Articles
ഇത് വോട്ടുചോരിയല്ല; ജനാധിപത്യച്ചോരി
സമരത്തെ ക്രൂരമായി അടിച്ചമര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ബി ജെ പിയിലെ പല നേതാക്കളും തങ്ങള്‍ സമരത്തിനൊപ്പമെന്നു പറയാതെ പറഞ്ഞു കഴിഞ്ഞിരിക്കുന്നു. ഇക്കാലമത്രയും മോദിയെ അന്ധമായി പിന്താങ്ങിയിരുന്ന (ഗോദി) മാധ്യമങ്ങള്‍ പോലും ചുവട് മാറ്റിച്ചവിട്ടിക്കൊണ്ടിരിക്കുന്നു. ഈ പോരാട്ടത്തിന്റെ ശരിയായ ലക്ഷ്യം ഒരു ഉപകരണം മാത്രമായ ഗ്യാനേഷ്‌കുമാര്‍ അല്ല, മറിച്ച് ആ ഉപകരണം പ്രവര്‍ത്തിപ്പിച്ചവരാണ്.
ഡല്‍ഹിയിലെ തെരുവുകള്‍ രാഷ്ട്രീയം സംസാരിക്കാന്‍ തുടങ്ങിയിരിക്കുന്നു. കഴിഞ്ഞ ഒരു ദശകത്തിലേറെയായി തെരുവുകളെ പിടികൂടിയിരുന്ന ഭയം പൊടുന്നനെ അപ്രത്യക്ഷമായിരിക്കുന്നു. തെരുവുകളിലെ ചായക്കടകളിലിരുന്ന് രാജ്യത്തെമ്പാടും നടക്കുന്ന പ്രതിഷേധങ്ങളുടെ റീലുകള്‍ കണ്ട് ആളുകള്‍ തങ്ങളുടെ അഭിപ്രായങ്ങള്‍ പരസ്യമായി പ്രകടിപ്പിക്കാന്‍ ആരംഭിച്ചിരിക്കുന്നു. നന്ദി; രാജ്യത്തെ യുവജനങ്ങള്‍ക്ക്. ഒരു ജനാധിപത്യ സംവിധാനത്തിന്റെ അടിസ്ഥാനം എന്നത് തന്നെ ജനങ്ങളുടെ ഇച്ഛക്കനുസരിച്ചുള്ള സര്‍ക്കാര്‍ ഉണ്ടാക്കുക എന്നതാണ്. അതിനു സ്വതന്ത്രവും നീതിപൂര്‍വകവുമായ തിരഞ്ഞെടുപ്പ് സംവിധാനം വേണം. പ്രായപൂര്‍ത്തിയായ എല്ലാ മനുഷ്യരുടെയും വോട്ടിന് ഒരേ വിലയാണ് എന്നത് തുല്യതയുടെ അടയാളമാണ്. ഒരാള്‍ക്ക് വോട്ട് ചെയ്യാനുള്ള അവകാശം നിഷേധിക്കുക എന്നത് കേവലം ഒരു തെറ്റല്ല, നീതിനിഷേധമാണ്. ഈ അടിസ്ഥാനത്തിലാണ് ഇന്ത്യയുടെ ഭരണഘടനയില്‍ സ്വതന്ത്രമായ തിരഞ്ഞെടുപ്പ് കമ്മീഷന്‍ എന്നത് ഉള്‍പ്പെടുത്തിയത്. ഇന്ത്യയില്‍ നടന്ന ആദ്യ പൊതുതിരഞ്ഞെടുപ്പിനു മേല്‍നോട്ടം വഹിച്ച സുകുമാര്‍ സെന്‍ എന്ന വ്യക്തിയുടെ ചരിത്രം നമ്മുടെ മുന്നിലുണ്ട്. ഇന്നത്തെ സൗകര്യങ്ങളോ അറിവുകളോ സാങ്കേതിക വിദ്യകളോ ഇല്ലാതിരുന്ന അക്കാലത്ത് എത്ര കാര്യക്ഷമമായാണ് തിരഞ്ഞെടുപ്പ് നടന്നത് എന്ന് ആ ചരിത്രം നമ്മെ ബോധ്യപ്പെടുത്തും.
