Connect with us

Editors Pick

'നല്ലൊരു തെറാപ്പിസ്റ്റിന്റെ നമ്പർ തരാമോ?'; വ്യോമസേന വിംഗ് കമാൻഡറെ പാക് 'ചാരവനിത' കുടുക്കിയത് ഇങ്ങനെ

ഒരു ഫോട്ടോ കാണുന്നതിനായി എന്ന വ്യാജേന പാക് ചാരൻ അയച്ചുകൊടുത്ത മാൽവെയർ ആപ്ലിക്കേഷൻ ഉദ്യോഗസ്ഥൻ തന്റെ ഫോണിൽ ഡൗൺലോഡ് ചെയ്തു. ഇതോടെ ഉദ്യോഗസ്ഥന്റെ ഫോണിലെ മുഴുവൻ വിവരങ്ങളും മറ്റ് സൈനിക ഉദ്യോഗസ്ഥരുമായുള്ള ആശയവിനിമയങ്ങളും പാക് ചാരസംഘടനയ്ക്ക് ലഭ്യമായി.

Published

|

Last Updated

ന്യൂഡൽഹി | തകർന്ന ദാമ്പത്യത്തിന്റെ ഒറ്റപ്പെടലിൽ കഴിഞ്ഞിരുന്ന വ്യോമസേനാ വിംഗ് കമാൻഡറെ തേടിയെത്തിയ ഒരു അസമയത്തെ വാട്സ്ആപ്പ് സന്ദേശം ഒടുവിൽ രാജ്യസുരക്ഷയ്ക്ക് തന്നെ ഭീഷണിയായ ചാരവൃത്തിക്കഥയായി മാറി. “തെറ്റായ നമ്പറിലേക്ക്” അയച്ചതെന്ന വ്യാജേന പാകിസ്താൻ ഇന്റലിജൻസ് ഓപ്പറേറ്റീവ് (പി ഐ ഒ) ഒരുക്കിയ ഹണിട്രാപ്പിൽ വ്യോമസേനാ ഉദ്യോഗസ്ഥൻ കുടുങ്ങിയതിന്റെ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്.

ഒരു സ്ത്രീയുടെ പേരിലുള്ള വാട്സ്ആപ്പ് അക്കൗണ്ടിൽ നിന്നാണ് ഉദ്യോഗസ്ഥന് ആദ്യ സന്ദേശം ലഭിച്ചത്. താൻ വലിയ വിഷാദത്തിലാണെന്നും ദാമ്പത്യബന്ധം വേർപെടുത്തുന്ന ഘട്ടത്തിലാണെന്നും പറഞ്ഞ ഇവർ, നല്ലൊരു തെറാപ്പിസ്റ്റിന്റെ നമ്പർ നിർദേശിക്കാമോ എന്നാണ് ചോദിച്ചത്. നമ്പർ തെറ്റിയതാണെന്ന് ഉദ്യോഗസ്ഥൻ മറുപടി നൽകിയെങ്കിലും സന്ദേശമയച്ചയാൾ പിന്മാറിയില്ല. താനും സമാനമായ രീതിയിൽ ദാമ്പത്യബന്ധം വേർപെടുത്തി തനിച്ച് കഴിയുകയാണെന്ന് ഉദ്യോഗസ്ഥൻ വെളിപ്പെടുത്തിയതോടെ പാക് ചാരസംഘടനയുടെ കെണി കൃത്യമായി വീണു.

തുടർന്നുള്ള ആഴ്ചകളിൽ ഇരുവരും തമ്മിലുള്ള സംഭാഷണം പതിവായി. സൗഹൃദം അതിവേഗം വ്യക്തിപരമായ അടുപ്പത്തിലേക്കും സ്വകാര്യ ചിത്രങ്ങൾ കൈമാറുന്നതിലേക്കും നീങ്ങി. ഇതോടെ ഉദ്യോഗസ്ഥൻ പൂർണ്ണമായും ഇവരുടെ വലയിലായി. തുടക്കത്തിൽ തന്റെ ഓഫീസിലിരിക്കുന്ന സാധാരണ ചിത്രങ്ങളാണ് ഉദ്യോഗസ്ഥൻ അയച്ചുകൊടുത്തത്. എന്നാൽ ഈ ചിത്രങ്ങളുടെ പശ്ചാത്തലത്തിൽ വ്യോമസേനാ താവളത്തിന്റെ ഭാഗങ്ങളും മേശപ്പുറത്തിരുന്ന അതീവ രഹസ്യ സ്വഭാവമുള്ള രേഖകളും പതിഞ്ഞിരുന്നു.

