍ക്കു മുന്നില്‍ വിപ്ലവകാരിയും എഴുത്തുകാരനും കവിയും സ്വാതന്ത്ര്യസമര സേനാനിയുമായ മൗലാനാ മുഹമ്മദലി ജൗഹര്‍ മുഴക്കിയ വാക്കുകള്‍ ഇന്നും ചരിത്രത്തില്‍ മുഴങ്ങിക്കൊണ്ടിരിക്കുന്നു- “ഇന്ത്യക്ക് സ്വാതന്ത്ര്യം നല്‍കാന്‍ നിങ്ങള്‍ തയ്യാറല്ലെങ്കില്‍, എന്നെ ഖബറടക്കാനുള്ള മണ്ണ് ഇവിടെ തന്നേ തീരൂ!’ എന്നാല്‍, ബ്രിട്ടീഷുകാര്‍ക്ക് അദ്ദേഹത്തിന് ഖബറൊരുക്കേണ്ടിവന്നില്ല. ഏതാനും ആഴ്ചകള്‍ക്കു ശേഷം, 1931 ജനുവരി നാലിന് ലണ്ടനില്‍ വെച്ച് മുഹമ്മദലി ജൗഹര്‍ മരണമടഞ്ഞു. അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം ഭൗതികശരീരം ഫലസ്തീനിലേക്ക് കൊണ്ടുപോയി, ജറൂസലമിലെ മസ്ജിദുല്‍ അഖ്‌സയുടെ പരിസരത്ത് ഖബറടക്കി. യു പിയില്‍ ആ മൗലാനാ മുഹമ്മദലി ജൗഹറിന്റെ പേരില്‍ സ്ഥിതിചെയ്യുന്ന സര്‍വകലാശാലയെച്ചൊല്ലിയുള്ള വിവാദങ്ങള്‍ കത്തുകയാണ് ഇപ്പോള്‍.

പശ്ചിമ ഉത്തര്‍പ്രദേശിലെ ഉന്നത വിദ്യാഭ്യാസത്തിന്റെ പ്രധാന കേന്ദ്രങ്ങളിലൊന്നായി വളര്‍ന്ന മുഹമ്മദലി ജൗഹര്‍ യൂനിവേഴ്‌സിറ്റി, ഇന്ന് നിയമപരവും ഭരണപരവുമായ നടപടികളുടെ പശ്ചാത്തലത്തിലാണ് ദേശീയ ശ്രദ്ധ ആകര്‍ഷിക്കുന്നത്. അടുത്തിടെ രാംപൂര്‍ ഡെവലപ്‌മെന്റ് അതോറിറ്റി, സര്‍വകലാശാലയിലെ 40 കെട്ടിടങ്ങളില്‍ 38 എണ്ണവും അംഗീകൃത നിര്‍മാണ പദ്ധതിയില്ലാതെ നിര്‍മിച്ചതാണെന്നാരോപിച്ച് അവ പൊളിച്ചുനീക്കാന്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ ഈ ഉത്തരവിനെതിരെ സമര്‍പ്പിച്ച അപ്പീലില്‍, മുറാദാബാദ് ഡിവിഷനല്‍ കമ്മീഷണറുടെ കോടതി, പൊളിച്ചുനീക്കല്‍ നടപടികള്‍ക്ക് താത്കാലിക സ്റ്റേ അനുവദിച്ചിരിക്കുകയാണ്.

