ദേശീയ അപസ്മാര ദിനം
കുഞ്ഞിന്റെ ഞെട്ടൽ സാധാരണമാകണമെന്നില്ല; കരുതിയിരിക്കാം 'ഇൻഫന്റൈൽ സ്പാസംസ്' എന്ന അപസ്മാരാവസ്ഥയെ!
കൃത്യസമയത്ത് തിരിച്ചറിയുകയും ചികിത്സ നൽകുകയും ചെയ്തില്ലെങ്കിൽ കുഞ്ഞിന്റെ തലച്ചോറിന്റെ വളർച്ചയെയും ബുദ്ധിവികാസത്തെയും സാരമായി ബാധിക്കുന്ന ഒരു അടിയന്തര അവസ്ഥയാണിത്.
നാലോ അഞ്ചോ മാസം പ്രായമുള്ള കുഞ്ഞ് ഉറക്കമുണരുമ്പോൾ പെട്ടെന്ന് ഞെട്ടുന്നതുപോലെ കൈകാലുകൾ ചലിപ്പിക്കുകയും തല മുന്നോട്ട് കുനിക്കുകയും ചെയ്യുന്നുണ്ടോ? പിന്നാലെ കുഞ്ഞ് നിർത്താതെ കരയുകയും ചെയ്യുന്നുണ്ടോ? പലപ്പോഴും മാതാപിതാക്കൾ ഇതുകണ്ട് കുഞ്ഞിന് വയറുവേദനയോ അഥവാ കുഞ്ഞുങ്ങളിൽ സാധാരണയായി കാണപ്പെടുന്ന ഞെട്ടൽ ആണെന്നോ കരുതി അവഗണിക്കാറാണ് പതിവ്.
എന്നാൽ ഒരു പീഡിയാട്രിക് ന്യൂറോളജിസ്റ്റ് എന്ന നിലയിൽ മാതാപിതാക്കളോട് പങ്കുവെക്കാനുള്ള ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്തെന്നാൽ കുഞ്ഞുങ്ങളിലെ ഇത്തരം നിസ്സാരമെന്ന് തോന്നുന്ന ചലനങ്ങൾ ‘ഇൻഫന്റൈൽ സ്പാസംസ്’ എന്ന അതീവ ഗുരുതരമായ അപസ്മാരാവസ്ഥയുടെ പ്രാരംഭ ലക്ഷണമാകാം. കൃത്യസമയത്ത് തിരിച്ചറിയുകയും ചികിത്സ നൽകുകയും ചെയ്തില്ലെങ്കിൽ കുഞ്ഞിന്റെ തലച്ചോറിന്റെ വളർച്ചയെയും ബുദ്ധിവികാസത്തെയും സാരമായി ബാധിക്കുന്ന ഒരു അടിയന്തര അവസ്ഥയാണിത്.
എന്താണ് ഇൻഫന്റൈൽ സ്പാസംസ്?
സാധാരണയായി ഒരു വയസ്സിന് താഴെയുള്ള കുഞ്ഞുങ്ങളിൽ പ്രത്യേകിച്ച് 3 മുതൽ 8 മാസം വരെ പ്രായമുള്ള ശിശുക്കളിൽ കണ്ടുവരുന്ന ഒരു പ്രത്യേകതരം അപസ്മാര രോഗാവസ്ഥയാണ് ഇൻഫന്റൈൽ സ്പാസംസ് (Infantile Spasms). മുതിർന്നവരിലോ വലിയ കുട്ടികളിലോ കാണുന്നതുപോലെ കൈകാലുകൾ ശക്തമായി വിറയ്ക്കുകയോ വായിൽ നിന്ന് നുരയും പതയും വരികയോ ചെയ്യുന്ന ലക്ഷണങ്ങളല്ല ഇതിനുള്ളത്.
മറിച്ച് ഒന്നോ രണ്ടോ സെക്കൻഡ് മാത്രം നീണ്ടുനിൽക്കുന്ന വളരെ സൂക്ഷ്മമായ പേശീസങ്കോചങ്ങളായാണ് ഇത് പ്രകടമാകുന്നത്. ഈ പേശീസങ്കോചങ്ങൾക്കൊപ്പം തലച്ചോറിലെ അസാധാരണവും ക്രമരഹിതവുമായ വൈദ്യുത തരംഗങ്ങളും കുഞ്ഞിന്റെ വളർച്ചാ ഘട്ടങ്ങളിലുണ്ടാകുന്ന ഗുരുതരമായ തിരിച്ചടികളും ചേരുന്ന അവസ്ഥയെയാണ് വൈദ്യശാസ്ത്രത്തിൽ വെസ്റ്റ് സിൻഡ്രോം (West Syndrome) എന്ന് വിളിക്കുന്നത്.
