Connect with us

From the print

കൊക്കകോള പ്ലാന്റ് പൂട്ടിയിട്ട് 22 വര്‍ഷം; പ്ലാച്ചിമടയില്‍ നീതിക്കായുള്ള കാത്തിരിപ്പ് തുടരുന്നു

നഷ്ടപരിഹാരം ലഭിച്ചില്ല. നിയമസഭ പാസ്സാക്കിയ ബില്ലും കടലാസില്‍. ഭൂമി ഇരകള്‍ക്ക് നല്‍കണമെന്ന ആവശ്യം ശക്തം.

Published

|

Last Updated

പാലക്കാട് | കൊക്കകോള കമ്പനി പ്ലാച്ചിമടയിലെ പ്ലാന്റ് അടച്ചുപൂട്ടിയിട്ട് 22 വര്‍ഷം പിന്നിട്ടിട്ടും ദുരിതബാധിതര്‍ക്ക് നീതി അകലെ. ഭൂഗര്‍ഭജലത്തിന്റെ അമിതചൂഷണവും ജല-മണ്ണ് മലിനീകരണവും മൂലം കൃഷിയും ഉപജീവനവും ആരോഗ്യവും തകര്‍ന്നുവെന്നാരോപിക്കുന്ന പ്രദേശവാസികള്‍ക്ക് 216.26 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന ആവശ്യം ഇപ്പോഴും നടപ്പായിട്ടില്ല. നഷ്ടം കണക്കാക്കുകയും നഷ്ടപരിഹാരം ഉറപ്പാക്കാന്‍ നിയമസഭ ബില്ല് പാസ്സാക്കുകയും ചെയ്തിട്ടും നടപടികളുണ്ടാകാത്തതില്‍ പ്രതിഷേധിച്ച് സമരസമിതി പോരാട്ടം തുടരുകയാണ്.

നഷ്ടപരിഹാരം നല്‍കുന്നില്ലെങ്കില്‍ കമ്പനി സര്‍ക്കാറിന് കൈമാറിയ 36.7 ഏക്കര്‍ ഭൂമി ദുരിതബാധിതര്‍ക്ക് വിട്ടുനല്‍കണമെന്നാണ് സമരസമിതിയുടെ പുതിയ ആവശ്യം. ഭൂമിയുടെ തുടര്‍വിനിയോഗത്തില്‍ ഇരകളുടെ അവകാശങ്ങള്‍ പരിഗണിക്കണമെന്നും സമരക്കാര്‍ ആവശ്യപ്പെടുന്നു. യു ഡി എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി ആറ് മാസം പിന്നിട്ടിട്ടും നഷ്ടപരിഹാര വിഷയത്തില്‍ അനുകൂല നടപടിയുണ്ടായിട്ടില്ലെന്നാണ് സമരസമിതിയുടെ ആരോപണം. വി ഡി സതീശന് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കെട്ടിവെക്കേണ്ട തുക സമരസമിതിയും ഐക്യദാര്‍ഢ്യ സമിതിയും ചേര്‍ന്ന് നല്‍കിയിരുന്നു. അന്ന് നല്‍കിയ പിന്തുണക്ക് പകരം ഇരകളുടെ നീതിക്കായുള്ള പോരാട്ടത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്നാണ് സമരസമിതിയുടെ ആവശ്യം.

സര്‍ക്കാര്‍ നിയോഗിച്ച കെ ജയകുമാര്‍ അധ്യക്ഷനായ ഉന്നതാധികാര സമിതി 2010 മാര്‍ച്ചില്‍ സമര്‍പ്പിച്ച റിപോര്‍ട്ടിലാണ് 216.26 കോടി രൂപയുടെ നഷ്ടം കണക്കാക്കിയത്. കാര്‍ഷികനഷ്ടം 84.16 കോടി, ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് 30 കോടി, ജലമലിനീകരണത്തിന് 62.10 കോടി, കുടിവെള്ള വിതരണത്തിന് 20 കോടി, തൊഴിലവസര നഷ്ടങ്ങള്‍ക്ക് 20 കോടി എന്നിങ്ങനെയാണ് തുക നിശ്ചയിച്ചത്. നഷ്ടപരിഹാരം ഉറപ്പാക്കാന്‍ പ്രത്യേക ട്രൈബ്യൂണല്‍ രൂപവത്കരിക്കണമെന്ന ശിപാര്‍ശയുടെ അടിസ്ഥാനത്തില്‍ 2011 ഫെബ്രുവരി 24ന് നിയമസഭ ഏകകണ്ഠമായി ബില്ല് പാസ്സാക്കി. എന്നാല്‍ കേന്ദ്ര നിയമങ്ങളുമായുള്ള പൊരുത്തക്കേടുകളും സംസ്ഥാനത്തിന്റെ നിയമനിര്‍മാണ അധികാരപരിധിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും ചൂണ്ടിക്കാട്ടി 2015 നവംബര്‍ 20ന് രാഷ്ട്രപതി അംഗീകാരം നിഷേധിച്ചു. ഇതോടെ ബില്ല് നിയമമായില്ല. നഷ്ടപരിഹാര നടപടികളും വഴിമുട്ടി. ദേശീയ ഹരിത ട്രൈബ്യൂണല്‍ നിയമത്തിലെ കാലപരിധി വ്യവസ്ഥകളും ഇരകള്‍ക്ക് വെല്ലുവിളിയാണ്. പരിസ്ഥിതിനാശവുമായി ബന്ധപ്പെട്ട പരാതികള്‍ക്കും നഷ്ടപരിഹാര അപേക്ഷകള്‍ക്കും നിശ്ചയിച്ചിട്ടുള്ള സമയപരിധി മറികടന്ന് എങ്ങനെ നീതി ഉറപ്പാക്കുമെന്നതാണ് പ്രധാന ചോദ്യം.

2024 ജനുവരിയില്‍ നിയമസഭയില്‍ മറുപടി നല്‍കവേ, ഇരകള്‍ക്ക് നഷ്ടപരിഹാരം ഉറപ്പാക്കാന്‍ പുതിയ നിയമനിര്‍മാണ സാധ്യത സര്‍ക്കാര്‍ പരിശോധിക്കുന്നതായി അന്നത്തെ ജലവിഭവ മന്ത്രി അറിയിച്ചിരുന്നു. എന്നാല്‍ പ്രഖ്യാപനങ്ങള്‍ക്കപ്പുറം നടപടികളുണ്ടായില്ല. മയിലമ്മയുടെ നേതൃത്വത്തില്‍ 2002ല്‍ ആരംഭിച്ച ജനകീയ സമരം ഉയര്‍ത്തിയ ചോദ്യം ഇന്നും അവശേഷിക്കുന്നു.

Content Highlights: Twenty-two years have passed since the Coca-Cola bottling plant in Plachimada shut down following intense local resistance. Residents and activists continue demanding compensation for groundwater depletion and ecological damage. The long-standing struggle remains a key environmental justice issue in Kerala.

 

 

---- facebook comment plugin here -----

Latest