Kerala
കുറ്റിപ്പുറം റെയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ്‌ഫോമിലൂടെ സ്‌കൂട്ടര്‍ ഓടിച്ച സംഭവം; പട്ടാമ്പി സ്വദേശിക്കെതിരെ കേസെടുത്തു
പട്ടാമ്പി തിരുവേഗപ്പുര സ്വദേശി പുളനാട്ട് പി കെ കുഞ്ഞുമൊയ്തീനെതിരെയാണ് കേസെടുത്തത്
കുറ്റിപ്പുറം| കുറ്റിപ്പുറം റെയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ്‌ഫോമിലൂടെ സ്‌കൂട്ടര്‍ ഓടിച്ച ആള്‍ക്കെതിരെ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് കേസെടുത്തു. പട്ടാമ്പി തിരുവേഗപ്പുര നെടുങ്ങട്ടൂര്‍ സ്വദേശി പുളനാട്ട് പി കെ കുഞ്ഞുമൊയ്തീനെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. ഇന്നലെ വൈകുന്നേരത്തോടെയാണ് സംഭവം.
കുറ്റിപ്പുറം റെയില്‍വേ സ്റ്റേഷനിലെ രണ്ടാമത്തെ പ്ലാറ്റ്‌ഫോമിലേക്കാണ് കുഞ്ഞുമൊയ്തീന്‍ സ്‌കൂട്ടറുമായി എത്തിയത്. പ്ലാറ്റ്‌ഫോമില്‍ ട്രെയിന്‍ കാത്തുനില്‍ക്കുകയായിരുന്ന യാത്രക്കാരുടെ ഇടയിലൂടെ അപകടകരമായ രീതിയിലായിരുന്നു കുഞ്ഞുമൊയ്തീന്റെ യാത്ര. ഇത് ശ്രദ്ധയില്‍പ്പെട്ട യാത്രക്കാര്‍ ഉടന്‍ റെയില്‍വേ സ്റ്റേഷന്‍ മാസ്റ്ററെ വിവരം അറിയിച്ചു. സംഭവ സമയത്ത് സ്ഥലത്തുണ്ടായിരുന്ന ആളുകള്‍ ഇതിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയിരുന്നു.
സ്റ്റേഷന്‍ മാസ്റ്ററെ വിവരമറിയിച്ചതിന് പിന്നാലെ, ദൃശ്യങ്ങളിലെ സ്‌കൂട്ടറിന്റെ നമ്പറില്‍ നിന്ന് ലഭിച്ച വിവരമനുസരിച്ചാണ് വാഹനം ഓടിച്ചത് പട്ടാമ്പി സ്വദേശിയായ കുഞ്ഞുമൊയ്തീനാണെന്ന് കണ്ടെത്തിയത്. യാത്രക്കാര്‍ക്ക് അപകടം വരുത്തുന്ന രീതിയില്‍ അമിതവേഗതയില്‍ പ്ലാറ്റ്‌ഫോമിലേക്ക് സ്‌കൂട്ടര്‍ കയറ്റിയതിനാണ് ഇയാള്‍ക്കെതിരെ ആര്‍പിഎഫ് കര്‍ശന നടപടി സ്വീകരിക്കുന്നത്.
യാതൊരു സുരക്ഷാ പരിശോധനകളുമില്ലാതെ സ്‌കൂട്ടര്‍ എങ്ങനെയാണ് പ്ലാറ്റ്‌ഫോമില്‍ എത്തിയത് എന്നതിനെക്കുറിച്ചും, എന്ത് ആവശ്യത്തിനാണ് ഇയാള്‍ ഇത്തരത്തില്‍ വാഹനം ഓടിച്ചുകയറ്റിയത് എന്നതിനെക്കുറിച്ചും ഇപ്പോള്‍ ആര്‍പിഎഫ് അന്വേഷണം നടത്തുകയാണ്.
Content Highlights:
RPF registered a case against a man for driving a scooter on Platform 2 of Kuttippuram railway station. The suspect was identified from passenger video footage using the vehicle registration number. Officials are investigating how the scooter entered the platform and endangered passenger safety.




