Connect with us

articles

ബഹുസ്വരതയുടെ നെഹ്‌റു

35 വര്‍ഷത്തെ സ്വാതന്ത്ര്യ സമര പോരാട്ടത്തില്‍ 10 വര്‍ഷത്തോളം നെഹ്‌റു ബ്രിട്ടീഷ് ജയിലിലാണ് ജീവിച്ചത്.

Published

|

Last Updated

ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ 137ാം ജന്മദിനമാണ് ഇന്ന്. സ്വാതന്ത്ര്യസമര നായകന്‍, ഭരണാധികാരി, എഴുത്തുകാരന്‍, ചരിത്രകാരന്‍, അഭിഭാഷകന്‍, ചിന്തകന്‍, ജനാധിപത്യ വിശ്വാസി, ശാസ്ത്രകുതുകി, കലാസ്‌നേഹി, രാജ്യതന്ത്രജ്ഞന്‍ തുടങ്ങി അനവധി വിശേഷണങ്ങള്‍ നെഹ്‌റുവിനുണ്ടായിരുന്നു. നെഹ്‌റു തന്റെ യൗവനം മുഴുവന്‍ ചെലവഴിച്ചത് സ്വാതന്ത്ര്യ സമര പോരാട്ടത്തിനായിരുന്നു. 35 വര്‍ഷത്തെ സ്വാതന്ത്ര്യ സമര പോരാട്ടത്തില്‍ 10 വര്‍ഷത്തോളം നെഹ്‌റു ബ്രിട്ടീഷ് ജയിലിലാണ് ജീവിച്ചത്. 1916ലെ ലക്്നോകോണ്‍ഗ്രസ്സ് സമ്മേളനത്തിലാണ് നെഹ്‌റു ആദ്യമായി ഗാന്ധിജിയെ കാണുന്നതും ബന്ധം സ്ഥാപിക്കുന്നതും. ആ ആത്മബന്ധമാണ് ഒരു രാജ്യത്തിന്റെ പിറവിയിലേക്കും രാഷ്ട്രപുനര്‍ നിര്‍മാണത്തിലേക്കും വെളിച്ചമേകിയത്.

നെഹ്‌റുവിന്റെ രാഷ്ട്ര സേനവത്തില്‍ പ്രധാനമായും മൂന്ന് ഭാഗങ്ങളാണുള്ളത്. സ്വാതന്ത്ര്യ സമരത്തിലെ പങ്കാളിത്തം, ഭരണഘടനാ നിര്‍മാണ സഭയിലെ പങ്കാളിത്തം, രാഷ്ട്ര പുനര്‍നിര്‍മാണത്തിലെ പങ്കാളിത്തം. ഈ മൂന്നിലും നെഹ്‌റുവിന്റെ സേവനങ്ങള്‍ ഇന്ത്യാചരിത്രത്തില്‍ സമാനതകളില്ലാത്തതാണ്. നെഹ്‌റുവിന്റെ ഹൃദയവികാരം സോഷ്യലിസമായിരുന്നു. ജയില്‍വാസം നെഹ്‌റുവിനെ സംബന്ധിച്ചിടത്തോളം വായിക്കാനും ചിന്തിക്കാനുമുള്ള അവസരമായിരുന്നു. വിശ്വചരിത്രാവലോകനം, ഇന്ത്യയെ കണ്ടെത്തല്‍ തുടങ്ങിയ പ്രശസ്ത ഗ്രന്ഥങ്ങള്‍ നെഹ്‌റു രചിച്ചത് ജയിലില്‍ വെച്ചാണ്.

ഒരു രാഷ്ട്രത്തിന്റെ രൂപവത്കരണത്തില്‍ ചരിത്രബോധത്തിന് നിര്‍ണായക പങ്കുണ്ട്. ഒരു രാഷ്ട്രം ഭാവിയിലേക്ക് കണ്ണോടിക്കുന്നതിനൊപ്പം ഭൂതകാലത്തിലേക്ക് തിരിഞ്ഞുനോക്കുകയും ചെയ്യുന്നു. ഒരു രാഷ്ട്രത്തിന്റെ സ്വത്വം നിലനിര്‍ത്തുന്നത് ഈ ചരിത്രബോധമാണ്. ജനങ്ങള്‍ക്കിടയില്‍ ബാഹ്യമായ വൈവിധ്യങ്ങളും വ്യത്യാസങ്ങളും ഉണ്ടായിരുന്നുവെങ്കിലും ഏകത്വത്തിന്റെ ഒരു അടയാളം എല്ലായിടത്തും നിലനിന്നിരുന്നുവെന്ന് നെഹ്‌റു കണ്ടെത്തിയിരുന്നു. ഈ ഏകത്വബോധമാണ് ജനങ്ങളെ ഒന്നിച്ചു നിര്‍ത്തിയിരുന്നത് എന്നും നെഹ്‌റു മനസ്സിലാക്കിയിരുന്നു.
നെഹ്‌റു ഇന്ത്യന്‍ ഭരണഘടനാ നിര്‍മാണ സഭയില്‍, ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖമായി മാറിയ, ലക്ഷ്യപ്രമേയം അവതരിപ്പിച്ചത് 1946 ഡിസംബര്‍ 13നായിരുന്നു.

