Connect with us

Kerala

കായിക നിയമങ്ങളില്‍ സമഗ്രമാറ്റം ലക്ഷ്യം;'അത്‌ലറ്റ് സെന്‍ട്രിക്' സ്‌പോര്‍ട്‌സ് ബില്‍ കൊണ്ടുവരുമെന്ന് മന്ത്രി

പാരലിമ്പിക്‌സില്‍ ഉള്‍പ്പെടെ പങ്കെടുക്കുന്ന കായികതാരങ്ങളെയും ജനറല്‍ വിഭാഗത്തിനൊപ്പം തുല്യമായി പരിഗണിച്ച് സാമ്പത്തിക പാരിതോഷികങ്ങള്‍ നല്‍കും.

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്തെ കായിക മേഖലയില്‍ സമഗ്രമായ മാറ്റങ്ങള്‍ ലക്ഷ്യമിട്ട് നിലവിലുള്ള കായിക നിയമങ്ങള്‍ പൊളിച്ചെഴുതി പുതിയ ‘അത്‌ലറ്റ് സെന്‍ട്രിക്’ സ്‌പോര്‍ട്‌സ് ബില്‍ കൊണ്ടുവരുമെന്ന് കായിക മന്ത്രി ഒ ജെ ജനീഷ്. സ്‌പോര്‍ട്‌സ് കൗണ്‍സിലും സ്‌പോര്‍ട്‌സ് ഡയറക്ടറേറ്റും വെവ്വേറെ സംവിധാനങ്ങളായി പ്രവര്‍ത്തിക്കുമ്പോഴുണ്ടാകുന്ന ഏകോപന പോരായ്മകള്‍ പരിഹരിച്ച് കായിക രംഗത്തെ കൂടുതല്‍ പ്രൊഫഷണലൈസ് ചെയ്യാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മന്ത്രി വ്യക്തമാക്കി.

2019 -20 വര്‍ഷത്തില്‍ ദേശീയ-അന്തര്‍ദേശീയ മത്സരങ്ങളില്‍ മെഡല്‍ നേടിയ കായികതാരങ്ങള്‍ക്കുള്ള കേരള സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ക്യാഷ് അവാര്‍ഡ് വിതരണവും അനുമോദന ചടങ്ങും സെക്രട്ടേറിയറ്റിലെ ദര്‍ബാര്‍ ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പാരലിമ്പിക്‌സില്‍ ഉള്‍പ്പെടെ പങ്കെടുക്കുന്ന കായികതാരങ്ങളെയും ജനറല്‍ വിഭാഗത്തിനൊപ്പം തുല്യമായി പരിഗണിച്ച് സാമ്പത്തിക പാരിതോഷികങ്ങള്‍ നല്‍കും. കായികതാരങ്ങള്‍ക്കുള്ള പരിശീലന തുകയും യാത്രാ സഹായവും വര്‍ധിപ്പിക്കുന്നതിനുള്ള പുതിയ പ്രൊപ്പോസലുകള്‍ തയ്യാറാക്കിവരികയാണെന്നും കഴിഞ്ഞ ഏഴ് വര്‍ഷത്തോളമായി കൊടുക്കാന്‍ ബാക്കിവെച്ചിരുന്ന കുടിശ്ശിക പാരിതോഷികങ്ങള്‍ കൊടുത്തുതീര്‍ക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു.

പുതിയ കായിക ബില്‍ അവതരിപ്പിച്ച് പാസാക്കുന്നതിന് നവംബര്‍ 30നോ ഡിസംബര്‍ ആദ്യ വാരത്തിലോ പ്രത്യേക നിയമസഭാ സമ്മേളനം ചേരാന്‍ ആലോചിക്കുന്നതായും മന്ത്രി കൂട്ടിച്ചേര്‍ത്തു. ദേശീയ-അന്തര്‍ദേശീയ കായിക മത്സരങ്ങളില്‍ മെഡലുകള്‍ നേടിയ കായിക താരങ്ങളെ ചടങ്ങില്‍ ആദരിച്ച് മന്ത്രി ക്യാഷ് അവാര്‍ഡുകള്‍ വിതരണം ചെയ്തു. പാരാഅത്‌ലറ്റിക്‌സ് താരം മുഹമ്മദ് ബാസില്‍, പാരാബാഡ്മിന്റന്‍ താരം ആല്‍ഫിയ ജെയിംസ്, ചെസ് താരം കല്യാണി സിരിന്‍ എന്നിവര്‍ പ്രത്യേക ആദരവേറ്റുവാങ്ങി. ഗതാഗത മന്ത്രി സി പി ജോണ്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ ആര്‍ ഹരികുമാര്‍, കായിക യുവജനകാര്യ വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി എന്‍ പ്രശാന്ത്, സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി അഖില്‍ വി മേനോന്‍, അഡീ. ഡയറക്ടര്‍ ഡോ. സി എസ് പ്രദീപ്, അസിസ്റ്റന്റ് സെക്രട്ടറി ബിന്ദുമോള്‍ തോമസ്, ടെക്‌നിക്കല്‍ ഓഫീസര്‍ ഡോ. സി വി ബിജിലാല്‍ പങ്കെടുത്തു.

Content Highlights: The Sports Minister announced the introduction of a new athlete-centric sports bill. The proposed legislation aims to bring comprehensive reforms to existing sports laws. This initiative focuses on prioritizing athlete welfare and improving overall sports governance.

 

Latest