(ഇവിടെ വളർച്ചാ ഘട്ടങ്ങളിലുണ്ടാകുന്ന ഗുരുതരമായ തിരിച്ചടി എന്നതുകൊണ്ട് അർത്ഥമാക്കുന്നത് കുഞ്ഞിന്റെ ശരീരഭാരമോ ഉയരമോ കുറയുന്നതിനെയല്ല മറിച്ച് തലച്ചോറിന്റെ വികാസവുമായി ബന്ധപ്പെട്ട നാഴികക്കല്ലുകൾ തടസ്സപ്പെടുന്നതിനെയാണ്. തലച്ചോറിൽ തുടർച്ചയായി ഉണ്ടാകുന്ന ക്രമരഹിതമായ വൈദ്യുത തരംഗങ്ങൾ കുഞ്ഞിന്റെ മസ്തിഷ്ക വികാസത്തെയും പഠനപ്രക്രിയകളെയും സാരമായി ബാധിക്കുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്.)
ഞെട്ടലോ വയറുവേദനയോ എന്ന് തെറ്റിദ്ധരിക്കരുത്; ശ്രദ്ധിക്കാം ഈ സൂചനകൾ
സാധാരണ കുഞ്ഞുങ്ങളിലുണ്ടാകുന്ന ഞെട്ടലിൽ നിന്നും വയറുവേദനയിൽ നിന്നും ഇൻഫന്റൈൽ സ്പാസം എന്ന അവസ്ഥ തിരിച്ചറിയാൻ മാതാപിതാക്കൾ താഴെ പറയുന്ന അപായസൂചനകൾ പ്രത്യേകം ശ്രദ്ധിക്കുക:
>> കുഞ്ഞ് പെട്ടെന്ന് തല മുന്നോട്ട് കുനിക്കുകയും കൈകൾ വിടർത്തി കാലുകൾ വയറിലേക്ക് മടക്കുകയും ചെയ്യുന്നത്. ഒന്നോ രണ്ടോ സെക്കൻഡ് മാത്രം നീണ്ടുനിൽക്കുന്ന പെട്ടെന്നുള്ള പേശീസങ്കോചങ്ങളാണിത്. ചില കുഞ്ഞുങ്ങളിൽ ഇതിന് നേരെ വിപരീതമായി ശരീരം പെട്ടെന്ന് പിന്നിലേക്ക് വളയുകയും കൈകാലുകൾ വശങ്ങളിലേക്ക് വിടർത്തി വടിപോലെ വലിഞ്ഞുനിവരുകയും ചെയ്യാം.
(ശ്രദ്ധിക്കുക: ചില കുഞ്ഞുങ്ങളിൽ ഇത്രയും പ്രകടമായ ചലനങ്ങൾക്ക് പകരം, തല മാത്രം പെട്ടെന്ന് മുന്നോട്ട് വീഴുന്നതായോ തോളുകൾ ഒന്ന് വെട്ടിക്കുന്നതായോ മാത്രവും ഇത് കാണപ്പെടാം).
>> പ്രധാനപ്പെട്ട ലക്ഷണങ്ങളിൽ ഒന്നാണ് ഒരു തവണ ഞെട്ടി അവസാനിക്കുന്നതിന് പകരം ഓരോ 5 മുതൽ 10 സെക്കൻഡ് ഇടവേളകളിൽ തുടർച്ചയായി 10 മുതൽ 30 തവണ വരെ ഈ ചലനങ്ങൾ ആവർത്തിക്കുന്നു. ഇത് ഏതാനും മിനിറ്റുകൾ നീണ്ടുനിൽക്കാം.
>> കുഞ്ഞ് ഉറക്കമുണർന്ന് തൊട്ടുപിന്നാലെയോ ഉറങ്ങാൻ പോകുന്ന സമയത്തോ ആണ് ഈ ചലനങ്ങൾ ഏറ്റവും കൂടുതലായി കാണപ്പെടുന്നത്.
>> ഓരോ ചലനത്തിന് ശേഷമോ കൂട്ടമായുള്ള ചലനങ്ങൾ അവസാനിക്കുമ്പോഴോ കുഞ്ഞ് അസ്വസ്ഥതയോടെ കരയാറുണ്ട്. ഇതാണ് പലപ്പോഴും വയറുവേദനയാണെന്ന് തെറ്റിദ്ധരിക്കപ്പെടാൻ കാരണം.
