Ongoing News
ഹാളന്‍ഡിന്റെ പെനാല്‍റ്റി ഗോള്‍; അവിസ്മരണീയ ജയവുമായി നോര്‍വേ നാഷന്‍സ് ലീഗ് ക്വാര്‍ട്ടറില്‍
രണ്ടിനെതിരെ മൂന്ന് ഗോളിനാണ് വിജയം. അവസാന നിമിഷം ലഭിച്ച പെനാല്‍റ്റി ഗോളാക്കി മാറ്റിയാണ് ഹാളന്‍ഡ് നോര്‍വേക്ക് ജയം സമ്മാനിച്ചത്.
കോപന്ഹേഗന് | എര്‍ലിംഗ് ഹാളന്‍ഡിന്റെ ഗോളില്‍ ഡെന്മാര്ക്കിനെ മറികടന്ന് യുവേഫ നാഷന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മാര്‍ച്ച് ചെയ്ത് നോര്‍വേ. രണ്ടിനെതിരെ മൂന്ന് ഗോളിനാണ് വിജയം. അവസാന നിമിഷം ലഭിച്ച പെനാല്‍റ്റി ഗോളാക്കി മാറ്റിയാണ് ഹാളന്‍ഡ് നോര്‍വേക്ക് അവിസ്മരണീയ ജയം സമ്മാനിച്ചത്. ഗ്രൂപ്പ് A4ല്‍ സമനില നേടിയാല്‍ പോലും രണ്ടാം സ്ഥാനക്കാരായി മുന്നേറാമെന്നിരിക്കെ, ഡെന്മാര്ക്ക് യോഗ്യത ഉറപ്പിച്ചെന്ന് കരുതിയ നിമിഷമായിരുന്നു അത്. എന്നാല്‍, ബോക്സിനുള്ളില്‍ വച്ച് ജോക്കിം ആന്ഡേഴ്സണ് പന്തില്‍ കൈകൊണ്ട് തൊട്ടതിനെ തുടര്‍ന്ന് അനുവദിക്കപ്പെട്ട പെനാല്‍റ്റി മാഞ്ചസ്റ്റര്‍ സിറ്റി സ്ട്രൈക്കറായ ഹാളന്‍ഡ് പിഴവൊന്നും വരുത്താതെ വലയുടെ മൂലയിലേക്ക് അടിച്ചുകയറ്റി.
മത്സരത്തില്‍ മൂന്ന് മിനുട്ടിനുള്ളില്‍ രണ്ട് ഗോള്‍ നേടി ഡെന്മാര്ക്ക് മികച്ച തുടക്കമാണ് കുറിച്ചത്. മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം റാസ്മസ് ഹോജ്ലണ്ട് തന്റെ കഴിഞ്ഞ ആറ് അന്താരാഷ്ട്ര മത്സരങ്ങളിലെ അഞ്ചാം ഗോള്‍ നേടിയപ്പോള്‍, ക്യാപ്റ്റന്‍ പിയറി-എമില്‍ ഹോജ്ബെര്‍ഗ് ഹെഡറിലൂടെ രണ്ടാമത്തെ ഗോള്‍ കണ്ടെത്തി.
എന്നാല്‍, ശക്തമായി തിരിച്ചടിച്ച നോര്‍വേ ഒരു ഗോള്‍ മടക്കി. ഗോള്‍കീപ്പര്‍ക്ക് സംഭവിച്ച പിഴവ് മുതലെടുത്ത ആഴ്സണല്‍ താരം മാര്ട്ടിന് ഒഡെഗാര്‍ഡ് പന്ത് ഹാളന്ഡിന് നല്കി. ഹാളന്‍ഡ് അത് അനായാസം വലയിലാക്കുകയും ചെയ്തു. മത്സരം അവസാനിക്കാന്‍ ഏഴ് മിനുട്ട് മാത്രം ശേഷിക്കെ, ആന്‍ഡ്രിയാസ് ഷെല്‍ഡറപ്പിന്റെ ഷോട്ട് പോസ്റ്റില്‍ തട്ടി മടങ്ങിയപ്പോള്‍, അത് കൃത്യമായി തിരിച്ചയച്ച് ഒഡെഗാര്‍ഡ് സ്കോര്‍ 2-2 എന്ന നിലയിലാക്കി. കളിയുടെ അന്തിമ ഘട്ടത്തില്‍ ഒരു ക്രോസിനിടെ ആന്‍ഡേഴ്സന്റെ കൈയില്‍ പന്ത് തട്ടി. പെനാല്‍റ്റി കിക്കെടുത്ത ഹാളന്‍ഡ്, ടീമിനെ ആവേശകരമായ വിജയത്തിലേക്ക് നയിക്കുകയും ചെയ്തു.
Content Highlights:Erling Haaland netted a dramatic 96th-minute penalty as Norway secured a thrilling 3-2 comeback victory against Denmark. Trailing by two goals early in Copenhagen, Norway rallied through Haaland and captain Martin Odegaard. The memorable win propelled Norway into the UEFA Nations League quarter-finals.


