Kerala
കേരള ചരിത്ര ഗവേഷണ കൗണ്‍സില്‍ നിയമന വിവാദം; വീണ്ടും രാജി
സെര്‍ച്ച് കമ്മിറ്റി അംഗം പ്രൊഫ. സനല്‍ മോഹനും രാജി സമര്‍പ്പിച്ചു.
കോഴിക്കോട് | സെര്‍ച്ച് കമ്മിറ്റിയെ മറികടന്ന് കേരള ചരിത്ര ഗവേഷണ കൗണ്‍സില്‍ നിയമനം നടത്തിയതില്‍ പ്രതിഷേധിച്ച് വീണ്ടും രാജി. സെര്‍ച്ച് കമ്മിറ്റി അംഗം പ്രൊഫ. സനല്‍ മോഹനും രാജി സമര്‍പ്പിച്ചു. പ്രമുഖ ചരിത്രകാരിയും ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല മുന്‍ പ്രൊഫസറുമായ ജാനകി നായര്‍, മാണ്ടി ഐ ഐ ടി സ്കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സിലെ പ്രൊഫ. മനു വി ദേവദേവന്, ബിറ്റ്സ് പിലാനി സെന്ര് ഫോര്‍ സോഷ്യല്‍ സ്റ്റഡിസിലെ പ്രൊഫ. ലക്ഷ്മി സുബ്രഹ്മണ്യം എന്നിവര്‍ കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതല്‍ പേര് രാജിക്ക് തയ്യാറാകുന്നത്. സെര്‍ച്ച് കമ്മിറ്റി നിര്‍ദേശിച്ച പേരുകള്‍ പരിഗണിക്കാതെ, കമ്മിറ്റി പരിഗണനയില്‍ പോലുമില്ലാത്ത കോളജ് അധ്യാപകനെ ചെയര്‍പേഴ്സനായി നിയമിച്ച നടപടിയാണ് വിവാദമായത്. നിയമനവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെ ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ക്ക് ഉന്നത വിദ്യാഭ്യാസ മന്ത്രി മറുപടിയുമായി രംഗത്ത് വന്നിരുന്നു.
കെ സി എച്ച് ആറിന്റെ ചരിത്രപരമായ പാരമ്പര്യവും മതനിരപേക്ഷ ചരിത്രരചനയുടെ മൂല്യങ്ങളും തകര്‍ക്കുന്ന നീക്കമാണ് നിയമനത്തിലൂടെ ഉണ്ടായതെന്നാണ് ഉയരുന്ന വിമര്‍ശനം. പ്രൊഫ. കെ എന്‍ പണിക്കര്‍, പ്രൊഫ. മൈക്കിള്‍ തരകന്, പ്രൊഫ. കെ എന്‍ ഗണേഷ് തുടങ്ങിയ പ്രമുഖ ചരിത്രകാരന്മാര് നേതൃത്വം നല്കിയ സ്ഥാപനത്തിന്റെ തലപ്പത്തേക്കുള്ള നിയമനത്തില്‍ സുതാര്യതയും അക്കാദമിക യോഗ്യതയും ഉറപ്പാക്കേണ്ടതുണ്ടെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. ഉന്നതവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ നേരിട്ടുള്ള ഇടപെടലിലാണ് സെര്‍ച്ച് കമ്മിറ്റി നിര്‍ദേശങ്ങള്‍ മറികടന്ന് നിയമനം നടന്നതെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.
കേന്ദ്രത്തില്‍ അധികാരത്തിലെത്തുമ്പോള്‍ ഇന്ത്യന്‍ ചരിത്ര ഗവേഷണ കൗണ്‍സിലില്‍ (ഐസിഎച്ച്ആര്‍) ആര്‍എസ്എസ് അനുകൂല ഇടപെടലുകള്‍ ഉണ്ടായതിന്റെ മാതൃകയില്‍ കേരളത്തിലും ചരിത്ര ഗവേഷണ സ്ഥാപനത്തെ കാവിവല്‍ക്കരിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നാണ് വിമര്‍ശനം. കെസിഎച്ച്ആറിന്റെ സ്വതന്ത്രമായ അക്കാദമിക പ്രവര്‍ത്തനവും മതനിരപേക്ഷ ചരിത്രരചനയുടെ പാരമ്പര്യവും സംരക്ഷിക്കണമെന്നും വിവാദ നിയമനം അടിയന്തരമായി പുനഃപരിശോധിക്കണമെന്നുമാണ് ആവശ്യമുയരുന്നത്. ഉന്നതവിദ്യാഭ്യാസ മേഖലയിലെ നിയമനങ്ങളിലെ മാനദണ്ഡങ്ങളും സുതാര്യതയും സംബന്ധിച്ച ചര്‍ച്ചകള്‍ക്കും സംഭവം വഴിതുറന്നിട്ടുണ്ട്.
Content Highlights: Another official has resigned from the Kerala Council for Historical Research (KCHR) following escalating appointment controversies. The exit highlights ongoing governance and recruitment disputes within Kerala’s higher education sector. Further administrative actions are expected soon.