>> രോഗം ആരംഭിക്കുന്നതോടെ കുഞ്ഞിന്റെ സ്വഭാവത്തിലും വളർച്ചയിലും പ്രകടമായ മാറ്റങ്ങൾ കണ്ടുതുടങ്ങും. അമ്മയെ നോക്കി ചിരിക്കാതാവുക, കണ്ണുകളിലേക്ക് നോക്കാതിരിക്കുക, തല ഉറപ്പിക്കാനുള്ള കഴിവ് നഷ്ടപ്പെടുക, കളിപ്പാട്ടങ്ങളോടുള്ള താല്പര്യം കുറയുക, അമിതമായ മന്ദതയോ ദേഷ്യമോ കാണിക്കുക എന്നിവ അതീവ ഗൗരവത്തോടെ കാണണം.
എന്തുകൊണ്ടാണ് ഇൻഫന്റൈൽ സ്പാസംസ് ഉണ്ടാകുന്നത്?
വികസിച്ചുകൊണ്ടിരിക്കുന്ന കുഞ്ഞിന്റെ തലച്ചോറിനെ ബാധിക്കുന്ന പല കാരണങ്ങൾ ഇൻഫന്റൈൽ സ്പാസംസിന് പിന്നിലുണ്ടാകാം:
>> പ്രസവസംബന്ധമായ കാരണങ്ങൾ: പ്രസവസമയത്ത് കുഞ്ഞിന്റെ തലച്ചോറിലേക്ക് ആവശ്യമായ ഓക്സിജൻ ലഭിക്കാതെ വരുന്ന അവസ്ഥ, മാസം തികയാതെയുള്ള ജനനം, തലച്ചോറിലുണ്ടാകുന്ന രക്തസ്രാവം എന്നിവ.
>> തലച്ചോറിന്റെ ഘടനാപരമായ വ്യതിയാനങ്ങൾ: ഗർഭാവസ്ഥയിൽ തന്നെ തലച്ചോറിന്റെ രൂപീകരണത്തിലുണ്ടാകുന്ന ചില സവിശേഷ വ്യതിയാനങ്ങൾ.
>> ജനിതകവും ഉപാപചയപരവുമായ (മെറ്റബോളിക്) കാരണങ്ങൾ: ഡൗൺ സിൻഡ്രോം, ട്യൂബറസ് സ്ക്ലിറോസിസ് (ടി.എസ്.സി) തുടങ്ങിയ ജനിതക അവസ്ഥകൾ.
(ശ്രദ്ധിക്കുക: കുഞ്ഞിന്റെ ശരീരത്തിൽ ആലിലയുടെ ആകൃതിയിലുള്ള വെളുത്ത പാടുകൾ കാണുന്നുണ്ടെങ്കിൽ അത് ട്യൂബറസ് സ്ക്ലിറോസിസിന്റെ സൂചനയാകാം).
>> അണുബാധകൾ: നവജാതശിശുക്കളിൽ തലച്ചോറിനെ ബാധിക്കുന്ന മെനിഞ്ചൈറ്റിസ്, എൻസെഫലൈറ്റിസ് പോലുള്ള അണുബാധകൾ.
>> അജ്ഞാതമായ കാരണങ്ങൾ: ഏകദേശം 15-20 ശതമാനം കുഞ്ഞുങ്ങളിൽ കൃത്യമായ കാരണം കണ്ടെത്താനാകാതെയും ഈ രോഗാവസ്ഥ ഉണ്ടാകാറുണ്ട്.
സംശയാസ്പദമായ ചലനങ്ങൾ കണ്ടാൽ മാതാപിതാക്കൾ ഉടൻ ചെയ്യേണ്ടത് എന്ത്?
ഇൻഫന്റൈൽ സ്പാസംസ് പ്രധാനമായും വീട്ടിൽ വെച്ച്, പ്രത്യേകിച്ച് കുഞ്ഞ് ഉറക്കമുണരുന്ന സമയത്താണ് സംഭവിക്കുന്നത്. ഡോക്ടറുടെ പരിശോധനാ മുറിയിൽ എത്തുമ്പോൾ കുഞ്ഞ് തികച്ചും സാധാരണ നിലയിലായിരിക്കാം.
