Connect with us

Articles

'ജെ ഡി, ഹബീബി...'

മിഷിഗണില്‍ നിന്നുള്ള ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായ അബ്ദുര്‍റഹ്മാന്‍ അസ്സഈദ് തന്റെ ചരിത്രവിജയത്തിന് ശേഷം നടത്തിയ പ്രസംഗത്തില്‍ എതിരാളിയായ ജെ ഡി വാന്‍സിനെ 'ജെ ഡി, ഹബീബി' എന്ന് അഭിസംബോധന ചെയ്തത് ഇപ്പോള്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്. അമേരിക്കന്‍ രാഷ്ട്രീയത്തില്‍ അദ്ദേഹത്തിന് നേരിടേണ്ടി വന്ന കടുത്ത വംശീയവും മതപരവുമായ അധിക്ഷേപങ്ങള്‍ക്കുള്ള ഏറ്റവും മാന്യമായ മറുപടിയായിരുന്നു ആ ഒരൊറ്റ വാക്ക്.

Published

|

Last Updated

അമേരിക്കന്‍ ചരിത്രത്തിലാദ്യമായി ഒരു മുസ്‌ലിം പ്രതിനിധി യു എസ് സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. മിഷിഗണില്‍ നിന്നുള്ള ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായ അബ്ദുര്‍റഹ്മാന്‍ അസ്സഈദ് തന്റെ ചരിത്രവിജയത്തിന് ശേഷം നടത്തിയ പ്രസംഗത്തില്‍ എതിരാളിയായ ജെ ഡി വാന്‍സിനെ ‘ജെ ഡി, ഹബീബി’ എന്ന് അഭിസംബോധന ചെയ്തത് ഇപ്പോള്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്. അമേരിക്കന്‍ രാഷ്ട്രീയത്തില്‍ അദ്ദേഹത്തിന് നേരിടേണ്ടി വന്ന കടുത്ത വംശീയവും മതപരവുമായ അധിക്ഷേപങ്ങള്‍ക്കുള്ള ഏറ്റവും മാന്യമായ മറുപടിയായിരുന്നു ആ ഒരൊറ്റ വാക്ക്.

തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ നിരന്തരമായ ആക്രമണങ്ങളാണ് അദ്ദേഹത്തിന് നേരിടേണ്ടി വന്നത്. അദ്ദേഹത്തിന്റെ പേരിനെയും മതത്തെയും ലക്ഷ്യം വെച്ച് ഡൊണാള്‍ഡ് ട്രംപും ജെ ഡി വാന്‍സും അടക്കമുള്ള രാഷ്ട്രീയ എതിരാളികള്‍ കടുത്ത ഇസ്്‌ലാമോഫോബിക് പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ വിദ്വേഷം നിറഞ്ഞുനിന്ന ഈ പ്രചാരണങ്ങളെ അദ്ദേഹം നേരിട്ടത് അതേ നാണയത്തിലല്ല. പകരം, വിജയം കൈവരിച്ച ശേഷം ശത്രുക്കള്‍ക്ക് മുന്നില്‍ തന്റെ സ്വത്വത്തെയും സംസ്‌കാരത്തെയും അഭിമാനത്തോടെ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട്, പുഞ്ചിരിയോടെ അദ്ദേഹം ‘ഹബീബി’ എന്ന് വിളിച്ചു. എതിരാളികളെ അക്ഷരാര്‍ഥത്തില്‍ നിരായുധരാക്കുന്നതായിരുന്നു ഈ പ്രയോഗം.

ഇസ്‌ലാമിക ചരിത്രം വായിക്കുമ്പോള്‍ വൈകാരികമായും ചരിത്രപരമായും ഏറെ പ്രാധാന്യമുള്ള ഒരു ചിന്തയിലേക്കാണ് ഈ സംഭവം നമ്മെ നയിക്കുന്നത്. മക്കാ വിജയത്തിന് ശേഷം, വര്‍ഷങ്ങളോളം തന്നെ വേട്ടയാടുകയും അനുയായികളെ കൊന്നൊടുക്കുകയും ചെയ്ത ശത്രുക്കള്‍ തന്റെ മുന്നില്‍ ഭയന്നുവിറച്ചു നിന്നപ്പോള്‍, പ്രവാചകര്‍ മുഹമ്മദ് നബി(സ) അവരോട് പറഞ്ഞത് ‘ഇന്ന് നിങ്ങള്‍ക്ക് നേരെ യാതൊരു പ്രതികാര നടപടിയുമില്ല’ എന്നായിരുന്നു. തന്നെ ഇല്ലാതാക്കാന്‍ കിണറ്റിലെറിഞ്ഞ സ്വന്തം സഹോദരങ്ങള്‍, വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു ഭരണാധികാരിയായ തന്റെ മുന്നില്‍ തലകുനിച്ചു നിന്നപ്പോള്‍ യൂസുഫ് നബി(അ) അവര്‍ക്ക് നിരുപാധികം മാപ്പ് നല്‍കിയ സംഭവവും ഇതോട് ചേര്‍ത്തുപറയാവുന്നതാണ്. പ്രതികാരത്തിന് പൂര്‍ണമായ അവസരമുള്ളപ്പോഴും ശത്രുക്കള്‍ക്ക് നേരെ വെച്ചുനീട്ടുന്ന ഈ ഉന്നതമായ മൂല്യങ്ങളുടെ ഒരു ആധുനിക രാഷ്ട്രീയ പ്രതിഫലനമായി വേണം സഈദിന്റെ വാക്കുകളെ കാണാന്‍.