രാംപൂരില്‍ ഉര്‍ദു ഭാഷക്കും ന്യൂനപക്ഷ സമൂഹത്തിനും പ്രാധാന്യം നല്‍കുന്ന ഒരു ഉന്നതവിദ്യാഭ്യാസ സ്ഥാപനം തുടങ്ങണമെന്ന ആശയം 2000ത്തിന്റെ തുടക്കത്തില്‍ തന്നെ ഉയര്‍ന്നിരുന്നു. ആദ്യം സര്‍ക്കാര്‍ പിന്തുണയോടെയുള്ള ഒരു സര്‍വകലാശാല എന്ന ആശയമാണ് മുന്നോട്ടുവന്നത്. എന്നാല്‍ ഭരണപരമായ ചില അഭിപ്രായവ്യത്യാസങ്ങളും ഘടനാപരമായ പ്രശ്‌നങ്ങളും കാരണം ആ പദ്ധതി യാഥാര്‍ഥ്യമായില്ല. തുടര്‍ന്നാണ് സമാജ്‌വാദി പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവായ അസം ഖാന്റെ നേതൃത്വത്തിലുള്ള മുഹമ്മദലി ജൗഹര്‍ ട്രസ്റ്റ് സ്വകാര്യ സര്‍വകലാശാല എന്ന ആശയവുമായി മുന്നോട്ടുവന്നത്. 2006 സെപ്തംബര്‍ 18ന് രാംപൂരിന് സമീപം ശിലാസ്ഥാപനം നടത്തി. തുടര്‍ന്ന് ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ അക്കാദമിക് ബ്ലോക്കുകള്‍, ഹോസ്റ്റലുകള്‍, മെഡിക്കല്‍ കോളജ്, ആശുപത്രി, കായിക സൗകര്യങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന വിശാല റെസിഡന്‍ഷ്യല്‍ ക്യാമ്പസായി ഇത് വികസിച്ചു.

2012ല്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സര്‍വകലാശാല പദവി നല്‍കി. തുടര്‍ന്ന് 2013ല്‍ ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപന കമ്മീഷന്‍, ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനമെന്ന അംഗീകാരവും നല്‍കി. യു ജി സി അംഗീകാരവും ലഭിച്ചതോടെ മുഹമ്മദലി ജൗഹര്‍ യൂനിവേഴ്‌സിറ്റി ഉത്തര്‍പ്രദേശിലെ ശ്രദ്ധേയമായ സ്വകാര്യ സര്‍വകലാശാലകളിലൊന്നായി മാറി. ഇന്ന് മെഡിസിന്‍, എന്‍ജിനീയറിംഗ്, ഫാര്‍മസി, നിയമം, മാനേജ്‌മെന്റ്, വിദ്യാഭ്യാസം, മാനവികശാസ്ത്രം തുടങ്ങി നിരവധി വിഷയങ്ങളില്‍ ബിരുദ, ബിരുദാനന്തര, ഗവേഷണ കോഴ്‌സുകള്‍ ഇവിടെ നടത്തപ്പെടുന്നു. പശ്ചിമ ഉത്തര്‍പ്രദേശിലെ ഗ്രാമീണ മേഖലയിലുള്ള വിദ്യാര്‍ഥികള്‍ക്കും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളില്‍ നിന്നുള്ള യുവജനങ്ങള്‍ക്കും ഉന്നത വിദ്യാഭ്യാസം ലഭ്യമാക്കുന്നതില്‍ ഈ സ്ഥാപനം നിര്‍ണായക പങ്കുവഹിച്ചുവരുന്നു.

സര്‍വകലാശാലയെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങള്‍ പുതിയതല്ല. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഭൂമി ഏറ്റെടുക്കല്‍, ഭൂമിയുടെ ഉടമസ്ഥാവകാശം, നിര്‍മാണാനുമതികള്‍ എന്നിവയുമായി ബന്ധപ്പെട്ട നിരവധി കേസുകള്‍ വിവിധ കോടതികളിലും ഭരണ നടപടികളിലും പരിഗണിക്കപ്പെട്ടിട്ടുണ്ട്. സര്‍വകലാശാലയുടെ വികസനവുമായി ബന്ധപ്പെട്ട വിവിധ ആരോപണങ്ങള്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ അന്വേഷിച്ചപ്പോള്‍, സര്‍വകലാശാല അധികൃതര്‍ അവയില്‍ പലതും കോടതികളില്‍ ചോദ്യം ചെയ്യുകയും ചെയ്തിട്ടുണ്ട്. അതിനാല്‍ വിഷയത്തിന്റെ വിവിധ വശങ്ങള്‍ ഇപ്പോഴും നിയമപരമായ പരിശോധനയുടെ ഭാഗമാണ്.

