Connect with us

Editors Pick

കാപ്പി പ്രേമികൾക്ക് സന്തോഷവാർത്ത; കഫീൻ ഉപയോഗം ഓർമ്മശക്തി വർദ്ധിപ്പിക്കുമെന്ന് പഠനം

ദിവസവും 2-3 കപ്പ് കാപ്പിയോ അല്ലെങ്കിൽ 1-2 കപ്പ് ചായയോ കുടിക്കുന്നവരിൽ മറവിരോഗ സാധ്യത 18 മുതൽ 20 ശതമാനം വരെ കുറവാണെന്ന് കണ്ടെത്തിയതായി പഠനത്തിൽ പറയുന്നു

Published

|

Last Updated

വാഷിങ്ടൺ | കാപ്പി കുടിക്കുന്നത് ആരോഗ്യത്തിന് ദോഷകരമാണെന്ന വാദങ്ങൾക്ക് മറുപടിയുമായി പുതിയ പഠന റിപ്പോർട്ട്. മിതമായ അളവിൽ കഫീൻ അടങ്ങിയ കാപ്പിയോ ചായയോ കുടിക്കുന്നത് മറവിരോഗം (ഡിമെൻഷ്യ) വരാനുള്ള സാധ്യത ഗണ്യമായി കുറയ്ക്കുമെന്ന് പ്രശസ്ത മെഡിക്കൽ ജേണലായ ജാമ (JAMA) പ്രസിദ്ധീകരിച്ച പഠനം വ്യക്തമാക്കുന്നു.

ഹാർവാർഡ് സർവകലാശാലയിലെയും മാസ് ജനറൽ ബ്രിഗാമിലെയും ഗവേഷകർ 1,31,821 വ്യക്തികളിൽ 43 വർഷത്തോളം നടത്തിയ ദീർഘകാല നിരീക്ഷണത്തിനൊടുവിലാണ് ഈ നിഗമനത്തിലെത്തിയത്.

ദിവസവും 2-3 കപ്പ് കാപ്പിയോ അല്ലെങ്കിൽ 1-2 കപ്പ് ചായയോ കുടിക്കുന്നവരിൽ മറവിരോഗ സാധ്യത 18 മുതൽ 20 ശതമാനം വരെ കുറവാണെന്ന് കണ്ടെത്തിയതായി പഠനത്തിൽ പറയുന്നു. കഫീൻ അടങ്ങിയ പാനീയങ്ങൾ കുടിക്കുന്നവർക്ക് മാത്രമാണ് ഈ ഗുണം ലഭിക്കുന്നത്. ഡീകഫീൻ ചെയ്ത പാനീയങ്ങൾ ഉപയോഗിക്കുന്നവരിൽ ഇത്തരമൊരു മാറ്റം ദൃശ്യമല്ല.

പതിവായി കാപ്പി കുടിക്കുന്നവർക്ക് പ്രായമാകുമ്പോഴുണ്ടാകുന്ന ബുദ്ധിശക്തിയിലെ കുറവ് ഏഴ് മാസം വരെ വൈകിപ്പിക്കാൻ സാധിക്കുമെന്ന് പഠനത്തിന് നേതൃത്വം നൽകിയ എപ്പിഡെമിയോളജിസ്റ്റ് ഡോക്ടർ ഡാനിയൽ വാംഗ് പറയുന്നു. അൽഷിമേഴ്‌സ് വരാൻ ജനിതകസാധ്യതയുള്ളവരിലും കഫീൻ സമാനമായ പ്രതിരോധം തീർക്കുന്നുണ്ടെന്ന് പഠനം പറയുന്നു.

ദിവസവും അഞ്ച് കപ്പ് വരെ കാപ്പി കുടിക്കുന്നവരിൽ മറവിരോഗ സാധ്യതയിൽ കുറവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് ഗവേഷകർ പറയുന്നത്. എന്നാൽ 2.5 കപ്പിന് ശേഷം കഫീന്റെ ഗുണഫലങ്ങൾ വർധിക്കുന്നില്ലെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. കഫീൻ ശരീരത്തിലെ അഡിനോസിൻ എന്ന ഘടകത്തെ തടയുന്നതിലൂടെ നാഡീവ്യൂഹത്തെ ഉത്തേജിപ്പിക്കുകയും തലച്ചോറിലെ കോശജ്വലനം കുറയ്ക്കുകയും ചെയ്യുന്നു.

ഹൃദയസ്തംഭനം, രക്തക്കുഴലുകൾ ചുരുങ്ങുന്നത് തടയൽ തുടങ്ങിയവയ്ക്കും മിതമായ അളവിലുള്ള കഫീൻ ഗുണകരമാണെന്ന് 2023-ലെ മറ്റൊരു പഠനവും സൂചിപ്പിക്കുന്നു.

---- facebook comment plugin here -----

Latest