ജനങ്ങളാണ് പരമാധികാരികള്‍
പല ഭരണഘടനാ സ്ഥാപനങ്ങള്‍ക്കും പലകാലങ്ങളിലായി തകരാറുകള്‍ സംഭവിച്ചിട്ടുണ്ടെങ്കിലും (അടിയന്തരാവസ്ഥ അടക്കം) അതൊക്കെ തിരുത്താന്‍ ജനങ്ങള്‍ക്ക് ശേഷിയുണ്ടെന്ന് തെളിഞ്ഞത് തിരഞ്ഞെടുപ്പുകളിലൂടെ ആയിരുന്നല്ലോ. എന്നാല്‍ 2014ല്‍ മോദി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ഒട്ടു മിക്ക ഭരണഘടനാ സ്ഥാപനങ്ങള്‍ക്കും കാര്യമായ പരുക്കേറ്റിട്ടുണ്ട്. സുപ്രീം കോടതിയിലെ നാല് സിറ്റിംഗ് ജഡ്ജിമാര്‍ പത്രസമ്മേളനം നടത്തേണ്ട അവസ്ഥ വരെ ഉണ്ടായി. അപ്പോഴും നമ്മുടെ പ്രതീക്ഷ തിരഞ്ഞെടുപ്പിലൂടെ അവയെല്ലാം തിരുത്താം എന്നായിരുന്നു. പക്ഷേ കുറച്ച് കാലമായി നമ്മുടെ അനുഭവം ആ സംവിധാനം പോലും അങ്ങേയറ്റം വികൃതമാക്കപ്പെടുകയും ഭരണകക്ഷിയുടെ ഒരു കളിപ്പാവ പോലെ ആയിരിക്കുന്നു എന്നുമാണ്.
അട്ടിമറിയുടെ ചരിത്രം
ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ സംബന്ധിച്ച് തന്നെ നിരവധി സംശയങ്ങള്‍ ഉയര്‍ന്നു വന്നതാണ്. അതില്‍ പലവിധ ഇടപെടലുകളും അധികാരമുള്ളവര്‍ക്കു സാധ്യമാണെന്നും യഥാര്‍ഥ ജനഹിതം അട്ടിമറിക്കപ്പെടുന്നു എന്നും തെളിവുകളോടെ പലരും ആരോപണങ്ങള്‍ ഉന്നയിച്ചതുമാണ്. എന്നാല്‍ പ്രതിപക്ഷമടക്കം ഒരു രാഷ്ട്രീയ കക്ഷിയും ഈ വിഷയം മുന്നോട്ടു കൊണ്ടുപോകാന്‍ തയ്യാറായിരുന്നില്ല എന്നതിനാല്‍ അത് മയങ്ങിക്കിടന്നു. തിരഞ്ഞെടുപ്പ് കമ്മീഷനെ തിരഞ്ഞെടുക്കുന്നത് സംബന്ധിച്ച കേസില്‍ സുപ്രീം കോടതി നടത്തിയ ഒരു വിധി നിര്‍ണായകമായിരുന്നു. ഭരണകക്ഷിക്ക് താത്പര്യമുള്ളവരല്ല സ്വതന്ത്രമായി നിലനില്‍പ്പുള്ളവരാകണം കമ്മീഷനിലെ അംഗങ്ങള്‍ എന്ന് വിലയിരുത്തിയ കോടതി, അതിനുള്ള സമിതിയില്‍ പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും മൂന്നാമനായി സുപ്രീം കോടതിയിലെ ചീഫ് ജസ്റ്റിസും ആണ് വേണ്ടതെന്ന് വിധിച്ചു. ഈ വിധി അട്ടിമറിക്കാന്‍ 2023ല്‍ പാര്‍ലിമെന്റില്‍ നടത്തിയ നിയമനിര്‍മാണം അങ്ങേയറ്റം ഏകപക്ഷീയമായിരുന്നു. മൂന്നംഗ സമിതിയില്‍ പ്രധാനമന്ത്രിയും അദ്ദേഹം നിര്‍ദേശിക്കുന്ന ഒരു കേന്ദ്രമന്ത്രിയും പ്രതിപക്ഷ നേതാവും എന്നാക്കി. അതോടെ ആ സമിതിയില്‍ പ്രതിപക്ഷ നേതാവിന്റെ അഭിപ്രായത്തിന് വിലയില്ലാതായി. തന്നെയുമല്ല കമ്മീഷന്റെ തീരുമാനങ്ങളെ കോടതിയില്‍ ചോദ്യം ചെയ്യാന്‍ പാടില്ലെന്ന വ്യവസ്ഥ കൂടി വന്നതോടെ ഭരണകക്ഷിക്ക് സമ്പൂര്‍ണ ആധിപത്യമായി.