ഒരു വ്യക്തി തന്നെ നിരന്തരം അധിക്ഷേപിച്ചവര്‍ക്ക് മുകളില്‍ അധികാരം നേടുമ്പോള്‍ പ്രകടിപ്പിക്കുന്ന മാന്യതയാണ് അയാളുടെ യഥാര്‍ഥ വിജയം. വിദ്വേഷത്തിന് മുന്നില്‍ സ്നേഹം കൊണ്ട് മറുപടി പറയുക എന്നത് ഇസ്്‌ലാമിന്റെ അടിസ്ഥാന നിലപാടുകളില്‍ ഒന്നാണ്. എതിരാളികളുടെ അധിക്ഷേപങ്ങളെ മാന്യത കൊണ്ട് നേരിടാന്‍ ഖുര്‍ആന്‍ വളരെ വ്യക്തമായി നിര്‍ദേശിക്കുന്നുണ്ട്. സൂറത്ത് ഫുസ്സിലത്ത് 34ാം സൂക്തം കാണുക: ‘നന്മയും തിന്മയും ഒരിക്കലും സമമാകുകയില്ല. തിന്മയെ ഏറ്റവും മികച്ച നന്മ കൊണ്ട് പ്രതിരോധിക്കുക. അപ്പോള്‍ നിന്നോട് ശത്രുത പുലര്‍ത്തുന്നവന്‍ പോലും ഉറ്റമിത്രത്തെപ്പോലെയായിത്തീരും.’ നബി(സ) ഒരിക്കല്‍ പറഞ്ഞു: ‘നിങ്ങളോട് അതിക്രമം ചെയ്തവര്‍ക്ക് നിങ്ങള്‍ മാപ്പ് നല്‍കുക, നിങ്ങളോട് ബന്ധം വിച്ഛേദിച്ചവരോട് നിങ്ങള്‍ ബന്ധം ചേര്‍ക്കുക, നിങ്ങളെ ദ്രോഹിച്ചവര്‍ക്ക് നിങ്ങള്‍ നന്മ ചെയ്യുക.’ ത്വാഇഫില്‍ വെച്ച് മുഹമ്മദ് നബി(സ)യെ ചിലര്‍ കല്ലെറിഞ്ഞു. ശരീരം മുഴുവന്‍ രക്തം വാര്‍ന്ന് തളര്‍ന്നിരുന്ന തിരുനബി(സ)യുടെ അടുത്തേക്ക് മലക്കുകള്‍ വരികയും, അങ്ങ് അനുവാദം നല്‍കുകയാണെങ്കില്‍ ഈ നഗരത്തെ രണ്ട് മലകള്‍ക്കിടയിലാക്കി ഞങ്ങള്‍ നശിപ്പിച്ചു കളയാം എന്ന് പറയുകയും ചെയ്തു. എന്നാല്‍ പ്രവാചകരുടെ മറുപടി ചരിത്ര പ്രസിദ്ധമാണ്: ‘വേണ്ട, അവര്‍ അറിയാത്തത് കൊണ്ടാണ്. അവരുടെ തലമുറയില്‍ നിന്നാണെങ്കിലും സത്യം മനസ്സിലാക്കുന്നവര്‍ ഉയര്‍ന്നുവരുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.’ തന്നെ ശാരീരികമായി ആക്രമിച്ചവര്‍ക്ക് മേല്‍ പോലും പ്രതികാരത്തിന് മുതിരാത്ത ഈ കാരുണ്യമാണ് ഇസ്്‌ലാമിന്റെ കാതല്‍.

കുരിശുയുദ്ധകാലത്ത് ക്രിസ്ത്യന്‍ സൈന്യം ജറൂസലം കീഴടക്കിയപ്പോള്‍ ആയിരക്കണക്കിന് മുസ്്‌ലിംകളെയാണ് കൊന്നൊടുക്കിയത്. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം സുല്‍ത്വാന്‍ സ്വലാഹുദ്ദീന്‍ അയ്യൂബി ജറൂസലം തിരിച്ചുപിടിച്ചപ്പോള്‍ ലോകം കാത്തിരുന്നത് ഒരു വലിയ രക്തച്ചൊരിച്ചിലാണ്. എന്നാല്‍ സ്വലാഹുദ്ദീന്‍ അയ്യൂബി ശത്രുസൈന്യത്തോട് പറഞ്ഞത്, ‘നിങ്ങള്‍ക്ക് പൂര്‍ണ സുരക്ഷയോടെ ഇവിടെ നിന്ന് മടങ്ങാം’ എന്നായിരുന്നു.

ഇത്തരം ചരിത്രങ്ങളുടെയും അധ്യാപനങ്ങളുടെയും സ്വാധീനമുള്ള ഒരു സമൂഹത്തിന്റെ പ്രതിനിധിയാണ് അബ്ദുര്‍റഹ്മാന്‍ അസ്സഈദ്. അദ്ദേഹത്തിന്റെ ഒരു പദപ്രയോഗത്തിന് ലോകത്തെ ഇത്രമേല്‍ ആകര്‍ഷിക്കാന്‍ കഴിഞ്ഞെങ്കില്‍ തിരുനബി(സ)യുടെ അധ്യാപനങ്ങളെ സ്വജീവിതത്തിലൂടെ ആവിഷ്‌കരിക്കാന്‍ വിശ്വാസികള്‍ക്ക് സാധിച്ചാല്‍ അത് എത്ര മനോഹരമായിരിക്കും.

 

Latest