Kerala
മുസ്ലിം ലീഗിന് സമുദായ സ്നേഹം പ്രതിപക്ഷത്താകുമ്പോള്‍ മാത്രം വരുന്ന കപടവികാരം: കെ ടി ജലീല്‍
എല്ലാ സമുദായ സംഘടനാ നേതാക്കളും പിരിഞ്ഞു പോകണമെന്നും കഴിഞ്ഞ പത്തു വര്‍ഷമായി മുസ്ലിങ്ങള്‍ക്ക് നഷ്ടപ്പെട്ടതെല്ലാം ലീഗ് തിരിച്ചുപിടിച്ചിരിക്കുന്നുവെന്നും ജലീല്‍ പരിഹസിച്ചു.
കോഴിക്കോട് | പ്രതിപക്ഷത്താകുമ്പോള്‍ മാത്രം വരുന്ന കപടവികാരമാണ് ലീഗിന് ‘സമുദായ സ്നേഹ’മെന്ന് കെ ടി ജലീല്‍. ഭരണപക്ഷത്താകുമ്പോള്‍ അവര്‍ക്ക് എല്ലാം അനുവദനീയമാണെന്ന് ജലീല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. മുഖ്യമന്ത്രി വി ഡി സതീശന്റെ മണ്ഡലത്തിന് അടുത്തുള്ള, ലീഗ് മന്ത്രി അബ്ദുല്‍ ഗഫൂറിന്റെ വീട്ടില്‍ നിന്ന് നോക്കിയാല്‍ കാണുന്ന, ആലുവയിലെ മഹിളാലയം സ്കൂളില്‍ 15 സി ബി എസ് ഇ സ്കൂളുകള്‍ പങ്കെടുത്ത ആംഗ്യപ്പാട്ട് മത്സരത്തിലാണ് തികച്ചും വംശവിദ്വേഷം ജനിപ്പിക്കുന്ന വരികള്‍ ഒന്നുമറിയാത്ത കുട്ടികളെ കൊണ്ട് പാടിപ്പിച്ചത്. ഇതിനെതിരെ എന്തു നടപടിയാണ് വിദ്യാഭ്യാസ വകുപ്പും ആഭ്യന്തര വകുപ്പും സ്വീകരിച്ചത്? ഇതെങ്ങാനും എല്‍ ഡി എഫ് ഭരണത്തിലാണ് സംഭവിച്ചിരുന്നതെങ്കില്‍ ലീഗും, യൂത്ത് ലീഗും, എം എസ് എഫും ചേര്‍ന്ന് ഈനാട് കുട്ടിച്ചോറാക്കുമായിരുന്നില്ലേ എന്ന് കെ ടി ജലീല്‍ ചോദിച്ചു.
ലീഗ് ഭരണപക്ഷത്തായാല്‍ പി എം ശ്രീ ഹലാല്‍, കേന്ദ്ര സര്‍ക്കാരിന്റെ എംബ്ലം പതിക്കല്‍ ഹലാല്‍, വന്ദേമാതരം മുഴുവന്‍ ചൊല്ലല്‍ ഹലാല്‍, ഓണാഘോഷത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ ആര് എസ് എസുകാരനായ ഇന്ത്യന്‍ വൈസ് പ്രസിഡന്റിനെ ക്ഷണിക്കല്‍ ഹലാല്‍, മതവിദ്വേഷം പ്രചരിപ്പിക്കുന്ന യുട്യൂബ് ചാനല്‍ മുതലാളിയുടെ വീട്ടില്‍ ക്യാബിനറ്റ് ഒന്നടങ്കം പോവല് ഹലാല്‍, വംശവെറി വിളമ്പിയ പുരോഹിതന് ശിപാര്‍ശ ചെയ്തയാളെ മലപ്പുറം ജില്ലയില്‍ നിന്ന് വിജയിച്ച മന്ത്രിയുടെ സ്റ്റാഫില്‍ എടുക്കല്‍ ഹലാല്‍, ആര് എസ് എസുകാരനായ ശേഷാദ്രിനാഥനെ തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിക്കല്‍ ഹലാല്‍, സര്‍വകലാശാലകളുടെ ബോര്‍ഡ് ഓഫ് സ്റ്റഡീസില്‍ 32 സംഘി അധ്യാപകരെ നിയമിക്കല്‍ ഹലാല്‍, ലീഗിന്റെ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി ചെയര്‍മാനായ ദേശീയ അധ്യാപിക ക്ഷേമ ഫൗണ്ടേഷന്റെ ജനറല്‍ സെക്രട്ടറിയായി ആര് എസ് എസുകാരനായ ടി അനൂപിനെ നിയമിക്കല്‍ ഹലാല്‍!
എല്ലാ സമുദായ സംഘടനാ നേതാക്കളും പിരിഞ്ഞു പോകണമെന്നും കഴിഞ്ഞ പത്തു വര്‍ഷമായി മുസ്ലിങ്ങള്‍ക്ക് നഷ്ടപ്പെട്ടതെല്ലാം ലീഗ് തിരിച്ചുപിടിച്ചിരിക്കുന്നുവെന്നും കെ ടി ജലീല്‍ എഫ് ബി കുറിപ്പില്‍ പരിഹസിച്ചു.
Content Highlights: Former minister KT Jaleel criticized the Indian Union Muslim League regarding its political stance. He stated that the party’s affection for the community is merely a hypocritical emotion. According to Jaleel, this sentiment surfaces only when the League sits in the opposition.


