Connect with us

Palakkad

നാലാമത് ദമാം നവോദയ കോടിയേരി ബാലകൃഷ്ണന്‍ സമഗ്ര സംഭാവന അവാര്‍ഡ് എലവഞ്ചേരി എസ് ഷാബുമോന്; ആഗസ്റ്റ് രണ്ടിന് സമ്മാനിക്കും

അവാര്‍ഡ് വിതരണം പാലക്കാട് ഒറ്റപ്പാലം കണ്ണിയംപുറം പിഷാരടിസ് ഓഡിറ്റോറിയത്തില്‍.

Published

|

Last Updated

ദമാം | അന്തരിച്ച മുന്‍ കേരള ആഭ്യന്തര മന്ത്രിയും സി പി എം സംസ്ഥാന സെക്രട്ടറിയുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ നാമധേയത്തില്‍ ദമാം നവോദയ കേരളത്തിലെ സാമൂഹിക രംഗത്ത് വിവിധ മേഖലകളില്‍ സ്തുത്യര്‍ഹമായ പ്രവര്‍ത്തനം നടത്തുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമായി നല്‍കുന്ന സമഗ്ര സംഭാവന അവാര്‍ഡ് വിതരണം 2026 ആഗസ്റ്റ് രണ്ടിന് പാലക്കാട് ഒറ്റപ്പാലം കണ്ണിയംപുറം പിഷാരടിസ് ഓഡിറ്റോറിയത്തില്‍ നടക്കും.

നാലാമത് നവോദയ കോടിയേരി ബാലകൃഷ്ണന്‍ സമഗ്ര സംഭാവന അവാര്‍ഡ് കാര്‍ഷിക രംഗത്ത് മികച്ച സംഭാവന നല്‍കിയ വ്യക്തികള്‍ക്കും, സ്ഥാപനങ്ങള്‍ക്കുമാണ് നല്‍കുന്നത്. മികച്ച കര്‍ഷകനായി പാലക്കാട് എലവഞ്ചേരി കരിംകുളം ഹൗസില്‍ എസ് ഷാബുമോന്‍ തിരഞ്ഞെടുക്കപ്പെട്ടു. മികച്ച കര്‍ഷക കൂട്ടായ്മക്കുള്ള പുരസ്‌കാരത്തിന് കണ്ണൂര്‍ പിണറായി ഗ്രാമപഞ്ചയത്ത് കൂടംപൊച്ചിലില്‍ പ്രവാസി-തളിര്‍ കൃഷിക്കൂട്ടവും ഗ്രാമ പഞ്ചായത്തിനുള്ള പുരസ്‌കാരത്തിന് ആലപ്പുഴ കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തും അര്‍ഹരായി. പാലക്കാട് ആലത്തൂര്‍ ഗ്രാമ പഞ്ചായത്തിലെ ‘നിറ’ സമഗ്ര കാര്‍ഷിക വികസന പദ്ധതി പ്രത്യേക ജൂറി പുരസ്‌കാരത്തിനും അര്‍ഹത നേടി.

ഒരുലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും ആണ് മികച്ച കര്‍ഷകനുള്ള അവാര്‍ഡായി നല്‍കുക. ആഗസ്റ്റ് രണ്ടിന് ഉച്ചക്കുശേഷം മൂന്നിന് നടക്കുന്ന അവാര്‍ഡ് വിതരണ ചടങ്ങ് അഖിലേന്ത്യാ കിസാന്‍ സഭ ജനറല്‍ സെക്രട്ടറി വിജു കൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. മുന്‍ തദ്ദേശസ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് അവാര്‍ഡ് വിതരണം നടത്തും. ഡോ. ജിജു പി അലക്‌സ് ചെയര്‍മാനായ ജൂറി കമ്മിറ്റിയാണ് അവാര്‍ഡ് ജേതാവിനെ തിരഞ്ഞെടുത്തത്

സംഘാടക സമിതി ചെയര്‍മാന്‍ ഇ എന്‍ സുരേഷ് ബാബു അധ്യക്ഷത വഹിക്കും. മുന്‍ ധനകാര്യ മന്ത്രി തോമസ് ഐസക്, എം എല്‍ എ മാരായ അഡ്വ. കെ പ്രേംകുമാര്‍, പി മമ്മിക്കുട്ടി, കേരള പ്രവാസി സംഘം സെക്രട്ടറി കെ സെയ്താലിക്കുട്ടി, ട്രഷറര്‍ തൈക്കാട് സജീവ്, നോര്‍ക്ക മുന്‍ ഡയറക്ടര്‍ മൂസ മാസ്റ്റര്‍, നവോദയ മുഖ്യ രക്ഷാധികാരി ബഷീര്‍ വാരോട്, ജനറല്‍ സെക്രട്ടറി രഞ്ജിത്ത് വടകര ചടങ്ങില്‍ സംബന്ധിക്കും.

അവാര്‍ഡ് വിതരണ ചടങ്ങിനോടനുബന്ധിച്ചു രാവിലെ 9.30 ന് സഊദിയില്‍ പ്രവാസികളായിരുന്ന മുന്‍ നവോദയ അംഗങ്ങളും നിലവില്‍ പ്രവാസികളായ നവോദയ അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളുമടക്കം പങ്കെടുക്കുന്ന കുടുംബസംഗമം നടക്കും. പ്രശസ്ത പ്രഭാഷകനായ കെ ജയദേവന്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് റൂട്‌സ് തിയേറ്ററിന്റെ നാടക ഗാനാവതരണമുണ്ടാകും.

2023 മുതലാണ് നവോദയ കോടിയേരി ബാലകൃഷ്ണന്‍ സമഗ്ര സംഭാവന അവാര്‍ഡ് നല്‍കി വരുന്നത്. 2023ല്‍ പൊതു വിദ്യാഭ്യാസ രംഗത്ത് സമഗ്ര സംഭാവനക്കും 2024ല്‍ തദ്ദേശ സ്വയംഭരണ രംഗത്ത് നടത്തിയ പുരോഗമന പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായും 2025ല്‍ പാലിയേറ്റിവ് മേഖലയില്‍ നല്‍കിയ സമഗ്ര സംഭാവന പരിഗണിച്ചുമാണ് അവാര്‍ഡ് നല്‍കിയത്. തോമസ് ഐസക് ചെയര്‍മാനായ നവോദയ പ്രവാസി വെല്‍ഫെയര്‍ ആന്‍ഡ് കെയര്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.

നവോദയ രക്ഷാധികാരി സമിതി അംഗം പവനന്‍ മൂലക്കീല്‍, ആക്ടിംഗ് സെക്രട്ടറി വിദ്യാധരന്‍ കോയാടന്‍, ജോയിന്റ് സെക്രട്ടറി നൗഫല്‍ വെളിയംകോട്, വൈസ് പ്രസിഡന്റ് ജയന്‍ മെഴുവേലി, കുടുംബവേദി കേന്ദ്ര എക്‌സിക്യൂട്ടീവ് അംഗം സുജ ജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Content Highlights:
Elavanchery S Shabumon has been selected for the fourth Dammam Navodaya Kodiyeri Balakrishnan Comprehensive Contribution Award. The recognition honors his outstanding involvement and dedication to social and cultural service among the diaspora. The award will be officially presented on August 2.

 

---- facebook comment plugin here -----

Latest