നിലവിലെ വിവാദത്തിന്റെ കേന്ദ്രം ഭൂമിതര്‍ക്കമല്ല; ക്യാമ്പസിലെ കെട്ടിടങ്ങളുടെ നിര്‍മാണാനുമതികളാണ്. രാംപൂര്‍ ഡെവലപ്‌മെന്റ് അതോറിറ്റിയുടെ നിലപാടനുസരിച്ച്, 40 കെട്ടിടങ്ങളില്‍ രണ്ടെണ്ണത്തിന് മാത്രമാണ് ആവശ്യമായ നിര്‍മാണാനുമതി ലഭിച്ചിട്ടുള്ളത്. ശേഷിക്കുന്ന 38 കെട്ടിടങ്ങള്‍ നഗരാസൂത്രണ ചട്ടങ്ങള്‍ പാലിക്കാതെയാണ് നിര്‍മിച്ചതെന്നാണ് അതോറിറ്റിയുടെ ആരോപണം. മറുവശത്ത്, സര്‍വകലാശാല അധികൃതര്‍ ഈ കണ്ടെത്തലുകളെ ചോദ്യം ചെയ്തുകൊണ്ട് നിയമപരമായ പരിഹാരം തേടിയിരിക്കുകയാണ്. അന്തിമ തീരുമാനം കോടതികളുടെ പരിഗണനയിലാണ്.

ഈ ഘട്ടത്തില്‍ ഒരു കാര്യം വ്യക്തമായി പറയേണ്ടതുണ്ട്. നിയമലംഘനങ്ങള്‍ നടന്നിട്ടുണ്ടെങ്കില്‍ അവ പരിശോധിക്കപ്പെടുകയും, ആവശ്യമായിടത്ത് നിയമ നടപടികള്‍ സ്വീകരിക്കപ്പെടുകയും വേണം. നിയമവാഴ്ചയാണ് ഒരു ജനാധിപത്യ സമൂഹത്തിന്റെ അടിത്തറ. എന്നാല്‍ അതോടൊപ്പം മറ്റൊരു ചോദ്യവും ഉയരുന്നു.

ഒരു സര്‍വകലാശാലയെ സംബന്ധിക്കുന്ന വിഷയങ്ങളില്‍ നിയമം നടപ്പാക്കുമ്പോള്‍, ആ നടപടികളുടെ സാമൂഹികവും വിദ്യാഭ്യാസപരവുമായ പ്രത്യാഘാതങ്ങളും ഒരുപോലെ പരിഗണിക്കപ്പെടേണ്ടതില്ലേയെന്ന്. കാരണം മുഹമ്മദലി ജൗഹര്‍ യൂനിവേഴ്‌സിറ്റി ഒരു സ്വകാര്യ കെട്ടിട സമുച്ചയം മാത്രമല്ല. ആയിരക്കണക്കിന് വിദ്യാര്‍ഥികളുടെ പഠനവും നൂറുകണക്കിന് അധ്യാപകരുടെയും ജീവനക്കാരുടെയും ഉപജീവനവും ഒരു പ്രദേശത്തിന്റെ വിദ്യാഭ്യാസ പ്രതീക്ഷകളും അതുമായി ബന്ധപ്പെട്ടിരിക്കുന്നു. അതിനാല്‍ ഈ വിഷയത്തെ ഒരു സാധാരണ നിര്‍മാണ വിവാദമായി മാത്രം കാണാനാകില്ല. നിയമം, വിദ്യാഭ്യാസം, പൊതുതാത്പര്യം, ഭരണഘടനാ മൂല്യങ്ങള്‍ എന്നിവ പരസ്പരം ഏറ്റുമുട്ടുന്ന സങ്കീര്‍ണമായ ഒരു സാഹചര്യമായാണ് ഇതിനെ സമീപിക്കേണ്ടത്.

ഒരു ജനാധിപത്യ സമൂഹത്തിന്റെ പക്വത അളക്കപ്പെടുന്നത് അത് നിയമം എത്ര കര്‍ശനമായി നടപ്പാക്കുന്നു എന്നത് കൊണ്ട് മാത്രമല്ല; നിയമം എത്ര വിവേകത്തോടെയും സന്തുലിതമായും നടപ്പാക്കുന്നു എന്നതുകൊണ്ട് കൂടിയാണ്. നിയമത്തിന്റെ ലക്ഷ്യം ശിക്ഷയല്ല, നീതിയാണ്. നീതിയുടെ ലക്ഷ്യം പ്രതികാരമല്ല, പൊതുനന്മ സംരക്ഷിക്കലാണ്. ഈ അടിസ്ഥാന തത്ത്വം മറന്നുപോകുമ്പോള്‍, നിയമനിര്‍വഹണം പോലും സമൂഹത്തില്‍ അനാവശ്യമായ ഭിന്നതകള്‍ക്കും ആശങ്കകള്‍ക്കും ഇടയാക്കാം. മുഹമ്മദലി ജൗഹര്‍ യൂനിവേഴ്‌സിറ്റിയെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളില്‍ ഏറ്റവും കൂടുതല്‍ ഉയര്‍ന്നുകേള്‍ക്കുന്ന പേര് അതിന്റെ സ്ഥാപകനായ അസം ഖാന്റെതാണ്.

