National
മോദിയോട് ചോദ്യം ചോദിച്ചതിന് നോര്‍വീജിയന്‍ മാധ്യമപ്രവര്‍ത്തകയുടെ വിസ റദ്ദാക്കി; കേന്ദ്ര നടപടിയില്‍ അപലപിച്ച് എഡിറ്റേഴ്സ് ഗില്‍ഡ്
കഴിഞ്ഞ മെയില്‍ നോര്‍വേയില്‍ വെച്ച് 'ലോകത്തിലെ ഏറ്റവും സ്വതന്ത്രമായ മാധ്യമങ്ങളില്‍ നിന്നുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുമോ' എന്ന ലിംഗിന്റെ ചോദ്യത്തിന് പ്രധാനമന്ത്രി പ്രതികരിക്കാതെ നടന്നുപോയ സംഭവം അന്താരാഷ്ട്ര തലത്തില്‍ വലിയ വാര്‍ത്തയായിരുന്നു
ന്യൂഡല്‍ഹി | നോര്‍വീജിയന്‍ സ്വതന്ത്ര മാധ്യമപ്രവര്‍ത്തക ഹെല്ലെ ലിംഗിന് അനുവദിച്ച ഇന്ത്യന്‍ വിസ റദ്ദാക്കിയ നടപടിയില്‍ അപലപിച്ച് എഡിറ്റേഴ്സ് ഗില്‍ഡ് ഓഫ് ഇന്ത്യ. കഴിഞ്ഞ മെയ് മാസത്തില്‍ ഓസ്ലോയില്‍ നടന്ന പത്രസമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ചോദ്യം ചോദിച്ചതാണ് അവര്‍ ചെയ്ത കുറ്റമെന്ന് ചൂണ്ടിക്കാട്ടിയ എഡിറ്റേഴ്സ് ഗില്‍ഡ് വിസ റദ്ദാക്കാനുള്ള കാരണം കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു.
നവംബര്‍ 12 മുതല്‍ 14 വരെ തെലങ്കാന സര്‍ക്കാര്‍ ഹൈദരാബാദില്‍ സംഘടിപ്പിച്ച ഭാരത് സമ്മിറ്റില്‍ പങ്കെടുക്കാന്‍ ഒസ്ലോയില്‍ നിന്ന് യാത്ര തിരിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് വിസ റദ്ദാക്കിയ വിവരം ലിംഗിനെ അറിയിച്ചത്. നോര്‍വേയിലെ ഇന്ത്യന്‍ എംബസിയില്‍ നിന്ന് ഫോണ്‍ മുഖേനയാണ് വിസ റദ്ദാക്കിയ വിവരം അറിയിച്ചതെന്നും വിസ റദ്ദാക്കുന്നതിനായി എംബസിയില്‍ നേരിട്ട് ഹാജരാകാന്‍ നിര്‍ദ്ദേശിച്ചതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
യാത്രക്ക് ആവശ്യമായ അനുമതിയും വിസയും ഉണ്ടായിരുന്നിട്ടും തന്നെ രാജ്യത്ത് പ്രവേശിക്കാന്‍ അനുവദിക്കേണ്ടതില്ലെന്ന് ആഭ്യന്തര മന്ത്രാലയം തീരുമാനിക്കുകയായിരുന്നുവെന്ന് ലിംഗ് പറഞ്ഞു. കഴിഞ്ഞ മെയില്‍ നോര്‍വേയില്‍ വെച്ച് ‘ലോകത്തിലെ ഏറ്റവും സ്വതന്ത്രമായ മാധ്യമങ്ങളില്‍ നിന്നുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുമോ’ എന്ന ലിംഗിന്റെ ചോദ്യത്തിന് പ്രധാനമന്ത്രി പ്രതികരിക്കാതെ നടന്നുപോയ സംഭവം അന്താരാഷ്ട്ര തലത്തില്‍ വലിയ വാര്‍ത്തയായിരുന്നു.
ഇത്തരം നടപടികള്‍ അധികാര ദുര്‍വിനിയോഗമാണെന്നും ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന ഇന്ത്യയുടെ പ്രതിച്ഛായക്ക് കനത്ത മങ്ങലേല്‍പ്പിക്കുമെന്നും എഡിറ്റേഴ്സ് ഗില്‍ഡ് വ്യക്തമാക്കി. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 19(1)(എ) ഉറപ്പുനല്‍കുന്ന അഭിപ്രായസ്വാതന്ത്ര്യത്തിന്റെ ലംഘനമാണിതെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വിസ റദ്ദാക്കിയതിന്റെ കാരണം വെളിപ്പെടുത്തണമെന്നും നടപടി പിന്‍വലിച്ച് ലിംഗിന് അഭിപ്രായങ്ങള്‍ പങ്കുവെക്കാന്‍ അനുമതി നല്‍കണമെന്നും എഡിറ്റേഴ്സ് ഗില്‍ഡ് പ്രസിഡന്റ് സഞ്ജയ് കപൂറും ജനറല്‍ സെക്രട്ടറി രാഘവന്‍ ശ്രീനിവാസനും ആവശ്യപ്പെട്ടു.


