National
അടുക്കളയിലെ പുക ശ്വാസകോശത്തിന് ഭീഷണി: പുകവലിക്കാത്തവരിലും അര്‍ബുദസാധ്യതയെന്ന് വിദഗ്ധര്‍
ശരിയായ വായുസഞ്ചാരമില്ലാത്ത അടുക്കളകളില്‍ പാചകം ചെയ്യുമ്പോള്‍ ഉണ്ടാകുന്ന പുകയും വാതകങ്ങളും വര്‍ഷങ്ങളോളം ശ്വസിക്കുന്നത് ശ്വാസകോശാരോഗ്യത്തെ സാരമായി ബാധിക്കാമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്
ന്യൂഡല്‍ഹി | പുകവലിക്കാത്തവരിലും ശ്വാസകോശാര്‍ബുദ സാധ്യത വര്‍ധിപ്പിക്കുന്നതില്‍ അടുക്കളയിലെ പുകക്കും വായുമലിനീകരണത്തിനും പങ്കുണ്ടെന്ന് മുന്നറിയിപ്പ് നല്‍കി ആരോഗ്യവിദഗ്ധര്‍. ശരിയായ വായുസഞ്ചാരമില്ലാത്ത അടുക്കളകളില്‍ പാചകം ചെയ്യുമ്പോള്‍ ഉണ്ടാകുന്ന പുകയും വാതകങ്ങളും വര്‍ഷങ്ങളോളം ശ്വസിക്കുന്നത് ശ്വാസകോശാരോഗ്യത്തെ സാരമായി ബാധിക്കാമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.
പാചകം ചെയ്യുന്നത് നിത്യജീവിതത്തിന്റെ ഭാഗമാണെന്നും അടുക്കളയെ ഭയപ്പെടേണ്ടതില്ലെന്നും അപ്പോളോ അഥീന വിമന്‍സ് കാന്‍സര്‍ സെന്റര്‍ പ്രിന്‍സിപ്പല്‍ ലീഡ് ഡോ. ഗീത കടയപ്രാത്ത് വ്യക്തമാക്കുന്നു. എന്നാല്‍ പുകയും വാതകങ്ങളും പുറത്തുപോകാതെ തങ്ങിനില്‍ക്കുന്നതും, വര്‍ഷങ്ങളോളം ഇവ തുടര്‍ച്ചയായി ശ്വസിക്കുന്നതുമാണ് ആശങ്കയുണ്ടാക്കുന്നത്. എണ്ണ പുകയുന്നതുവരെ അമിതമായി ചൂടാക്കി വറുക്കുകയോ പൊരിക്കുകയോ ചെയ്യുമ്പോഴാണ് കൂടുതല്‍ പുക രൂപപ്പെടുന്നത്. കൂടാതെ, ഗ്യാസ് സ്റ്റൗവുകള്‍ ശ്വാസകോശാരോഗ്യത്തെ ബാധിക്കുന്ന നൈട്രജന്‍ ഡയോക്‌സൈഡ് പുറത്തുവിടുന്നു.
വിറക്, കരി, ചാണകവരളി, കാര്‍ഷിക അവശിഷ്ടങ്ങള്‍ തുടങ്ങിയ പരമ്പരാഗത ഇന്ധനങ്ങള്‍ ഉപയോഗിച്ച് പാചകം ചെയ്യുന്ന വീടുകളില്‍ അപകടസാധ്യത കൂടുതലാണ്. ഈ ഇന്ധനങ്ങള്‍ കത്തുമ്പോഴുണ്ടാകുന്ന സൂക്ഷ്മകണികകള്‍ ശ്വാസകോശത്തിന്റെ ആഴങ്ങളിലേക്ക് തുളച്ചുകയറാന്‍ ശേഷിയുള്ളവയാണ്. ദിവസവും അഞ്ചോ അതിലധികമോ മണിക്കൂര്‍ ശരിയായ വായുസഞ്ചാരമില്ലാത്ത അടുക്കളകളില്‍ പുക ശ്വസിച്ച് പാചകത്തിലേര്‍പ്പെടുന്നവര്‍ക്ക് കൂടുതല്‍ മലിനീകരണ ഭീഷണി നേരിടേണ്ടിവരുന്നു. പുകവലിക്കാത്ത സ്ത്രീകളില്‍ പോലും ഇത്തരം അടുക്കളപ്പുക ശ്വാസകോശാര്‍ബുദ സാധ്യത വര്‍ധിപ്പിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.