ഭൂമി ഏറ്റെടുക്കല്‍, സ്വത്ത്, ഭരണ നടപടികള്‍ എന്നിവയുമായി ബന്ധപ്പെട്ട വിവിധ കേസുകളില്‍ അദ്ദേഹം വര്‍ഷങ്ങളായി നിയമ നടപടികള്‍ നേരിടുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ വിവിധ കോടതികളില്‍ പരിഗണിക്കപ്പെട്ടതും ഇപ്പോഴും ചില നടപടികള്‍ തുടരുന്നതും പരസ്യമായ വസ്തുതകളാണ്. നിയമത്തിന് മുന്നില്‍ എല്ലാവരും ഒരുപോലെയാണെന്ന ജനാധിപത്യ തത്ത്വം ഇവിടെ പൂര്‍ണമായി ബാധകമാണ്. എന്നാല്‍ അതോടൊപ്പം മറ്റൊരു ചോദ്യം ഉയരുന്നു. ഒരു വ്യക്തിക്കെതിരായ നിയമ നടപടികളും അദ്ദേഹം സ്ഥാപിച്ച വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ഭാവിയും ഒരേ കണ്ണിലൂടെ കാണാനാകുമോ?

ഈ ചോദ്യം മുഹമ്മദലി ജൗഹര്‍ യൂനിവേഴ്‌സിറ്റിക്ക് മാത്രമുള്ളതല്ല. ഒരു വിദ്യാഭ്യാസ സ്ഥാപനം ഒരാളുടെ സ്വകാര്യ സ്വത്തായിരിക്കാം. എന്നാല്‍ അത് പ്രവര്‍ത്തനം ആരംഭിച്ച് വിദ്യാര്‍ഥികളുടെ ജീവിതത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞാല്‍ അതിന്റെ സാമൂഹിക സ്വഭാവം മാറുന്നു. അവിടെ പഠിക്കുന്ന വിദ്യാര്‍ഥികളും അധ്യാപകരും ജീവനക്കാരും ഗവേഷകരും ആ സ്ഥാപനത്തിന്റെ യഥാര്‍ഥ അവകാശികളായി മാറുന്നു. ഒരു ആശുപത്രി സ്ഥാപിച്ചത് ആരാണെന്നത് രോഗിക്ക് അത്ര പ്രധാനമല്ല; അവിടെ ചികിത്സ ലഭിക്കുന്നുണ്ടോ എന്നതാണ് പ്രധാനപ്പെട്ടത്. അതുപോലെ, ഒരു സര്‍വകലാശാലയുടെ സ്ഥാപകന്‍ ആരാണെന്നതിനേക്കാള്‍ അവിടെ വിദ്യാഭ്യാസം, ഗവേഷണം, വിജ്ഞാനസൃഷ്ടി എന്നിവ തുടരുന്നുണ്ടോ എന്നതാണ് സമൂഹത്തിന്റെ കാഴ്ചപ്പാടില്‍ കൂടുതല്‍ പ്രാധാന്യമുള്ളത്.

ലോകപ്രശസ്തമായ പല സര്‍വകലാശാലകളുടെയും ചരിത്രം പരിശോധിച്ചാല്‍ ഒരു കാര്യം വ്യക്തമാണ്. അവയുടെ സ്ഥാപകരെക്കാള്‍ വലുതാണ് അവയുടെ സാമൂഹിക സംഭാവന. ഓക്‌സ്‌ഫോര്‍ഡ്, കേംബ്രിഡ്ജ്, അല്‍അസ്ഹര്‍, ബൊളോണ, നളന്ദ, തക്ഷശില ഇവയുടെ മഹത്വം അവയുടെ സ്ഥാപകരുടെ പേരില്‍ മാത്രമല്ല, അവിടെ നിന്ന് രൂപംകൊണ്ട തലമുറകളുടെ സംഭാവനകളിലൂടെയാണ് നിലനില്‍ക്കുന്നത്.