പിന്നീടാണ് വോട്ടര്‍ പട്ടികയിലെ നിരവധി ക്രമക്കേടുകള്‍ സംബന്ധിച്ചുള്ള ഗുരുതരമായ പരാതികള്‍ ഉയര്‍ന്നു വന്നത്. ചില നിയോജക മണ്ഡലങ്ങള്‍ ഉദാഹരണമായി എടുത്ത് പരിശോധിച്ച പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വിശദമായി തന്നെ അതിലെ തെറ്റുകള്‍ പൊതു സമൂഹത്തിനും മാധ്യമങ്ങള്‍ക്കും മുന്നില്‍ തുറന്നുകാട്ടി. ഒരു വീട്ടില്‍ തന്നെ നൂറുകണക്കിന് വോട്ടര്‍മാര്‍ ഉണ്ടാകുക, ആ വീട്ടില്‍ അന്വേഷിച്ചു ചെല്ലുമ്പോള്‍ ആ പേരുകളില്‍ ഉള്ള ഒരാള്‍ പോലും ഇല്ലാതിരിക്കുക, ഒരു ചിത്രം അല്ലെങ്കില്‍ ഒരു പേരു വെച്ച് കൊണ്ട് പല നിയോജകമണ്ഡലങ്ങളിലും ചിലപ്പോള്‍ പല സംസ്ഥാനങ്ങളില്‍ പോലും വോട്ടുകള്‍ ചേര്‍ക്കുക, അങ്ങനെയുള്ള ഒരു ചിത്രം ഇന്ത്യക്കാരുടെ പോലും അല്ലെന്നു വരിക തുടങ്ങി പല തെറ്റുകളും ചൂണ്ടിക്കാട്ടിയിട്ടും ഒരു തരത്തിലും തിരുത്താന്‍ അവര്‍ തയ്യാറായില്ല. തന്നെയുമല്ല കമ്മീഷന്റെ ഈ തെറ്റുകളെ ന്യായീകരിക്കാന്‍ കേന്ദ്ര ഭരണകക്ഷി തന്നെ നേരിട്ട് രംഗത്തുവരികയും ചെയ്തതോടെ കാര്യങ്ങള്‍ വ്യക്തമായി.
കരട് പട്ടികയിലെ കരടുകള്‍
ഈ പ്രക്രിയയുടെ ഏറ്റവും ഭയാനകമായ അട്ടിമറി ആയിരുന്നു തീവ്ര പട്ടിക പരിഷ്‌കരണം (എസ് ഐ ആര്‍) എന്ന പേരില്‍ നടപ്പാക്കിയ പരിപാടി. പരമാവധി വോട്ടര്‍മാരെ പട്ടികയില്‍ നിന്ന് ഒഴിവാക്കാന്‍ വേണ്ട ഇടപെടലുകള്‍ ആയിരുന്നു അതെന്ന് ഇന്ന് എല്ലാവര്‍ക്കും ബോധ്യമായിരിക്കുന്നു. ഒരു പട്ടിക പരിഷ്‌കരിക്കുക എന്നതിന്റെ തുടക്കം ഒരു കരട് പട്ടികയാണല്ലോ. അങ്ങനെ ഒരു പട്ടിക എന്നാല്‍ ഏറ്റവും ഒടുവിലെ പൊതുതിരഞ്ഞെടുപ്പില്‍ ഉപയോഗിച്ച (2024ല്‍ നടന്ന പൊതു തിരഞ്ഞെടുപ്പിലെ) പട്ടികയാണ് അടിസ്ഥാനമാകേണ്ടത്. അതില്‍ നിന്ന് മരിച്ചവരെയും സ്ഥലത്തില്ലാത്തവരെയും ഒഴിവാക്കുകയും പുതിയവരെ കൂട്ടിച്ചേര്‍ക്കുകയുമാണ് വേണ്ടത്. അതിനായി തീവ്ര പരിശോധനകള്‍ ആകാം. എന്നാല്‍ 2024ലെ പട്ടിക അസാധുവാക്കുകയാണ് ആദ്യം ചെയ്തത്. തുടര്‍ന്ന് തയ്യാറാക്കിയ കരട് പട്ടികയുടെ അടിസ്ഥാനം എന്താണ് എന്ന ചോദ്യത്തിന് ഇപ്പോഴും വ്യക്തമായ മറുപടിയില്ല. ആ കരട് പട്ടികയില്‍ 13 കോടിയില്‍ പരം പേരുകള്‍ ഒഴിവാക്കപ്പെട്ടതെങ്ങനെ? ആരാണ് ഇതിന് നിര്‍ദേശം നല്‍കിയത്? ഇങ്ങനെ ഒഴിവാക്കപ്പെടുന്നതിനു