പിന്നീട് പാക് ചാരൻ കൂടുതൽ വിവരങ്ങൾ ആവശ്യപ്പെടാൻ തുടങ്ങി. ഇതോടെ പോസ്റ്റുചെയ്ത സ്ഥലത്തിന്റെ വിവരങ്ങൾ, കന്റോൺമെന്റിനുള്ളിലെ ദൃശ്യങ്ങൾ, ഡ്രോൺ ശേഷികൾ, യുദ്ധവിമാനങ്ങളുടെ വിന്യാസം, വരാനിരിക്കുന്ന സൈനികാഭ്യാസങ്ങളുടെ വിശദാംശങ്ങൾ, തന്ത്രപ്രധാനമായ കോർഡിനേറ്റുകൾ എന്നിവയെല്ലാം ഉദ്യോഗസ്ഥൻ ചോർത്തിനൽകി. രണ്ട് മാസത്തിനിടെ മൂവായിരത്തിലധികം സന്ദേശങ്ങളും അറുപതിലധികം ചിത്രങ്ങളും ഇവർ കൈമാറിയതായും നിരവധി തവണ വീഡിയോ കോളുകളിൽ സംസാരിച്ചതായും അന്വേഷണത്തിൽ വ്യക്തമായി.

Also Readനഗ്നചിത്രങ്ങൾക്ക് പകരം പാക് ചാരന്മാർക്ക് യുദ്ധ പദ്ധതി ചോർത്തി നൽകി; വ്യോമസേന വിങ് കമാൻഡർ പിടിയിൽ ഇതിനിടെ, ഒരു ഫോട്ടോ കാണുന്നതിനായി എന്ന വ്യാജേന പാക് ചാരൻ അയച്ചുകൊടുത്ത മാൽവെയർ ആപ്ലിക്കേഷൻ ഉദ്യോഗസ്ഥൻ തന്റെ ഫോണിൽ ഡൗൺലോഡ് ചെയ്തു. ഇതോടെ ഉദ്യോഗസ്ഥന്റെ ഫോണിലെ മുഴുവൻ വിവരങ്ങളും മറ്റ് സൈനിക ഉദ്യോഗസ്ഥരുമായുള്ള ആശയവിനിമയങ്ങളും പാക് ചാരസംഘടനയ്ക്ക് ലഭ്യമായി.

ഉദ്യോഗസ്ഥന്റെ വ്യക്തിജീവിതത്തിലെ പ്രതിസന്ധികൾ കൃത്യമായി മനസ്സിലാക്കിയ ശേഷമാണ് പാക് ചാരസംഘടന ഇത്തരമൊരു തിരക്കഥ തയ്യാറാക്കിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. സംശയം തോന്നിയതിനെ തുടർന്ന് വ്യോമസേന ഉദ്യോഗസ്ഥനെ നിരീക്ഷിച്ചുവരികയായിരുന്നു. തുടർന്ന് വ്യോമസേന നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഡൽഹി പോലീസിന്റെ ഭീകരവിരുദ്ധ വിഭാഗം കേസെടുക്കുകയും ഔദ്യോഗിക രഹസ്യ നിയമപ്രകാരം (ഒ എസ് എ) ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കേസിൽ ഡൽഹി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്.

 

Content Highlights:

An Indian Air Force Wing Commander was arrested under the Official Secrets Act after falling victim to an elaborate honey trap orchestrated by a Pakistani Intelligence Operative. Exploiting the officer’s personal vulnerability during a marital separation, the operative initiated contact on WhatsApp under the pretext of seeking a therapist via a wrong number. Over two months, the officer shared sensitive military information, including aircraft deployments and drone capabilities, and unknowingly installed malware on his phone before being caught through internal surveillance.

---- facebook comment plugin here -----

Latest