ഇന്ത്യയുടെ വിദ്യാഭ്യാസ ചരിത്രം പരിശോധിച്ചാല്‍ മനസ്സിലാകും, ഈ രാജ്യത്തെ നിരവധി മഹത്തായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വ്യക്തികളുടെയും സാമൂഹിക കൂട്ടായ്മകളുടെയും മത-സാംസ്‌കാരിക സംഘടനകളുടെയും ദീര്‍ഘദര്‍ശിത്വത്തില്‍ നിന്നാണ് രൂപംകൊണ്ടതെന്ന്. ബനാറസ് ഹിന്ദു സര്‍വകലാശാല, അലിഗഢ് മുസ്‌ലിം സര്‍വകലാശാല, ജാമിഅ മില്ലിയ്യ ഇസ്‌ലാമിയ്യ, വിവിധ ക്രിസ്ത്യന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇവയുടെ സ്ഥാപനചരിത്രങ്ങള്‍ വ്യത്യസ്തമാണ്. എന്നാല്‍ കാലക്രമേണ അവയുടെ സംഭാവനകള്‍ അതത് സ്ഥാപകരുടെയോ സമൂഹങ്ങളുടെയോ പരിധികള്‍ കടന്ന് ദേശീയ വിദ്യാഭ്യാസ സമ്പത്തിന്റെ ഭാഗമായി മാറി.

ഒരു സര്‍വകലാശാലയുടെ സ്വഭാവം അതാണ്. അത് സ്ഥാപകന്റെ വ്യക്തിത്വത്തെ അതിജീവിക്കുന്നു. സ്ഥാപകന്‍ ഒരു പ്രത്യേക സാമൂഹിക പശ്ചാത്തലത്തില്‍ നിന്നുള്ളവനായിരിക്കാം. ഒരു രാഷ്ട്രീയപാര്‍ട്ടിയുമായി ബന്ധപ്പെട്ടവനായിരിക്കാം. ഒരു പ്രത്യേക ആശയധാരയുടെ പ്രതിനിധിയായിരിക്കാം. എന്നാല്‍ ഒരു സര്‍വകലാശാല പ്രവര്‍ത്തനക്ഷമമാകുകയും സമൂഹത്തിന്റെ വിവിധ വിഭാഗങ്ങളില്‍ നിന്നുള്ള വിദ്യാർഥികള്‍ അവിടെ പഠിക്കാന്‍ എത്തുകയും ചെയ്യുമ്പോള്‍, അത് ഒരു വ്യക്തിയുടെ സ്ഥാപനമായി മാത്രം നിലനില്‍ക്കില്ല. അത് സമൂഹത്തിന്റെ ബൗദ്ധികവും സാംസ്‌കാരികവുമായ പൊതുസമ്പത്തായി മാറുന്നു.

അതുകൊണ്ടാണ് ഒരു സര്‍വകലാശാലയെ വിലയിരുത്തുമ്പോള്‍ അതിന്റെ സ്ഥാപകനെതിരായ ആരോപണങ്ങളും സ്ഥാപനത്തിന്റെ സാമൂഹിക ദൗത്യവും തമ്മില്‍ വ്യക്തമായ വേര്‍തിരിവ് ആവശ്യമായി വരുന്നത്. സ്ഥാപകന്‍ നിയമത്തിന് മുന്നില്‍ ഉത്തരവാദിയാകണം.

(നാളെ: സർവകലാശാലയുടെ ന്യൂനപക്ഷ പദവിയാണോ അവരുടെ പ്രശ്‌നം?)

 

Content Highlights:
The Moradabad Divisional Commissioner Court stayed the demolition order against 38 buildings of Mohammad Ali Jauhar University in Rampur. The Rampur Development Authority had issued the notice alleging lack of approved building plans. Founded by Azam Khan, the institution plays a key role in minority education in Western Uttar Pradesh.

---- facebook comment plugin here -----

Latest