മുമ്പ് അവരോട് വിശദീകരണം തേടണമായിരുന്നില്ലേ? ഏകപക്ഷീയമായ ഈ ഒഴിവാക്കലിന്റെ ലക്ഷ്യം തങ്ങള്‍ക്കു താത്പര്യമില്ലാത്തവരെ ഒഴിവാക്കുക എന്നതായിരുന്നു എന്ന് പിന്നീട് മനസ്സിലാകുന്നു. ബിഹാറില്‍ ഭരണം പിടിച്ചത് അങ്ങനെയായിരുന്നു. പശ്ചിമ ബംഗാളിലെ പട്ടിക ഒന്നാം തരം ഉദാഹരണം. ഒരു കോടിയില്‍ പരം പേരെ അവിടെ ഒഴിവാക്കി. അവര്‍ക്ക് അപ്പീല്‍ കൊടുക്കാം എന്നാണ് പറഞ്ഞത്. പക്ഷേ തീര്‍ത്തും ദരിദ്രരും നിരക്ഷരരുമായ ഇവരുടെ ഒഴിവാക്കലിന്റെ ലക്ഷ്യം രാഷ്ട്രീയമായിരുന്നു. സംസ്ഥാനഭരണം പിടിക്കുക തന്നെ.
പൗരത്വ പരിശോധന തന്നെ
പ്രായപൂര്‍ത്തിയായ ഒരാള്‍ക്ക് പോലും വോട്ടവകാശം നിഷേധിക്കരുതെന്ന തത്ത്വത്തിന്റെ നഗ്‌നമായ ലംഘനമായിരുന്നു ഇത്. ഈ പട്ടികയില്‍ നിന്ന് പേര് ഒഴിവാക്കപ്പെട്ടത് പുതിയ വോട്ടര്‍മാരൊന്നും ആയിരുന്നില്ല. മുമ്പ് പല തിരഞ്ഞെടുപ്പുകളിലും വോട്ട് ചെയ്തവരാണവര്‍. അവര്‍ക്ക് വീണ്ടും പേര് ചേര്‍ക്കാന്‍ കൊടുത്ത ഫോം 6 പുതിയ വോട്ടര്‍മാരെ ചേര്‍ക്കാനുള്ളതാണ്. തങ്ങള്‍ ഇതുവരെ വോട്ട് ചെയ്തിട്ടില്ല എന്ന് അതില്‍ പറയണം. അതിനു പലര്‍ക്കും കഴിയുമോ? തന്നെയുമല്ല അവസാനമായി തീവ്രപരിഷ്‌കരണം നടന്ന 2002ലെ പട്ടിക അടിസ്ഥാനമാക്കുന്നതോടെ നിരവധി പ്രശ്നങ്ങള്‍ ഉണ്ടാകുന്നു. അന്നത്തെ പട്ടികയില്‍ ഉള്ളവര്‍ക്കോ അവരുടെ മക്കള്‍ക്കോ ചെറുമക്കള്‍ക്കോ മാത്രമേ പുതിയ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ കഴിയൂ. അന്ന് ഇവരൊന്നും ജീവിച്ചിരുന്നിട്ടില്ലാത്ത ഒരാള്‍ വോട്ട് ചെയ്യേണ്ടതില്ല എന്നാണോ? ഇതിന്റെ അസംബന്ധം നമുക്ക് പെട്ടെന്ന് ബോധ്യമാകും. പക്ഷേ ഇതൊരു കൈപ്പിഴ ആയിരുന്നില്ല, മറിച്ച് പരോക്ഷമായ പൗരത്വ പരിശോധന ആയിരുന്നു എന്നതാണ് സത്യം. പൗരത്വ പരിശോധന തിരഞ്ഞെടുപ്പ് കമ്മീഷന്റെ ചുമതലയല്ലെന്നു സുപ്രീം കോടതി തന്നെ പലവട്ടം പറഞ്ഞിട്ടുള്ളതാണ്. പക്ഷേ ഇത്തരം പൗരത്വ നിഷേധത്തെ അനുകൂലിക്കുന്നവരാണ് കേന്ദ്ര ഭരണകക്ഷി. മുമ്പ് സി എ എ തുടങ്ങിയ വഴികളില്‍ കൂടി കൊണ്ട് വരാന്‍ നടത്തിയ ശ്രമം പാളിയപ്പോള്‍ ഉണ്ടാക്കിയ ഒരു സൂത്രപ്പണിയായിരുന്നു ഈ എസ് ഐ ആര്‍ എന്നതാണ് സത്യം. പക്ഷേ ഇതിലൂടെ കോടിക്കണക്കിനു മനുഷ്യരുടെ വോട്ടവകാശം റദ്ദാക്കപ്പെടുകയാണ്.
