Connect with us

From the print

ബെല്‍ജിയത്തിന്റെ 'ലുകാകു യുഗം' അവസാനിച്ചു

ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരത്തിന്റെ അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപനം. ക്ലബ് ഫുട്‌ബോളില്‍ ലുകാകു തുടരും.

Published

|

Last Updated

ബ്രസ്സല്‍സ് | 16 വര്‍ഷത്തെ ഇടിമുഴക്കങ്ങള്‍ക്കൊടുവില്‍ ബെല്‍ജിയന്‍ ഫുട്ബോളിന്റെ ആകാശത്ത് നിശബ്ദത പടര്‍ന്നു. ബെല്‍ജിയത്തിന്റെ ചുവപ്പന്‍ കുപ്പായമണിഞ്ഞ്, എതിരാളികളുടെ പ്രതിരോധക്കോട്ടകളെ തകര്‍ത്തെറിഞ്ഞ റൊമേലു ലുകാകു അന്താരാഷ്ട്ര ഫുട്ബോളിനോട് വിടചൊല്ലി. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരത്തിന്റെ അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപനം.

ഇറ്റലിക്കെതിരെ ബെല്‍ജിയം 4-1ന് വിജയിച്ച നാഷന്‍സ് ലീഗ് മത്സരത്തില്‍ ടീമിലുണ്ടായിരുന്നെങ്കിലും ലുകാകുവിനെ കളിപ്പിച്ചിരുന്നില്ല. ഒക്ടോബറില്‍ ഫ്രാന്‍സിനെതിരെ നടന്ന മത്സരത്തിലാണ് അദ്ദേഹം അവസാനമായി ബെല്‍ജിയത്തിനായി കളിച്ചത്. ഇന്‍സ്റ്റാഗ്രാമിലൂടെ തന്റെ വിരമിക്കല്‍ പ്രഖ്യാപിക്കുമ്പോള്‍ ‘സാധ്യമായ എല്ലാ വികാരങ്ങളിലൂടെയും ഞാന്‍ കടന്നുപോയി’ എന്ന് അദ്ദേഹം കുറിച്ചത്, നാഷന്‍സ് ലീഗ് മത്സരത്തില്‍ ബെഞ്ചിലിരുത്തിയത് കൂടി പ്രതിഫലിപ്പിക്കുന്നു.

2010ല്‍ ഒരു പതിനാറുകാരന്‍ ബെല്‍ജിയന്‍ മൈതാനത്തേക്ക് കാലെടുത്തുവെക്കുമ്പോള്‍, അവന്‍ ആ രാജ്യത്തിന്റെ ഫുട്ബോള്‍ ചരിത്രം തന്നെ തിരുത്തിയെഴുതുമെന്ന് ആരും കരുതിയിരുന്നില്ല. പിന്നീട് ലോകം കണ്ടത് ബെല്‍ജിയത്തിന്റെ ‘സുവര്‍ണ തലമുറയുടെ’ കുന്തമുനയായി മാറിയ പോരാളിയെയാണ്.

135 മത്സരങ്ങളില്‍ നിന്ന് 94 ഗോളുകള്‍ എന്ന അവിശ്വസനീയമായ നേട്ടത്തോടെയാണ് ‘ബിഗ് റോം’ ബെല്‍ജിയന്‍ കുപ്പായമഴിച്ചത്. ലോക ഫുട്ബോള്‍ ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര ഗോളുകള്‍ നേടിയ അഞ്ചാമത്തെ താരമായാണ് ലുകാകു പടിയിറങ്ങുന്നത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ലയണല്‍ മെസ്സി, ഇറാന്റെ അലി ദായി, ഇന്ത്യയുടെ സുനില്‍ ഛേത്രി എന്നിവരാണ് അന്താരാഷ്ട്ര ഗോള്‍ സന്പാദ്യത്തില്‍ ലുകാകുവിന് മുന്നില്‍ ഇടംപിടിച്ചവര്‍. നാല് ഫിഫ ലോകകപ്പുകളിലും മൂന്ന് യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പുകളിലും ബെല്‍ജിയത്തിന്റെ പ്രതീക്ഷകളുടെ ഭാരം ചുമലിലേറ്റിയത് ലുകാകുവായിരുന്നു. 2018 ലോകകപ്പില്‍ ബെല്‍ജിയത്തെ ചരിത്രത്തിലെ ഏറ്റവും മികച്ച നേട്ടമായ മൂന്നാം സ്ഥാനത്തേക്ക് നയിച്ചതില്‍ ലുകാകുവിന്റെ പങ്ക് ചെറുതല്ല. ലോകകപ്പ് വേദിയില്‍ ബെല്‍ജിയത്തിനായി ഏറ്റവും കൂടുതല്‍ ഗോളുകള്‍ (എട്ട്) നേടിയ താരമെന്ന ബഹുമതിയും ലുകാകുവിന് സ്വന്തമാണ്.

റെഡ് ഡെവിള്‍സിന്റെ ഗ്യാലറികളില്‍ ഇനി ആ പേര് മുഴങ്ങില്ലെങ്കിലും, ബ്രസ്സല്‍സിലെയും ആന്റ് വെര്‍പ്പിലെയും തെരുവുകളില്‍ പന്തുതട്ടുന്ന ഓരോ കുഞ്ഞിന്റെയും സ്വപ്നങ്ങളില്‍ റൊമേലു ലുകാകു എന്ന നാമം എന്നും ജ്വലിച്ചുനില്‍ക്കും.

അതേസമയം, ക്ലബ് ഫുട്‌ബോളില്‍ ലുകാകു തുടരും. നിലവില്‍ തുര്‍ക്കിഷ് സൂപ്പര്‍ ലീഗ് ക്ലബ് ഫെനര്‍ബാഷെക്ക് വേണ്ടിയാണ് കളിക്കുന്നത്. 2026 ആഗസ്റ്റില്‍ ഇറ്റാലിയന്‍ ക്ലബ് നാപോളിയില്‍ നിന്ന് ഫെനര്‍ബാഷെയിലെത്തിയ ലുകാകുവിന് 2027 ജൂണ്‍ 30 വരെ കരാറുണ്ട്.

Content Highlights: Romelu Lukaku has officially concluded his illustrious international career with the Belgian national team. His departure marks the end of a golden era for the Red Devils squad. Fans and analysts worldwide are reflecting on his massive goalscoring legacy.

 

Latest