നെഹ്‌റുവിന്റെ പ്രമേയം ഭരണഘടനാ നിര്‍മാണസഭ 1947 ജനുവരി 22ന് ഐക്യകണ്‌ഠേന പാസ്സാക്കി. ഭരണഘടനയുടെ അടിസ്ഥാന ലക്ഷ്യങ്ങളും പ്രമാണങ്ങളും ജവഹര്‍ലാല്‍ നെഹ്‌റു ഒരു രാഷ്ട്ര തന്ത്രജ്ഞന്റെ, ഭരണഘടനാ വിദഗ്ധന്റെ ശൈലിയില്‍ മനോഹരമായ രൂപത്തില്‍ ആമുഖത്തില്‍ സംക്ഷിപ്തമായി ഉള്‍ക്കൊള്ളിച്ചു. 395 ആര്‍ട്ടിക്കിളുകളുടെ സംക്ഷിപ്തരൂപം 90ല്‍ താഴെ വാക്കുകളില്‍ നെഹ്‌റു എഴുതി. ഭരണഘടനയുടെ ആമുഖത്തെ ഭരണഘടനയുടെ ആത്മാവ് എന്നാണ് ജവഹര്‍ലാല്‍ നെഹ്‌റു വിശേഷിപ്പിച്ചത്. സങ്കുചിത രാഷ്ട്രീയ താത്പര്യങ്ങളേക്കാള്‍ നെഹ്‌റു വിലമതിച്ചത് വിശാല ജനാധിപത്യ- മനുഷ്യാവകാശങ്ങളെയായിരുന്നു. ബഹുസ്വരതയെ അംഗീകരിക്കുകയും മാനിക്കുകയും ചെയ്ത നെഹ്‌റു ഇന്ത്യന്‍ ഭരണഘടനയെ, മനുഷ്യാവകാശങ്ങള്‍ വിലമതിക്കുന്ന, ആദരിക്കപ്പെടുന്ന വിശ്വോത്തര ഭരണഘടനയാക്കി മാറ്റുകയാണ് ചെയ്തത്.

സ്വാതന്ത്ര്യലബ്ധിയോടൊപ്പം ലോകത്ത് മറ്റൊരു രാജ്യത്തിനും നേരിടേണ്ടി വന്നിട്ടില്ലാത്ത സാഹചര്യങ്ങളാണ് നെഹ്‌റു ഭരണകൂടത്തിന് നേരിടേണ്ടിവന്നത്. വിഭജനം, സാമുദായിക ലഹളകള്‍, അഭയാര്‍ഥിപ്രവാഹം തുടങ്ങിയ സങ്കീര്‍ണമായ പ്രശ്‌നങ്ങള്‍. എല്ലാത്തിനും ഉപരിയായി ഗാന്ധി വധവും. പക്ഷേ, നെഹ്‌റു ഭരണകൂടം എല്ലാ പ്രതിസന്ധികളെയും തരണം ചെയ്തു. നെഹ്‌റുവും ആസാദും രൂപം കൊടുത്ത വിദ്യാഭ്യാസ നയങ്ങളും ആസൂത്രണങ്ങളുമാണ് ഇന്ത്യയെ എല്ലാ പിന്നാക്കാവസ്ഥയില്‍ നിന്നും കരകയറ്റിയത്. യൂനിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്‍, എന്‍ ഐ ടികള്‍, ഐ ഐ ടികള്‍, സെക്കന്‍ഡറി എജ്യുക്കേഷന്‍ കമ്മീഷന്‍, കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എജ്യുക്കേഷന്‍, കൗണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്‍സ്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്, സാഹിത്യ അക്കാദമി, ലളിതകലാ അക്കാദമി തുടങ്ങി ഒട്ടനവധി സ്ഥാപനങ്ങള്‍ അവരുടെ സംഭാവനകളാണ്. ഇന്നത്തെ ഇന്ത്യയുടെ ശ്രേയസ്സിന്റെ അടിസ്ഥാനം നെഹ്‌റു രൂപം കൊടുത്ത ആസൂത്രണ കമ്മീഷനും പഞ്ചവത്സര പദ്ധതികളും തന്നെയാണ്. നെഹ്‌റുവിന്റെ ഭരണപ്രാഗത്ഭ്യവും ആസൂത്രണമികവും ശാസ്ത്രസാങ്കേതിക മേഖലയില്‍ ഇന്ത്യയെ ലോക വന്‍ശക്തികള്‍ക്കൊപ്പം എത്തിച്ചു.

17 വര്‍ഷത്തോളം നെഹ്‌റു രാഷ്ട്ര പുനര്‍നിര്‍മാണത്തിന് നേതൃത്വം നല്‍കി. നെഹ്‌റുവിന്റെ ആശയങ്ങള്‍ നിലനില്‍ക്കുന്നിടത്തോളം കാലം ഫാസിസത്തിനും വര്‍ഗീയതക്കും തേരോട്ടം നടത്താന്‍ സാധിക്കില്ല എന്ന തിരിച്ചറിവാണ് നെഹ്‌റുവിനെ തമസ്‌കരിക്കുന്നത് സംഘ്പരിവാര്‍ ഒരു നയമായി സ്വീകരിക്കാന്‍ കാരണം. നെഹ്‌റു വളര്‍ത്തിയെടുത്ത ജനാധിപത്യം മതേതരത്വം, സോഷ്യലിസം, സഹിഷ്ണുത, ശാസ്ത്രബോധം, ചേരിചേരാനയം തുടങ്ങിയവയെ ഇല്ലാതാക്കിയാല്‍ മാത്രമേ ഫാസിസത്തിന് വളരാന്‍ സാധിക്കൂ എന്നവര്‍ക്കറിയാം.

Content Highlights: Today marks the 137th birth anniversary of Jawaharlal Nehru, India’s first Prime Minister and a towering leader of the freedom movement. Nehru spent nearly a decade in British prisons, where he authored monumental historical works and shaped the foundational vision for modern India. His visionary institution-building, commitment to democracy, secularism, and scientific temper continue to anchor the nation’s democratic fabric.

---- facebook comment plugin here -----

Latest