കോടിക്കണക്കിനു പേരുടെ അപ്പീലുകള്‍ കെട്ടിക്കിടക്കുകയാണ്. പശ്ചിമ ബംഗാള്‍ തിരഞ്ഞെടുപ്പിന്റെ തലേന്ന് പോലും അന്തിമ വോട്ടര്‍ പട്ടിക ഉണ്ടായിരുന്നില്ലെന്നോര്‍ക്കുക. ഇത് പലതരം പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിനു മുമ്പ് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കണം എന്നത് കേവലം ഒരു കീഴ് വഴക്കമല്ല, ജനാധിപത്യ അവകാശമാണ്. കാരണം ഒരാള്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാമെങ്കിലോ ഒരു സ്ഥാനാര്‍ഥിയെ പിന്താങ്ങണമെങ്കിലോ പട്ടികയില്‍ പേരുണ്ടാകണം.
കമ്മീഷനകത്തുള്ള പ്രതിരോധം
തിരുത്തലുകള്‍ നടത്തിയതിനെ സംബന്ധിച്ചും നിരവധി പരാതികള്‍ ഉയര്‍ന്നു വന്നിട്ടുണ്ട്. എന്നാല്‍ ഏറ്റവും നിര്‍ണായകമായ പരാതികള്‍ ഉന്നയിച്ചത് തിരഞ്ഞെടുപ്പ് കമ്മീഷനില്‍ അംഗങ്ങളായ രണ്ട് പേരാണ് എന്നതാണ്. മൂന്നംഗ സമിതിയില്‍ പല തീരുമാനങ്ങളും എടുത്തത് മുഖ്യ കമ്മീഷണര്‍ ആയ ഗ്യാനേഷ്‌കുമാര്‍ മാത്രമായിരുന്നു എന്നും പല കാര്യങ്ങളും തങ്ങളെ അറിയിക്കാറില്ലെന്നും അവര്‍ കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറിയോട് പരാതിപ്പെട്ടതിന്റെ വിവരങ്ങള്‍ പുറത്തു വന്നു. യോഗങ്ങളുടെ അജന്‍ഡകള്‍ പോലും തങ്ങള്‍ അറിയാറില്ല. മിനുട്ടുകള്‍ കാണാറില്ല എന്നിങ്ങനെ അവരുടെ പരാതികള്‍ നീണ്ടുപോയി.
മുഖ്യ കമ്മീഷണര്‍ക്ക് യാതൊരു വിധ പ്രത്യേക അധികാരങ്ങളും ഇല്ലെന്നും മൂന്നില്‍ ഒരാള്‍ മാത്രമാണെന്നും നിയമം വ്യക്തമായി പറയുന്നുണ്ട്. അതായത് രണ്ട് പേര്‍ എതിര്‍ത്താല്‍ ഈ തീരുമാനങ്ങളൊക്കെ റദ്ദാക്കപ്പെടും. മുഖ്യ കമ്മീഷണറായ ഗ്യാനേഷ്‌കുമാറിന്റെ തീരുമാനങ്ങള്‍ നിയമവിധേയമല്ല എന്നര്‍ഥം. ഏറെ നിഷേധക്കുറിപ്പുകള്‍ ഇറക്കി എങ്കിലും മുമ്പ് പറഞ്ഞ പല തെറ്റുകളും തിരുത്താന്‍ കമ്മീഷന്‍ നിര്‍ബന്ധിതമായതോടെ മുഖ്യ കമ്മീഷണറുടെ വിശ്വാസ്യത നഷ്ടമായി. അതുകൊണ്ട് തന്നെ ഗ്യാനേഷ്‌കുമാര്‍ രാജിവെക്കണം എന്ന ആവശ്യം പ്രതിപക്ഷം ശക്തമായി ഉയര്‍ത്തി. പല മുന്‍ കമ്മീഷണര്‍മാരും മുന്‍ സുപ്രീം കോടതി ജഡ്ജിമാരും നിയമവിദഗ്ധരും ഈ ആവശ്യത്തിന് പിന്തുണ നല്‍കുന്നു.