അതുകൊണ്ട് കുഞ്ഞിൽ ഇത്തരം സംശയാസ്പദമായ ചലനങ്ങൾ കാണുമ്പോൾ ഉടൻ തന്നെ മൊബൈൽ ഫോണിൽ ഒരു വീഡിയോ പകർത്തുക. കുഞ്ഞിന്റെ മുഖവും കൈകാലുകളും പൂർണ്ണമായി വ്യക്തമാകുന്ന തരത്തിൽ 1 മുതൽ 2 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ എടുത്ത് ഒരു ശിശുരോഗ വിദഗ്ധനെയോ പീഡിയാട്രിക് ന്യൂറോളജിസ്റ്റിനെയോ കാണുന്നത് രോഗനിർണ്ണയം വേഗത്തിലാക്കാൻ ഏറെ സഹായിക്കും.
രോഗനിർണ്ണയം
>> വീഡിയോ ഇ ഇ ജി: തലച്ചോറിലെ വൈദ്യുത തരംഗങ്ങൾ രേഖപ്പെടുത്തുന്ന ഏറ്റവും പ്രധാനപ്പെട്ട പരിശോധനയാണിത്. കുഞ്ഞ് ഉണർന്നിരിക്കുമ്പോഴും ഉറങ്ങുമ്പോഴുമുള്ള ഇ.ഇ.ജി പരിശോധനയിലൂടെ ഹിപ്സരിത്മിയ എന്ന പ്രത്യേക തരംഗരൂപം തിരിച്ചറിയാൻ സാധിക്കും.
>> എം ആർ ഐ സ്കാൻ: തലച്ചോറിന്റെ ഘടനയിലുള്ള വ്യതിയാനങ്ങളോ ക്ഷതങ്ങളോ കണ്ടെത്താൻ.
>> രക്ത മൂത്ര പരിശോധനകളും ജനിതക പരിശോധനകളും: ഉപാപചയ വൈകല്യങ്ങളോ ജനിതക കാരണങ്ങളോ ഉണ്ടോ എന്ന് സ്ഥിരീകരിക്കാൻ.
അപസ്മാര ചികിത്സയിൽ സമയം പ്രധാനം; വൈകുന്നത് മസ്തിഷ്ക വികാസത്തെ ബാധിക്കും
വൈദ്യശാസ്ത്രത്തിൽ സമയം നഷ്ടപ്പെടുന്നത് മസ്തിഷ്കത്തിന് ക്ഷതമേൽപ്പിക്കുന്നു എന്ന തത്വം ഏറ്റവും കൂടുതൽ ബാധകമാകുന്ന രോഗാവസ്ഥയാണിത്. ചികിത്സ തുടങ്ങാൻ വൈകുന്ന ഓരോ നാളുകളും കുഞ്ഞിന്റെ ബുദ്ധിവികാസത്തെയും ഭാവി ജീവിതത്തെയും പ്രതികൂലമായി ബാധിക്കാം. ചികിത്സ വൈകിയാൽ ഭാവിയിൽ ഗുരുതരമായ ബുദ്ധിമാന്ദ്യം, ഓട്ടിസ്റ്റിക് ലക്ഷണങ്ങൾ, മരുന്നുകളോട് പ്രതികരിക്കാത്ത സങ്കീർണ്ണ അപസ്മാരങ്ങൾ എന്നിവയ്ക്ക് സാധ്യതയേറുന്നു.
സാധാരണ അപസ്മാരത്തിന് നൽകുന്ന മരുന്നുകൾ ഇൻഫന്റൈൽ സ്പാസംസിന് ഫലപ്രദമാകാറില്ല. ഇതിനായി പ്രത്യേക ചികിത്സാരീതികളാണ് അവലംബിക്കുന്നത്.
കുട്ടികളുടെ വളർച്ചയുടെ ആദ്യ വർഷം അവരുടെ തലച്ചോറ് അതിവേഗം വികസിക്കുന്ന കാലഘട്ടമാണ്. കുഞ്ഞിന്റെ ചലനങ്ങളിലോ ചിരിയിലോ പ്രതികരണങ്ങളിലോ ചെറിയൊരു മാറ്റം പോലും ശ്രദ്ധയിൽപ്പെട്ടാൽ, അത് വളരുമ്പോൾ മാറിക്കോളും എന്ന് കരുതി കാത്തിരിക്കരുത്. മാതാപിതാക്കളുടെ കൃത്യമായ നിരീക്ഷണവും സമയബന്ധിതമായ വൈദ്യസഹായവും ഒരു കുഞ്ഞിന്റെ ഭാവി ജീവിതത്തെ തന്നെ മാറ്റിമറിക്കും.
Content Highlights: Infantile spasms are a severe form of epilepsy in infants characterized by sudden muscle contractions and developmental regression. Parents often mistake these subtle jerking movements for colic or normal startle reflexes. Prompt diagnosis via video EEG and early treatment by a pediatric neurologist are crucial to protect the child’s brain development.