മുന്നില്‍ കുട്ടികള്‍ തന്നെ
നീറ്റ് പരീക്ഷയിലെ ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കേന്ദ്ര മന്ത്രി രാജിവെക്കാന്‍ സാഹചര്യമൊരുക്കിയ സി ജെ പി എന്ന പാറ്റ ജനത പാര്‍ട്ടി കൂടി സമരം പ്രഖ്യാപിച്ചതോടെ രംഗം പ്രക്ഷുബ്ധമായി. ഡല്‍ഹി വീണ്ടും ശക്തമായ സമരവേദിയായി. നീറ്റ് സമരത്തില്‍ അണിനിരന്ന വിദ്യാര്‍ഥി സംഘടനകള്‍ അതിശക്തമായി രംഗത്തു വന്നു. ഐസ നേതാവായ നേഹ ബോറ അടക്കമുള്ളവരുടെ പോരാട്ടങ്ങള്‍ ഇന്ന് ജനാധിപത്യത്തിന് പുതിയ പ്രതീക്ഷകള്‍ നല്‍കുന്നുണ്ട്. സമരത്തെ ക്രൂരമായി അടിച്ചമര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. എന്നാല്‍ കേന്ദ്ര ഭരണമുന്നണിയിലെ പല കക്ഷികളും തന്നെ സമരത്തിലെ ആവശ്യങ്ങളെ പരസ്യമായി പിന്താങ്ങുന്നുണ്ട്. ബി ജെ പിയിലെ പല നേതാക്കളും തങ്ങള്‍ സമരത്തിനൊപ്പമെന്നു പറയാതെ പറഞ്ഞു കഴിഞ്ഞിരിക്കുന്നു. ഇക്കാലമത്രയും മോദിയെ അന്ധമായി പിന്താങ്ങിയിരുന്ന (ഗോദി) മാധ്യമങ്ങള്‍ പോലും ചുവട് മാറ്റി ചവിട്ടിക്കൊണ്ടിരിക്കുന്നു. ഈ പോരാട്ടത്തിന്റെ ശരിയായ ലക്ഷ്യം ഒരു ഉപകരണം മാത്രമായ ഗ്യാനേഷ്‌കുമാര്‍ അല്ല, മറിച്ച് ആ ഉപകരണം പ്രവര്‍ത്തിപ്പിച്ച പ്രധാനമന്ത്രിയും കൂട്ടരുമാണ്. ഈ സമരത്തിന്റെ ഏറ്റവും മുഖ്യമായ സന്ദേശം പ്രതിപക്ഷ കക്ഷികള്‍ക്കും ഉള്ളതാണ്. ജനാധിപത്യ വ്യവസ്ഥയെ അട്ടിമറിക്കാന്‍ നടക്കുന്ന ശ്രമങ്ങളെ പ്രതിരോധിക്കാന്‍ നിങ്ങള്‍ തയ്യാറല്ലെങ്കില്‍ നിങ്ങള്‍ അപ്രസക്തരാകും എന്നതാണ് ആ സന്ദേശം. അവരതു പഠിക്കുമെന്ന്പ്രതീക്ഷിക്കാം.
വാല്‍ക്കഷ്ണം: വോട്ട് ചോരിയെക്കുറിച്ചും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷന്റെ കൈവിട്ട കളികളെക്കുറിച്ചും തെളിവുകള്‍ സഹിതം വാര്‍ത്ത പുറത്തു കൊണ്ടുവന്ന റിതികയും ഇന്ത്യന്‍ എക്സ്പ്രസ്സ് പത്രവും മുഖ്യധാരാ മാധ്യമ പ്രവര്‍ത്തനങ്ങളുടെ വിശ്വാസ്യതയുടെ ആയുസ്സ് അല്‍പ്പം കൂടി നീട്ടിക്കൊടുത്തിരിക്കുന്നു. നന്ദി, റിതിക് ചോപ്ര!



